കുറച്ച് ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ... ഒരു സേഫ്റ്റി പിന്നിന്റെ വില 69000 രൂപ!
text_fieldsപ്രാഡ
നമ്മുടെ നാട്ടിൽ കൂടിപോയാൽ ഒരു ഡസൺ സേഫ്റ്റി പിൻ എത്ര രൂപക്ക് കിട്ടും? കൂടിപ്പോയാൽ പത്ത് രൂപ. എന്നാൽ ഒരു സേഫ്റ്റി പിന്നിന് 69000 രൂപ വില വരും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സത്യമാണ്. ഇറ്റലിയിലെ ആഡംബര ഫാഷൻ ഹൗസായ പ്രാഡയാണ് 69000 വില വരുന്ന സേഫ്റ്റി പിൻ പുറത്തിറക്കിയിരിക്കുന്നത്.
ലക്ഷങ്ങൾ വിലമതിക്കുന്ന ബാഗുകളും ഫോണുകളും ഡ്രസ്സുകളും എല്ലാം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ സേഫ്റ്റി പിന്നിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കൾ. എന്നാൽ ഇതിനുമാത്രം എന്താണ് ഇത്ര സേഫ്റ്റി പിന്നിൽ എന്നല്ലേ?
പ്രാഡ പുറത്തിറക്കിയിരിക്കുന്ന ഉത്പ്പന്നം വസ്ത്രങ്ങളിൽ അലങ്കാരമെന്ന നിലയിൽ ഉപയോഗിക്കാവുന്ന ബ്രൂച്ചാണ്. ക്രോഷെയിൽ ഒരുക്കിയ ലളിതമായ ഡിസൈനുകളോടെയാണ് പ്രാഡ ബ്രൂച്ച് എത്തുന്നത്. രണ്ടു നിറങ്ങളിലുള്ള ത്രെഡ് ഉപയോഗിച്ച് ഒരുക്കിയ പാറ്റേൺ സ്വർണ്ണ നിറത്തിലുള്ള പിന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രൗൺ, നീല, പിസ്ത ഗ്രീൻ- ബേബി പിങ്ക്, ഓറഞ്ച്- ബ്രൗൺ എന്നീ മൂന്ന് വ്യത്യസ്ത കോമ്പിനേഷനുകളിലുള്ള ബ്രൂച്ചുകൾ പുറത്തിറക്കിയത്.
പ്രാഡയുടെ ഉൽപന്നങ്ങളെല്ലാം ഉയർന്ന വിലയിൽ ആണ് വിറ്റ് പോകുന്നതെങ്കിലും ഒരു സേഫ്റ്റി പിന്നിന് ഇത്ര വലിയ വില കുറച്ച് ഓവറല്ലേ എന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മാത്രമല്ല അത്ര വില നൽകി സ്വന്തമാക്കാൻ മാത്രം ഉള്ള സവിശേഷതയൊന്നും പാർഡയുടെ ബ്രൂച്ചിന് ഇല്ല എന്നും അഭിപ്രായം ഉയരുന്നുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്.
നിരവധി രസകരമായ ട്രോളുകളും ബ്രാൻഡിന് നേരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.


