Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightപാരീസ് ഹോട്ട് കോച്ചർ...

പാരീസ് ഹോട്ട് കോച്ചർ വീക്കിൽ അരങ്ങേറ്റം കുറിക്കാന്‍ മനീഷ് മൽഹോത്ര

text_fields
bookmark_border
പാരീസ് ഹോട്ട് കോച്ചർ വീക്കിൽ അരങ്ങേറ്റം കുറിക്കാന്‍ മനീഷ് മൽഹോത്ര
cancel

ആഗോള ഫാഷന്‍ രംഗത്തെ ഏറ്റവും വലിയ പ്ലാറ്റ് ഫോമായ പാരീസ് ഹോട്ട് കോച്ചർ വീക്കിൽ അരങ്ങേറ്റം കുറിക്കാന്‍ ഇന്ത‍്യന്‍ ഫാഷന്‍ ഡിസൈനറും കോസ്റ്റ്യൂം സ്റ്റൈലിസ്റ്റുമായ മനീഷ് മൽഹോത്ര. ബോളിവുഡ് ഫാഷന്‍ സങ്കല്പങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രശസ്ത ഇന്ത‍്യന്‍ ഡിസൈനറായ മനീഷ് മൽഹോത്ര ജൂലൈ ആദ്യ വാരം ആരംഭിക്കുന്ന ഫാഷന്‍ വീക്കിന്‍റെ സമാപനചടങ്ങിലാണ് ഇന്ത‍്യയുടെ ഫാഷന്‍ വൈവിധ‍്യങ്ങളുമായി എത്തുന്നത്. ഫ്രഞ്ച് ഡിസൈനർമാർക്ക് പുറമെ ആഗോളതലത്തിൽ മികച്ച സ്വാധീനമുള്ള ഡിസൈനർമാരെ അതിഥികളായി ഫെഡറേഷൻ ക്ഷണിക്കാറുണ്ട്. ഇത്തവണ മനീഷ് മൽഹോത്രക്കാണ് ഈ അവസരം ലഭിച്ചിട്ടുള്ളത്.

ഇന്ത‍്യയെ പ്രതിനിധീകരിച്ച് മൂന്ന് ഡിസൈനർമാരാണ് ഇതിനോടകം പാരീസ് ഫോഷന്‍ ഹോട്ട് കോച്ചറിൽ പങ്കെടുത്തിട്ടുള്ളത്. ഈ നിരയിലേക്കാണ് അപൂർവ്വനേട്ടം കൈവരിച്ച് അദ്ദേഹം എത്തുന്നത്. ഹോട്ട് കോച്ചർ വീക്കിന്റെ ഔദ്യോഗിക കലണ്ടറിൽ ഇടംപിടിച്ചത് വലിയൊരു അംഗീകാരമാണെന്നും 'മെയ്ഡ് ഇൻ ഇന്ത്യ' എന്ന ആശയത്തെ ആഗോളതലത്തിൽ എത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.

`ക്രാഫ്റ്റ്‌സ്മാൻഷിപ്പും സർഗ്ഗാത്മകതയും ഫാഷനും കൂടിച്ചേരുന്നതിന്റെ ഏറ്റവും വലിയ ഷോയാണ് പാരീസ് ഹോട്ട് കോച്ചർ വീക്ക്. വർഷങ്ങളായി ഈ യാത്രയുടെ ഭാഗമായ കരകൗശല വിദഗ്ധർക്കും അറ്റലിയേഴ്സിനും (ateliers) വളരെ പ്രത്യേകതയുള്ള ഒന്നാണ് ഈ നിമിഷം. ഇന്ത്യൻ കരകൗശലവിദ്യയിലും കഥ പറയുന്ന ശൈലിയിലുമാണ് എന്റെ പ്രവർത്തനങ്ങൾ എപ്പോഴും വേരുറപ്പിച്ചിട്ടുള്ളത്. ആ കാഴ്ചപ്പാട് ഒരു ആഗോള കോച്ചർ സംഭാഷണത്തിൽ പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു'. ജൂലൈ ആറ് മുതൽ ഒമ്പത് വരെ നടക്കുന്ന ഫാൾ-വിന്റർ 2026/2027 ഹോട്ട് കോച്ചർ വീക്കിൽ 30 ഫാഷൻ ഹൗസുകൾ തങ്ങളുടെ ഫാൾ ശേഖരം അവതരിപ്പിക്കും. പാരീസ് ഹോട്ട് കോച്ചർ വീക്കിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ ഡിസൈനറായ രാഹുൽ മിശ്ര ഇത്തവണയും പങ്കെടുക്കുന്നുണ്ട്. പരിപാടിയുടെ ആദ്യ ദിനത്തിൽ അദ്ദേഹത്തിന്റെ സൃഷ്ടികളും പ്രദർശിപ്പിക്കും.

