‘ഒന്നു വാങ്ങണമെങ്കിൽ ഒന്നു കൊടുക്കണം’; ഭൂമിയെ സ്നേഹിക്കുന്ന ഒരു ജെൻ സീ പെൺകുട്ടിയുടെ ഷോപ്പിങ് മുദ്രാവാക്യം
text_fieldsകാതറിൻ ഷൂൺ
സുസ്ഥിര ഫാഷൻ അഥവാ പരിസ്ഥിതിയെ പരിഗണിക്കുന്ന ഫാഷൻ അഭിമാനത്തോടെ അണിയുന്ന ഒട്ടേറെ യുവജനങ്ങളുണ്ട് ഇന്ന്. ബ്രിട്ടീഷ് യുവ ജേണലിസ്റ്റ് കാതറിൻ ഷൂൺ അത്തരമൊരാളാണ്. ഒരു പുതിയ വസ്ത്രം അണിയണമെന്നുണ്ടെങ്കിൽ നമ്മുടെ കൈവശമുള്ള എന്തെങ്കിലുമൊന്ന് മറ്റൊരാളുടെ ഉപയോഗത്തിന് വിട്ടുനൽകണം എന്ന കാതറിന്റെ നിലപാട് കൗതുകകരവും ഒപ്പം മൂല്യമുള്ളതുമാണ്.
കൗമാരകാലത്തേ കാതറിന്റെ വാർഡോബിൽ പിതാവിന്റെ പഴയ ടീ ഷർട്ടുകളായിരുന്നു പ്രധാനം. ജോലി നേടി ലണ്ടനിലെത്തി, കാശൊക്കെ കിട്ടിത്തുടങ്ങിയപ്പോൾ പലപ്പോഴും മഹാനഗരത്തിന്റെ ഫാഷൻ പ്രലോഭനങ്ങളിൽ താൻ പെട്ടുപോയെന്നും അവർ പറയുന്നു. ‘‘എങ്കിലും ചാരിറ്റി ഫാഷൻ തന്നെയായിരുന്നു ഞാൻ പിന്തുടർന്നിരുന്നത്. അതായത്, പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ നിന്ന് തുടർച്ചയായി വസ്ത്രങ്ങൾ വാങ്ങിവന്നു. സെക്കൻഡ് ഹാൻഡ് ആയതിനാൽ, ചേരുന്നതും ചേരാത്തതുമായ കോമ്പിനേഷനുകൾ കൊണ്ട് അലമാര നിറഞ്ഞു. എന്നിട്ടും നിർത്തിയില്ല.
സുസ്ഥിര ഫാഷൻ ആണല്ലോ എന്നതായിരുന്നു ഇതിന് എന്റെ ന്യായം’’ -കാതറിൻ വിവരിക്കുന്നു. ഇതിനിടയിൽ ഒരു യാത്രയിൽ കണ്ടുമുട്ടിയ ഒരു വനിതയുടെ വസ്ത്ര സങ്കൽപം തന്നെ മാറ്റിമറിച്ചതായും അവർ പറയുന്നു. ‘‘ഒരു വർഷമായി യാത്രയിലായിരുന്ന അവളുടെ, ഒന്നോ രണ്ടോ വസ്ത്രങ്ങൾ മാത്രമുള്ള ബാക്പാക്ക് എന്റെ കണ്ണുതുറപ്പിച്ചു. ഇതുകൊണ്ടെങ്ങനെ എന്ന എന്റെ ചോദ്യത്തിന് അവൾ പറഞ്ഞത്, ‘ഞാൻ വൺ ഇൻ വൺ ഔട്ട് പോളിസി’യാണ് സ്വീകരിക്കുന്നത് എന്നായിരുന്നു. പിന്നീട് ഞാനും ഈ വഴിയിലായി’’ -കാതറിൻ തുടരുന്നു.
പുതിയതൊന്ന് ധരിക്കണമെന്ന് തോന്നിയാൽ, തന്റെ കൈയിലുള്ള വസ്ത്രമോ എന്തുമായിക്കൊള്ളട്ടെ, ഇത്തരമൊരു പ്ലാറ്റ്ഫോമിൽ വിൽപനക്കു വെക്കും. വിൽപന നടന്നാൽ ആ കാശുകൊണ്ട് അതിൽ തന്നെ ഇതു പോലെ വിൽപനക്കുവെച്ചതിൽ ഒന്ന് എടുക്കും. നാം ലിസ്റ്റ് ചെയ്ത ഉൽപന്നം ഒരു മാസത്തിനകം വിറ്റുപോയില്ലെങ്കിൽ പിന്നീട് നമ്മുടേതല്ലാതായി മാറും. പിന്നെ എപ്പോഴെങ്കിലും വിൽപന നടന്നാൽ ആ തുക ചാരിറ്റിയിലേക്കാണ് പോവുക. നാം വാങ്ങിയശേഷവും അക്കൗണ്ടിൽ തുക ബാക്കിയുണ്ടെങ്കിൽ നമ്മുടെ പേരിൽ ക്രെഡിറ്റ് ആയി കിടക്കും. അതുപയോഗിച്ച് വീണ്ടും ഷോപ് ചെയ്യാം- ഇതാണ് വൺ ഇൻ വൺ ഔട്ട് ഷോപ്പിങ് രീതിയെന്നും അവർ കൂട്ടിച്ചേർക്കുന്നു.
‘‘സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ ഔട്ട്ഫിറ്റുകൾ പിന്തുടർന്നാൽ നാം നമ്മുടെ വ്യക്തിത്വം തന്നെ മറന്നുപോകും. ഒരേ വസ്ത്രം തന്നെ ആവർത്തിച്ച് ധരിക്കുന്നതിലൂടെ നാം വലിയ നിലപാടാണ് പ്രഖ്യാപിക്കുന്നത്. നാം ആരാണെന്നും നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെയാണ് തീരുമാനിക്കുകയെന്നുമുള്ള പ്രഖ്യാപനം. ഒപ്പം അമിത ഉപഭോഗത്തിൽ തീർന്നുകൊണ്ടിരിക്കുന്ന ഭൂമിയോടുള്ള ഐക്യദാർഢ്യവും’’ -കാതറിൻ വ്യക്തമാക്കുന്നു.


