ഹൈദരലി മാസ്റ്റർ: മുസ്‌ലിം ലീഗ് ചരിത്രത്തോടൊപ്പം നടന്ന നേതാവ്
text_fieldsഹൈദരലി
എടപ്പാൾ: മുസ്‌ലിം ലീഗിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നേതാവായിരുന്നു ഹൈദരലി മാസ്റ്റർ. തിരൂർ പുഴ മുതൽ ചേറ്റുവ പുഴ വരെ നീണ്ടു കിടന്നിരുന്ന അന്നത്തെ പാലക്കാട് ജില്ലയിൽ ഉൾപ്പെട്ട പഴയ പൊന്നാനി താലൂക്കിൽ മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവായിരുന്നു ഇന്നലെ അന്തരിച്ച ഹൈദരലി മാസ്റ്റർ. വിദ്യാർഥി കാലം മുതൽ എം.എസ്.എഫിലൂടെ ലീഗ് രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം മുസ്‌ലിം ലീഗിന്റെ മഹാരഥന്മാരായ എല്ലാ നേതാക്കളുമായും അടുത്ത് ബന്ധമുണ്ടായിരുന്നു.
സി.എച്ച് മുഹമ്മദ് കോയയുമായും ഇ.അഹമ്മദുമായും അദ്ദേഹത്തിനുണ്ടായിരുന്നത് ഇഴ പിരിക്കാൻ കഴിയാത്തത്ര ആത്മ ബന്ധമായിരുന്നു. കേരളപ്പിറവിക്ക് ശേഷം ആലപ്പുഴയിൽ നടന്ന പ്രഥമ കേരള സംസ്ഥാന മുസ്‌ലിം ലീഗ് സമ്മേളനത്തിൽ ഇ. അഹമ്മദ് ജനറൽ സെക്രട്ടറിയായി രൂപവത്കരിച്ച എം.എസ്.എഫിന്റെ ആദ്യ സംസ്ഥാന കമ്മിറ്റിയിൽ അദ്ദേഹം ജോയിന്റ് സെക്രട്ടറിയായിരുന്നു.
മുസ്‌ലിം ലീഗിന്റെ അധ്യാപക സംഘടനയായ കെ.എസ്.ടി.യു രൂപവത്കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. പാർട്ടി ക്ലാസുകളിലെയും സമ്മേളനങ്ങളിലെയും ആ കാലത്തെ സ്ഥിരം പ്രഭാഷകനായിരുന്നു. മുസ്‌ലിം ലീഗിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു സർവവിഞ്ജാന കോശമായിരുന്നു അദ്ദേഹം.


