വെറും 10 മിനിറ്റ്; ഗ്രീൻ പീസ് മുട്ട തയാറാക്കാം
text_fieldsതട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോകുന്നവർക്ക് ഇഷ്ടമുള്ള വിഭവമാണ് മുട്ട ചേർത്ത ഗ്രീൻ പീസ്. തട്ടുകട സ്റ്റൈലിൽ ഗ്രീൻ പീസ് മുട്ട നമുക്ക് വീട്ടിൽ തയാറാക്കാൻ സാധിക്കും. ചപ്പാത്തിയുടെ കൂടെ ഗ്രീൻ പീസ് മുട്ട കഴിക്കാൻ ബെസ്റ്റാണ്.
ചേരുവകൾ:
- ഗ്രീൻപീസ് കഴുകി വെള്ളത്തിൽ കുതിർത്തത് : 1/2 കപ്പ്
- മുട്ട : 2 എണ്ണം
- സവാള : 1 ചെറുത്
- പച്ചമുളക് : 2 എണ്ണം
- തക്കാളി അരിഞ്ഞത് : 1 ടേബിൾ സ്പൂൺ
- ഗരം മസാല : 1/2 ടീസ്പൂൺ
- കുരുമുളക് പൊടി : 1/2 ടീസ്പൂൺ (എരുവിന് അനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ചെയ്യാം)
- മഞ്ഞൾ പൊടി : 1 നുള്ള്
- ഉപ്പ്, വെളിച്ചെണ്ണ, മല്ലിയില : ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഗ്രീൻ പീസ് മഞ്ഞൾ പൊടിയും 1/4 ടീസ്പൂൺ ഗരംമസാലയും അൽപം ഉപ്പും ചേർത്ത് വേവിക്കുക (വെന്തു കുഴയരുത്). ഒരു പാനിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള, പച്ചമുളക് എന്നിവ വഴറ്റുക. സവാള ഒന്ന് സോഫ്റ്റ് ആകുമ്പോൾ തക്കാളി ചേർക്കുക. തക്കാളി വെന്തു ഉടയേണ്ട ആവശ്യമില്ല, ഒന്ന് സോഫ്റ്റ് ആയാൽ മതി.
ഇനി ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ചിക്കി എടുക്കുക. മുട്ട മുക്കാൽ ഭാഗം വെന്താൽ മതി, മുഴുവൻ ആയി ഡ്രൈ ആവേണ്ട. ഇതിലേക്ക് വേവിച്ച ഗ്രീൻ പീസ് ചേർത്ത് നന്നായി യോജിപ്പിക്കുക. (തയാറാക്കാൻ വേണ്ട സമയം: 10 മിനിറ്റ്)
തയാറാക്കിയത്: ഷൈമ വി.എം.