ഷെർവാണിയിൽ സംഗീതം വിരിയിച്ച് ഒരു മെഹ്ദി ഹസൻ
text_fieldsഅൻവർ മെഹ്ദി
കാലങ്ങളായി ഇന്ത്യൻ ആഢ്യത്വത്തിന്റെ പ്രതീകമായി നിലനിൽക്കുന്ന ഷെർവാണിയിൽ ‘സംഗീതം’ വിരിയിക്കുന്ന ഒരു മെഹ്ദി ഹസൻ ഉണ്ട്, ഇവിടെ അലീഗഢിൽ. മുൻ പ്രസിഡന്റുമാർക്കു മുതൽ നവാബുമാർക്കു വരെ ഷെർവാണി തയ്ച്ചു നൽകുന്ന അലീഗഢിലെ മെഹ്ദി ഹസൻ ടൈലേഴ്സാണിത്.
അലീഗഢിലെ തസ്വീർ മഹലിൽ പ്രവർത്തിക്കുന്ന ഈ തയ്യൽ കട, രാജ്യത്തിന്റെ മുഖങ്ങളായ അനേകം പ്രമുഖർക്ക് വിശേഷ വസ്ത്രം തയ്ച്ചു നൽകിയിട്ടുണ്ട്. അതിന്നും തുടരുന്നു. മെഹ്ദി ഹസൻ ടൈലർ എന്ന അലീഗഢുകാരനാണ് 1947ൽ സ്ഥാപനം ആരംഭിച്ചത്. ഇദ്ദേഹം 1995 ൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ മകൻ അൻവർ മെഹ്ദിയാണ് ഇപ്പോഴത്തെ ഉടമ.
മുൻ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുൽ കലാം, രാംനാഥ് കോവിന്ദ്, പ്രണബ് മുഖർജി എന്നിവരിൽ തുടങ്ങി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഒട്ടേറെ മുഖ്യമന്ത്രിമാർ, സുപ്രീംകോടതി ജഡ്ജിമാർ വരെ മെഹ്ദി ഹസന്റെ കസ്റ്റമേഴ്സായിരുന്നു.
ബോളിവുഡ് പ്രമുഖരായ സെയ്ഫ് അലിഖാൻ, ജാവേദ് അഖ്തർ, രാജ് ബബ്ബാർ, മജ്റൂഹ് സുൽത്താൻ പുരി തുടങ്ങിയവരും ഇവിടെ നിന്നുള്ള ഷെർവാണി അണിഞ്ഞിട്ടുണ്ട്. മെഹ്ദി ഹസനിൽ നിന്നുള്ള 175 ഷെർവാണികളിലൂടെയാണ് മുൻ രാഷ്ട്രപതി സക്കീർ ഹുസൈൻ തന്റെ രാഷ്ട്രീയ ജീവിതം കൊണ്ടുപോയത്.