സുഗന്ധങ്ങളുടെ അംബാസിഡർ
text_fieldsമുഹമ്മദ് സഫീർ
നല്ല അത്തറിന്റെ മണമുള്ളൊരു കഥയാണ് സഫീറിന്റേത്. കുഞ്ഞുനാൾ മുതലേ സുഗന്ധദ്രവ്യങ്ങളോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു. ഗൾഫിൽനിന്നുവരുന്ന ഉപ്പയുടെ പെട്ടിക്കുള്ളിലെ അത്തറുകളെ കൗതുകത്തോടെ നോക്കിയിരുന്ന, വല്ല്യുമ്മയുടെ നിസ്ക്കാരക്കുപ്പായത്തിൽ പൂശിയ അത്തറിന്റെ മണവുമൊക്കെ നൊസ്റ്റാൾജിയയായിരുന്നു...
ഓർമകൾക്കെന്തു സുഗന്ധമെന്ന് കവികൾ പാടിയത് വെറുതെയൊന്നുമല്ല. ഓർമകൾക്ക് വല്ലാത്ത സുഗന്ധമാണ്, അങ്ങനെ ഓർമയിലുള്ള സുഗന്ധങ്ങൾ തേടിനടന്ന് ഒടുവിലവ കുപ്പിയിലാക്കിയൊരാളുണ്ട് യു.എ.ഇയിൽ. പലതരം ഗന്ധങ്ങൾ കൂട്ടിയും, കുറച്ചും, ആർക്കും ഇഷ്ടപ്പെടുന്ന സുഗന്ധമാക്കി മാറ്റുന്ന മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് സഫീർ.
നല്ല അത്തറിന്റെ മണമുള്ളൊരു കഥയാണ് സഫീറിന്റേത്. കുഞ്ഞുനാൾ മുതലേ സുഗന്ധദ്രവ്യങ്ങളോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു. അത്തറുകളും വെള്ളി മോതിരവുമായി വീട്ടിലെത്തിയിരുന്ന ആളുടെ കൈകളിൽനിന്ന് ഓരോ അത്തറിന്റെ മണവും ആസ്വദിച്ചിരുന്ന, ഗൾഫിൽ നിന്നുവരുന്ന ഉപ്പയുടെ പെട്ടിക്കുള്ളിലെ അത്തറുകളെ കൗതുകത്തോടെ നോക്കിയിരുന്ന, വല്ല്യുമ്മയുടെ നിസ്ക്കാരക്കുപ്പായത്തിൽ പൂശിയ അത്തറിന്റെ മണവുമൊക്കെ നൊസ്റ്റാൾജിയയായിരുന്ന ആ കുഞ്ഞു പയ്യൻ, മണക്കാനിമ്പമുള്ള സുന്ധങ്ങൾക്കരികെ കൗതുകത്തോടെ നിന്നിരുന്ന ഒരു കുഞ്ഞിൽനിന്ന് പലതരം ഗന്ധങ്ങൾ കൂട്ടിചേർത്ത് ആർക്കും ഇഷ്ടപ്പെടുന്ന പെർഫ്യൂമുകളുണ്ടാക്കുന്നയാളായ കഥ.
പഠിക്കുന്ന സമയത്ത്, പാർട് ടൈം ആയി ഒരു പെർഫ്യൂം കടയിൽ ജോലി ചെയ്താണ് തുടക്കം. ഓരോ മണത്തിലും ചേർന്നിട്ടുള്ള സുഗന്ധങ്ങൾ വേർത്തിരിച്ചറിയാനും അവിടെ നിന്നാണ് പഠിച്ചത്. ഓരോരുത്തരുടെ ഇഷ്ടമനുസരിച്ചുള്ള സുഗന്ധങ്ങളെ കുറിച്ചും, ഓരോ സുഗന്ധങ്ങൾ ആളുകൾക്ക് നൽകുന്ന സന്തോഷത്തെ കുറിച്ചുമൊക്കെ അവിടെ നിന്നാണ് സഫീർ മനസ്സിലാക്കി തുടങ്ങിയത്. അങ്ങനെ ഉള്ളിലതൊരു മോഹമായി വളർന്നു തുടങ്ങി. ആളുകൾക്കിഷ്ടപ്പെടുന്ന അത്തറുകളുണ്ടാക്കണം.
സുഗന്ധദ്രവ്യ നിർമാണത്തെ കുറിച്ചും അതിന്റെ സയൻസും കൂടുതലറിയണമെന്ന ആഗ്രഹം സഫീറിനെ കൊണ്ടെത്തിച്ചത് പെർഫ്യൂമുകളെ കുറിച്ച് പഠിക്കുന്നൊരു സ്ഥാപനത്തിലായിരുന്നു. ഇവിടെ നിന്ന് സുഗന്ധങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കി. സുഗന്ധ ദ്രവ്യങ്ങൾ യഥാക്രം മിക്സ് ചെയ്യേണ്ടതെങ്ങനെയെന്നും പഠിച്ചു. ഓരോ ഗന്ധവും ഒന്നുകൂടെ ആഴത്തിൽ മണത്താൽ അതിൽ തന്നെ അനേകം ഗന്ധങ്ങളൊളിഞ്ഞിരിപ്പുണ്ടത്രെ. ചിന്തകളെയും, സർഗ്ഗാത്മക കഴിവുകളെയും പരിപോഷിപ്പിക്കാൻ ഇത്തരം സുഗന്ധങ്ങൾക്കാവുമെന്നും സഫീർ പറയുന്നു. ഇത്തിരി ക്ഷമകൂടി വേണ്ടുന്ന ജോലിയാണ് പെർഫ്യൂം മേക്കിങ്ങെന്ന് സഫീർ പറയുന്നു. സഫീറെന്ന വാക്കിനർഥം വരുന്ന അംബാസഡറെന്ന പേരു തന്നെയാണ് പെർഫ്യൂമുകൾക്കിട്ടത്. അംബസഡർ എന്ന സഫീറിന്റെ പെർഫ്യൂമുകൾ വിപണിയിലും സുഗന്ധം പരത്തിത്തുടങ്ങി. സഫീർ നിർമിക്കുന്ന അത്തറുകൾക്ക് യു.എ.ഇയിലും പുറത്തുമായി ആരാധകരേറെയാണ്.
