ഗൃഹപ്രവേശന സ്വപ്നം ബാക്കിയാക്കി ജയകുമാർ യാത്രയായി
text_fieldsകാഞ്ഞിരപ്പള്ളി: ഗൃഹപ്രവേശന സ്വപ്നം ബാക്കിയാക്കി ജയകുമാർ യാത്രയായി. കേരള കോൺഗ്രസിനെ നെഞ്ചിലേറ്റി നടന്ന വിഴിക്കത്തോട് ജയകുമാർ ആണ് തനിക്കായി പാർട്ടി നിർമിച്ചു നൽകുന്ന ഭവനത്തിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനാവാതെ വിടവാങ്ങിയത്.
നവംബർ രണ്ടിനാണ് ഗൃഹപ്രവേശം നിശ്ചയിച്ചിരുന്നത്. നാലു പതിറ്റാണ്ട് നീണ്ട മുഴുസമയ പാർട്ടി പ്രവർത്തനത്തിനിടയിൽ കിടപ്പാടമെന്ന വലിയ കാര്യം യാഥാർഥ്യമാക്കാൻ ജയകുമാറിന് സാധിച്ചിരുന്നില്ല. പാർട്ടി നിർമിച്ചു നൽകുന്ന വീടിന്റെ പണി തീരാൻ ആഴ്ചകൾ ബാക്കി നിൽക്കെ ജയകുമാർ യാത്രയാവുന്നത്.
കെ.എസ്.സിയിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന ജയകുമാർ പാർട്ടി ചെയർമാൻ ജോസ് കെ മാണി യൂത്ത് ഫ്രണ്ട് പ്രസിഡന്റ് ആയിരിക്കെ യൂത്ത് ഫ്രണ്ട് സർഗവേദി കൺവീനർ ആയിരുന്നു. പൊതുപ്രവർത്തന രംഗത്തെ മികവുപോലെ ശബ്ദഗാംഭീര്യം കൊണ്ടും ജയകുമാർ ശ്രദ്ധേയനായിരുന്നു. അനൗൺസ്മെന്റ് രംഗത്തെ മുൻ നിരക്കാരൻ ആയിരുന്നു അദ്ദേഹം. കേരള കോൺഗ്രസിന്റെ സംസ്ഥാനതല പരിപാടികളിലൂടനീളം അനൗൺസറായിരുന്നു.
കെ.എം മാണിയുടെ 1988ലെയും രണ്ടായിരത്തിലെയും കേരള യാത്രകൾ നാടറിയിച്ച പൈലറ്റ് വാഹനത്തിൽ ജയകുമാർ നിറസാന്നിധ്യമായിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ കെ.എസ്.സി പ്രസിഡന്റായിരുന്നപ്പോൾ സംഘടിപ്പിച്ച രണ്ടു വിമോചന ജാഥകൾ, ജോസ് കെ മാണി യൂത്ത് ഫ്രണ്ട് പ്രസിഡന്റ് ആയിരിട്ടെ നടത്തിയ കേരളയാത്ര തുടങ്ങിയവയുടെ മുഴുനീള അനൗൺസ്മെൻറ് ജയകുമാറിനായിരുന്നു.
നാവ് എന്ന പേരിൽ സംസ്ഥാനത്ത് ശബ്ദ കലാകാരന്മാർ ഉണ്ടാക്കിയ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. സ്വന്തമായി കിടപ്പാടം ഇല്ല എന്ന സങ്കടം മറ്റുള്ളവരെ അറിയിക്കാതിരിക്കാൻ ജയകുമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
തിരുവനന്തപുരത്തുള്ള പഴയകാല സഹപ്രവർത്തകൻ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം എ.എച്ച് ഹഫീസ് കാണാൻ എത്തിയപ്പോഴാണ് വീടില്ല എന്ന് അറിയുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സാജൻ തൊടുക ചെയർമാനും മുതിർന്ന നേതാവ് ഷാജി പാമ്പൂരി കൺവീനറുമായ കമ്മിറ്റി നേതൃത്വത്തിൽ ഭവനനിർമാണം ആരംഭിച്ചു. വ്യാഴാഴ്ച കാഞ്ഞിരപ്പള്ളിയിൽ പാർട്ടി മണ്ഡലം യോഗത്തിൽ പങ്കെടുക്കാൻ ഇറങ്ങിയെങ്കിലും നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ അവധി അപേക്ഷ നൽകുകയായിരുന്നു. പക്ഷേ ആശുപത്രിയിൽ പോയില്ല. വീട്ടിൽ തന്നെ കഴിഞ്ഞു. പുലർച്ചയോടെ മരിച്ചു.
മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ശനിയാഴ്ച 11ന് വീടിന്റെ പണി നടക്കുന്ന വളപ്പിൽ തന്നെ സംസ്കാരകർമം നടത്താനാണ് പാർട്ടി തീരുമാനം. ജയകുമാറിന്റെ നിര്യാണത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി, മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, മുൻ എം.പി തോമസ് ചാഴികാടൻ തുടങ്ങിയവർ അനുശോചിച്ചു.