ചുണ്ടിന് സൗന്ദര്യം കൂട്ടാൻ ചികിത്സ, തടിച്ചുവീർത്തു, ലിപ് ഫില്ലർ പണി തന്നുവെന്ന് ഉർഫി ജാവേദ്
text_fieldsഫാഷന്‍ ലോകത്തെ താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍മീഡിയയിൽ ഉര്‍ഫിയുടെ പോസ്റ്റുകളെല്ലാം വൈറലാണ്. ബിഗ്‌ബോസ് ഒ.ടി.ടി ഒന്നാം സീസണ്‍ മത്സരാര്‍ഥിയുമായിരുന്നു ഉര്‍ഫി. ചുണ്ടുകള്‍ക്ക് വലുപ്പം വര്‍ധിപ്പിക്കാനുള്ള ലിപ് ഫില്ലര്‍ നടത്തി പണികിട്ടിയിരിക്കുകയാണെന്ന് താരം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
ചുളിവുകളും മറ്റും കുറച്ച് സൗന്ദര്യം കൂട്ടുന്ന നൂതന ചികിത്സാരീതിയാണ് ലിപ് ഫില്ലിങ്. ചികിത്സ നടത്തിയതിലെ പിഴവുമൂലം ചുണ്ടുകള്‍ വീര്‍ത്ത്, വികൃതമായ അവസ്ഥയിലുള്ള വിഡിയോ ഉര്‍ഫി പങ്കുവച്ചു. ലിപ് ഫില്ലറുകൾ ഉപയോഗിച്ചത് ശരിയായ സ്ഥാനത്തായിരുന്നില്ലെന്നും ശരിയാക്കാനായി ഡിസോൾവ് ചെയ്ത് കളയാൻ തീരുമാനിച്ചതായും വിഡിയോ പങ്കുവച്ച് ഉർഫി പറഞ്ഞു.
ഫില്ലറുകൾ ഡിസോൾവ് ചെയ്ത് കളയുന്നതിനായി ഡോക്ടറെ സമീപിച്ചതിന്റെ ദൃശ്യങ്ങളാണ് ഉർഫി പങ്കുവെച്ചത്. ഫില്ലർ അലിയിക്കുന്നതിനായി ഡോക്ടർ ചുണ്ടുകളിൽ കുത്തിവെക്കുന്നതിന്‍റെയും നീരുവെച്ച് ചുവന്ന ചുണ്ടുകളുടെയും കവിളിന്റേയും ദൃശ്യങ്ങളും ഇന്‍സ്റ്റഗ്രാം പേജില്‍ ചെയ്ത പോസ്റ്റിലുണ്ട്. പണി അറിയാവുന്ന ഡോക്ടര്‍മാരെക്കൊണ്ടു മാത്രമേ ഈ ചികിത്സ നടത്താവൂയെന്ന് മുന്നറിയിപ്പും ഉർഫി തരുന്നുണ്ട്.
ഇത്തരമൊരു വിഡിയോ പങ്കുവെക്കാന്‍ ഉര്‍ഫി കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഹാല്യുറോണിക് പോലുള്ള വസ്തുക്കൾ ചുണ്ടിലേക്ക് ഇന്‍ജക്ട് ചെയ്യുന്നതാണ് ചികിത്സ. ലോക്കല്‍ അനസ്തീഷ്യ നല്‍കിയ ശേഷമാണ് ചികിത്സ നടത്തുന്നത്.