ഫാഷൻ ലോകത്തെ സാധ്യതകൾ പങ്കുവെച്ച് സ്റ്റഫി സേവിയർ
text_fields‘ഫാഷൻ ഫ്യൂഷ‘നിൽ പ്രമുഖ കോസ്റ്റ്യൂം ഡിസൈനറും സംവിധായികയുമായ സ്റ്റഫി സേവ്യയർ സംവദിക്കുന്നു. അവതാരിക ഹിറ്റ് എഫ്.എം ആർ.ജെ ഡോണ സെബാസ്റ്റ്യനും വേദിയിൽ
ഷാർജ: മാറുന്ന കാലത്ത് സ്ത്രീകൾക്കുൾപ്പെടെ ഏറ്റവും സാധ്യതയുള്ള ഒരു മേഖലയാണ് ഫാഷൻ എന്ന് പ്രമുഖ കോസ്റ്റ്യൂം ഡിസൈനറും സംവിധായികയുമായ സ്റ്റഫി സേവിയർ. ഷാർജ എക്സ്പോ സെന്‍ററിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വിജ്ഞാന മേളയായ കമോൺ കേരളയിൽ ‘ഫാഷൻ ഫ്യൂഷൻ’ എന്ന പരിപാടിയിൽ സംവദിക്കുകയായിരുന്നു അവർ.
ഫാഷൻ എന്നത് ഇന്ന് വെറും വസ്ത്രധാരണത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. പലവിധ മേഖലകളിൽ വ്യാപരിച്ചു കിടക്കുന്നതാണ്. ഫാഷൻ രംഗത്ത് തൊഴിൽ സാധ്യതകളും വർധിച്ചിട്ടുണ്ട്. സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും കടന്നുചെല്ലാവുന്നതും ആത്മവിശ്വാസത്തോടെ ജോലി ചെയ്യാവുന്നതുമായ മേഖലയാണിത്. സിനിമ വ്യവസായ മേഖലയിൽ ഫാഷൻ ഡിസൈനർക്കും കോസ്റ്റ്യൂം ഡിസൈനർക്കും വലിയ സാധ്യതയുണ്ട്. ഫാഷനോട് പാഷനുള്ളവർക്ക് അതിൽ വിജയിക്കാനാവും.
സിനിമ ലോകത്തേക്കുള്ള വരവ് തികച്ചം അപ്രതീക്ഷിതമായിരുന്നു. ഫാഷനോടുള്ള ഇഷ്ടം എന്നും മനസിലുണ്ടായിരുന്നു. പണ്ടത്തെ പോലെയല്ല ഇന്ന്. ഫഷനെ കുറിച്ച് പഠിക്കാനുള്ള അവസരങ്ങൾ ഏറെയാണ്. പുതു തലമുറയിലുള്ള അനേകം പേർ ഇന്ന് ഫാഷൻ പ്രഫഷനായി തെരഞ്ഞെടുക്കുന്നുണ്ടെന്നും സ്റ്റഫി സേവിയർ പറഞ്ഞു.
ശ്രോതാക്കൾക്ക് ഫാഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും അവർ മറുപടി നൽകി. ഹിറ്റ് എഫ്.എം ആർ.ജെ ആർ.ജെ ഡോണ സെബാസ്റ്റ്യനായിരുന്നു അവതാരക. ഫാഷൻ ലോകത്ത് എത്തിപ്പെട്ട സാഹചര്യവും അതിലെ വെല്ലുവിളികളും വേദിയിൽ സ്റ്റഫി സേവിയർ പങ്കുവെച്ചു. സ്ത്രീകൾക്കൊപ്പം അനേകം പുരുഷൻമാരും ശ്രോതാക്കളായി പരിപാടിയിൽ സംബന്ധിച്ചിരുന്നു.