ഷാർജ സഫാരി മാളിലെ സഫീറിന്റെ പെർഫ്യൂം ഷോപ്പ് അത്തറ് പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. സഫീർ നിർമിക്കുന്ന ഓരോ സുഗന്ധങ്ങൾക്കും നൽകിയിരിക്കുന്ന പേരിനും ഇത്തിരി സൗരഭ്യമുണ്ട്. നല്ലൊരു മഴക്കാലത്തിന്റെ ഓർമകളിലേക്ക് കൈപിടിച്ചു കൊണ്ട് പോകുന്ന മൺസൂൺ, ലെറ്റർ ഫ്രം ചിറാപുഞ്ചി, മണാലി അഫയർ, വെസ്റ്റേർൺ ഘട്ട്സ്, മൈസൂർ സിംഫണി ലക്ഷ്യം തേടിപ്പോകുന്ന സാൻഡിയാഗോയുടെ കഥ പറയുന്ന ആൽക്കമിസ്റ്റു പോലൊരു ആൽക്കമി. തുടങ്ങി മനോഹരമായ പല ഓർമകളുടെയും ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നവയാണ് ഓരോന്നും. മിസ്റ്റി മൂൺ ലൈറ്റ് അല്ലെങ്കിൽ നിലാമഴയെന്ന സഫീർ നിർമിച്ച പെർഫ്യൂമിന് പഴയ തറവാട് വീടിന്റെ കോലായിലിരുന്നാൽ തൊടിയിലെ ഗന്ധരാജ ചെടിയിൽ തട്ടിവരുന്ന ഗന്ധമാണെന്നാണ് ആളുകൾ പറയുന്നത്. ആ പേരിനു തന്നെയുണ്ട് ഒത്തിരി സൗരഭ്യം. മുല്ലാ റിപ്പബ്ലിക് എന്ന മുല്ല പൂവിന്റെ വശ്യമായ സുഗന്ധം പരത്തുന്ന പെർഫ്യൂമും ആളുകൾക്കേറെ പ്രിയപ്പെട്ടതാണ്.
സുഗന്ധമെന്ന തന്റെ പാഷനെ തേടിയിറങ്ങിയ സഫീർ ഒരത്തറു നിർമാതാവ് മാത്രമല്ല, ഖരക് പൂർ ഐ.ഐ.ടിയിൽനിന്ന് എം.ടെക് പൂർത്തിയാക്കിയ എൻജീനിയർ കൂടിയാണ്. നാട്ടിൽ ടാറ്റാ സ്റ്റീലിലും, ഖത്തറിലുമൊക്കെ ജോലി ചെയ്തിട്ടുമുണ്ട്. 2015 ലാണ് അബൂദബിയിലെ ഒരു കമ്പനിയിൽ ജോലിക്കെത്തിയത്. ശേഷം ദുബൈ ജബൽ അലിയിലെ കമ്പനിയിൽ അഞ്ചു വർഷം പ്രവർത്തിച്ചു. പക്ഷെ അപ്പോഴെല്ലാം പാഷനായ സുഗന്ധങ്ങാളായിരുന്നു സഫീറിന്റെ മനസ്സ് മൊത്തം. പൊന്നാനി സ്വദേശി ഇബ്രാഹീംകുട്ടിയുടെയും ഷരീഫയുടെയും മകനാണ് സഫീർ. ഭാര്യ ശദീദയും രണ്ടും മക്കളുമായി യു.എ.ഇയിൽ തന്നെയാണ് താമസം. ശദീദ ഖലീഫ യൂണിവേഴ്സിറ്റിയിൽ വികസനവുമായി ബന്ധപ്പെട്ട് പിഎച്ച്ഡി ചെയ്യുകയാണ്.
സൗരഭ്യമുള്ള സ്വപ്നങ്ങളെ പിൻതുടരുന്ന പാഷൻ തന്നെ ബിസിനസ്സാക്കി മനസ്സ് ശാന്ത സുന്തരമാക്കിയിരിക്കുകയാണ് സഫീർ. താനുണ്ടാക്കിയ പെർഫ്യൂമുകൾ ആളുകൾക്ക് ഇഷ്ടപ്പെടുന്നു എന്നറിയുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് സഫീർ പറയുന്നു. ഒരിക്കലിവ ഉപയോഗിച്ചവർ നൊസ്റ്റു അഡിച്ച് സഫീറിനരികെ വീണ്ടുമെത്തും. മറന്നുപോയ പല ഓർമകളിലേക്കും കൈപിടിച്ചു കൊണ്ട് പോകുന്ന പുതിയ സുഗന്ധം തേടി.