ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഓണം ഫോട്ടോ ഷൂട്ട്
text_fieldsവിവിധ രാജ്യങ്ങളിലെ കലാകാരന്മാരെ അണിനിരത്തി നടത്തിയ ഫോട്ടോ ഷൂട്ട്
മനാമ: ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ബഹ്റൈൻ പ്രവാസികളുടെ വ്യത്യസ്തമായ ഓണം ഫോട്ടോ ഷൂട്ട്. ബഹ്റൈനിലെ ഫോട്ടോഗ്രാഫറായ കൊല്ലം സ്വദേശി കിരൺ വർഗീസാണ് മോഡലും നടിയുമായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ സിംല ജാസിം അടക്കം സ്വദേശികളും വിദേശികളും ഉൾപ്പെടുന്ന കലാകാരന്മാരെ അണിനിരത്തി ഫോട്ടോ ഷൂട്ട് നടത്തിയത്.
ബഹ്റൈൻ പൗരനായ മെഷാൽ, അമേരിക്കക്കാരനായ ഡെറിക്, ഫിലിപ്പിനോ യുവതി ഡൈന്നെ, മലയാളികളായ നയന, അനന്തു, ബിസ്റ്റിൻ, കൊറിയോഗ്രാഫർ അഭിരാമി എന്നിവരാണ് സിംലയോടൊപ്പം ഫോട്ടോ ഷൂട്ടിൽ അഭിനയിച്ചത്.
കിരൺ വർഗീസ്
ബഹ്റൈനിലെ ബോട്ടിക്, കോസ്മെറ്റിക്സ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ ദർശനത്തെ ഓണാഘോഷവുമായി ബന്ധപ്പെടുത്തി സാമ്പ്രദായിക കേരളീയ വേഷവിധാനങ്ങളുമായി ഒറ്റ ഫ്രെയിമിൽ കൊണ്ടുവരുകയാണ് ഫോട്ടോ ഷൂട്ടിലൂടെ ചെയ്തതെന്ന് കിരൺ വർഗീസ് പറഞ്ഞു.
എട്ടു വർഷമായി ബഹ്റൈനിലുള്ള, അറിയപ്പെടുന്ന മോഡലായ സിംല ജാസിം നാടകങ്ങളിലൂടെയാണ് കലാരംഗത്തെത്തിയത്. നിരവധി ഷോർട്ട് ഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള സിംല ലുലു ഗ്രൂപ്പിന്റെ പരസ്യചിത്രങ്ങളിലും ഉണ്ട്. മോഹൻ രാജ് സംവിധാനം ചെയ്ത ഞാൻ എന്ന നാടകത്തിലെയും അജിത് നായർ സംവിധാനം ചെയ്ത മയൂരം എന്ന ആൽബത്തിലെയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.