സ്വർണത്തിൽ കണ്ണ് മഞ്ഞളിക്കാതെ ഹരിതകർമ സേന; കളഞ്ഞുകിട്ടിയ സ്വർണമോതിരം ഉടമക്ക് തിരിച്ചുനൽകി
text_fieldsകുണ്ടൂർ ആലമിറ്റം ഹരിത സേനക്ക് കളഞ്ഞുകിട്ടിയ സ്വർണമോതിരം ഉടമ ആനി ജോസഫിനെ തിരിച്ച്
ഏൽപ്പിക്കുന്നു
മാള: കളഞ്ഞുകിട്ടിയ സ്വർണത്തിൽ കണ്ണ് മഞ്ഞളിക്കാതെ വനിതകൾ മാതൃകയായി. കുഴൂർ പഞ്ചായത്ത് കുണ്ടൂരിലാണ് സംഭവം. മാലിന്യ കൂമ്പാരത്തിൽനിന്നും കളഞ്ഞു കിട്ടിയ സ്വർണമോതിരം ഉടമക്ക് തിരിച്ചുനൽകിയാണ് ഹരിതകർമ്മ സേന മാതൃകയായത്.
കുണ്ടൂർ വാർഡ് 10 ആലമിറ്റത്തെ ഹരിതകർമ സേനക്കാണ് ചപ്പ് ചവറുകൾക്കിടയിൽനിന്നും മോതിരം ലഭിച്ചത്. ഇവർ പഞ്ചായത്ത് അംഗം സണ്ണി കൂട്ടാലയെ വിവരമറിയിച്ചു.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുണ്ടൂർ ഏഴുമല ആനി ജോസഫിന്റേതാണ് മോതിരം എന്ന് കണ്ടെത്തിയത്. ഹരിതകർമ സേനാംഗങ്ങളെയും കൂട്ടി പഞ്ചായത്ത് അംഗം ഉടമയുടെ വസതിയിൽ എത്തി മോതിരം തിരിച്ചേൽപ്പിച്ചു.
ധനാഴ്ച രാവിലെ മാലിന്യ ശേഖരണം നടത്തി ഉച്ചക്ക് ശേഷം അത് തരംതിരിക്കുന്ന സന്ദർഭത്തിലാണ് ഒരു കൊച്ചുബാഗ് കിട്ടുന്നത്. ഈ ബാഗ് തുറന്നു നോക്കിയപ്പോഴാണ് അതിനുള്ളിൽ അഞ്ച് ഗ്രാം തൂക്കമുള്ള സ്വർണമോതിരം കണ്ടെത്തിയത്. ഹരിതകർമസേനയെ പഞ്ചായത്ത് പ്രസിഡൻറ് സാജൻ കൊടിയൻ അഭിനന്ദിച്ചു.