വൈകുന്നേരം ആറ് മണിക്ക് ശേഷം തൊപ്പികൾ പാടില്ല, ട്രൗസർ ധരിക്കുന്നതിനും വിലക്ക്
text_fieldsലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ രാജവാഴ്ചകളിൽ ഒന്നായതിനാൽ ബ്രിട്ടീഷ് രാജകുടുംബത്തിന് ഒരു ആമുഖത്തിന്‍റെ ആവശ്യമില്ല. പാരമ്പര്യങ്ങൾ നിലനിർത്തുകയും ചട്ടങ്ങൾ പാലിക്കുകയും ചെയ്യുന്ന രാജകുടുംബത്തിന്‍റെ ചില ആചാരങ്ങൾ വിചിത്രമാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ വസ്ത്രധാരണ രീതിയും മറ്റും ഒരു സ്റ്റൈല്‍ ഗൈഡ് ഉപയോഗിച്ചാണ് ഇപ്പോഴും പിന്തുടരുന്നത്. വളരെ വിചിത്രവും അസാധാരണവുമായ ആ നിയമങ്ങളെക്കുറിച്ച് അറിയാം…
വൈകുന്നേരം ആറ് മണിക്ക് ശേഷം തൊപ്പികൾ പാടില്ല
രാജകീയ മര്യാദകളുടെ ഒരു പഴയ നിയമമാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ സ്ത്രീകൾ പകൽ നടക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളിലും തൊപ്പികൾ ധരിക്കണമെന്ന് നിഷ്കർഷിക്കുന്നത്. ഈ പാരമ്പര്യം 1950കളിൽ ആരംഭിച്ചതാണ്. സ്ത്രീകൾ പൊതുസ്ഥലത്ത് പോകുമ്പോൾ തൊപ്പികൾ ഉപയോഗിക്കാതിരുന്ന കാലത്താണ് രാജ്ഞി ഈ ആചാരം നിലനിർത്തണമെന്ന് നിർബന്ധിച്ചത്. പ്രത്യേകിച്ച് പേരിടൽ ചടങ്ങുകൾ, വിവാഹം തുടങ്ങിയ ഔപചാരിക അവസരങ്ങളിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ സ്ത്രീകൾ നിർബന്ധമായും തൊപ്പി ധരിക്കണം. എന്നാൽ രാജകീയ ചട്ടങ്ങളനുസരിച്ച് വൈകുന്നേരം ആറ് മണിക്ക് ശേഷം തൊപ്പികൾ മാറ്റണം. വൈകിട്ടുളള ചടങ്ങുകള്‍ക്കെല്ലാം മിന്നുന്ന ടിയാരകളാണ് (രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം) ധരിക്കേണ്ടത്.
വിവാഹിതരായ സ്ത്രീകൾക്ക് മാത്രം രാജകീയ ടിയാരകൾ
കുടുംബത്തിൽ വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ രാജകീയ ടിയാര ധരിക്കാൻ അർഹതയുള്ളൂ. ഈ കിരീടങ്ങള്‍ അവരുടെ ബന്ധത്തിന്റെ പ്രതീകമായി വര്‍ത്തിക്കുന്നു. വിവാഹത്തിന് വധു ധരിക്കുന്ന പാരമ്പര്യ ടിയാര വരന്റെ കുടുംബമാണ് വധുവിന് നല്‍കുന്നത്. അത് ഒരു കുടുംബത്തില്‍നിന്ന് അവള്‍ മറ്റൊരു കുടുംബത്തിലേക്ക് മാറി എന്നതിന്റെ ഓര്‍മപ്പെടുത്തലാണ്.
ട്രൗസർ ധരിക്കുന്നതിനും വിലക്ക്
രാജകീയ പാരമ്പര്യം അനുസരിച്ച് യുവ രാജകുമാരന്മാർ ചെറുപ്പത്തില്‍ ട്രൗസർ ധരിക്കാന്‍ പാടില്ല. സ്മാർട്ട് ഷോർട്ട്സ് ധരിച്ച് മാത്രമേ പൊതുസ്ഥലങ്ങളിൽ കാണപ്പെടുന്നുള്ളൂ. ബ്രിട്ടീഷ് പ്രഭുക്കന്മാരുടെ നിയമമനുസരിച്ച് പരമ്പരാഗതമായി ട്രൗസറുകൾ മുതിർന്ന ആൺകുട്ടികൾക്കും പുരുഷന്മാർക്കും മാത്രമായി മാറ്റിവെച്ചിരിക്കുന്ന ഒന്നാണ്. ഈ ആചാരം പതിനാറാം നൂറ്റാണ്ടിലേതാണ്.
പാന്റിഹോസ് നിർബന്ധം
പാന്റിഹോസ് നിർബന്ധമായും ധരിക്കണമെന്ന് പറയുന്ന ഒരു ലിഖിത നിയമവും നിലവിലില്ല. പക്ഷേ രാജ്ഞിയുടെ അലിഖിത നിയമത്തിൽ പെട്ടതാണ് ഇതും. എല്ലാ പൊതു പരിപാടികളിലും സ്ത്രീകള്‍ കറുത്ത ടൈറ്റ്‌സുകള്‍ ധരിക്കണം. പക്ഷേ തന്റെ വിവാഹ നിശ്ചയത്തിനുളള ഫോട്ടോ എടുക്കലിനിടെ മേഗന്‍ മാര്‍ക്കിള്‍ ഈ സ്‌റ്റോക്കിങ്സുകള്‍ ഒഴിവാക്കിയിരുന്നു.
വെയിറ്റ്-ഡൗണ്‍ ഹെംലൈനുകള്‍ വേണം
വസ്ത്രങ്ങൾ കാറ്റില്‍ പറക്കുന്നത് തടയാന്‍ രാജകീയ പ്രോട്ടോകോള്‍ അനുസരിച്ച് വെയിറ്റഡ് ഹെംലൈനുകള്‍ നിര്‍ബന്ധമാണ്. ഒരു വസ്ത്രത്തിന്റെ അരികിൽ ഭാരം കൂട്ടുന്ന രീതിയെയാണിത്. വസ്ത്രങ്ങൾ കാറ്റിൽ പൊങ്ങുന്നത് തടയാനും ഒതുങ്ങിയിരിക്കാനും ഇത് സഹായിക്കുന്നു. പൊതു പരിപാടികള്‍ക്കിടയില്‍ പങ്കെടുക്കുമ്പോൾ എലിസബത്ത് രാജ്ഞി തന്റെ വസ്ത്രത്തില്‍ കര്‍ട്ടന്‍ വെയ്റ്റുകള്‍ തുന്നിചേര്‍ത്തത് ഏറെ ശ്രദ്ധേയമായിരുന്നു.