ഇന്ത‍്യന്‍ സിനിമയിൽ നിന്ന് പാരീസ് ഹോട്ട് കോച്ചർ വീക്കിലേക്ക്

ഇന്ത്യയിലെ ഹൈ-ഫാഷൻ വ്യവസായത്തിലെ പ്രമുഖമായ പേരുകളിൽ ഒന്നാണ് മനീഷ് മൽഹോത്ര. റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡ് ഈ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡിന്‍റെ പങ്കാളിയാണ്. ബോളിവുഡ് സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനറായാണ് അദ്ദേഹം തന്റെ യാത്ര ആരംഭിച്ചത്. 'രംഗീല, കഭീ ഖുഷി കഭീ ഗം, 'മൊഹബ്ബത്തേൻ'തുടങ്ങി ഒട്ടേറെ സിനിമകളിൽ അദ്ദേഹം കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചു. പിന്നീട് സെലിബ്രിറ്റികൾക്കിടയിലും വിവാഹ, ഫാഷൻ രംഗത്തും അദ്ദേഹം ശ്രദ്ധേയനായി. ഇന്ത‍്യക്ക് പുറമേ അന്താരാഷ്ട്ര വിപണിയിലേക്കും തന്റെ സാന്നിധ്യം വ്യാപിപ്പിച്ചു വരികയാണ് മനീഷ് മൽഹോത്ര. ബോളിവുഡിന്റെ പ്രിയപ്പെട്ട ഡിസൈനർ എന്നതിലുപരി, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു കോച്ചർ ഹൗസിന്റെ തലവൻ എന്ന നിലയിലേക്ക് മനീഷ് മൽഹോത്ര വളർന്നുവെന്നതിന്റെ തെളിവാണ് ഈ പാരീസ് അരങ്ങേറ്റം.

പാരീസ് ഹോട്ട് കോച്ചർ വീക്ക്

സാധാരണ റെഡിമെയ്ഡ് വസ്ത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും കൈകൊണ്ട് നിർമിച്ച അത്യാഢംബര വസ്ത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. മെഷീനുകൾ ഉപയോഗിക്കാതെ കൈകൊണ്ട് തുന്നി എടുക്കുന്ന വസത്രങ്ങളാണ് ഓരോ ഫാഷന്‍ ഹൗസും തെരെഞ്ഞെടുക്കുന്നത്. ഫ്രഞ്ചിൽ ഹോട്ട് എന്നാൽ ആഢംബരവും, കോച്ച് എന്നാൽ തുന്നൽ എന്നുമാണ് ഈ ആശയങ്ങളാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവമായ പാരീസ് ഹോട്ട് കോച്ചർ വീക്ക് മുന്നോട്ട് വെക്കുന്നതും. ഒരു ഡിസൈനിൽ ഒരൊറ്റ വസ്ത്രമായിരിക്കും നിർമിക്കുക. ഇതിന്‍റെ വില കോടികൾ വരെയാകാം. വരും മാസങ്ങളിൽ ഫാഷന്‍ ലോകം ഏത് ദിശയിലേക്ക് മാറണം എന്ന് തീരുമാനിക്കുന്നത് ഇത്തരം റൺ എവേ ഷോകളാണ്.

Show Full Article
TAGS:Fashion Week fashion designers Paris India 
News Summary - Manish Malhotra to debut at Paris Haute Couture Week
Next Story