ആയിരങ്ങൾക്ക് അന്ത്യവിശ്രമമൊരുക്കിയ കാസിമിന് തല ചായ്ക്കാൻ ഇടമില്ല
text_fieldsമുഹമ്മദ് കാസിം
കാഞ്ഞിരപ്പള്ളി: പണ്ഡിതനെന്നോ പാമരനെന്നോ ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസം ഇല്ലാതെ ആയിരക്കണക്കിന് മനുഷ്യർക്ക് അന്ത്യവിശ്രമം ഒരുക്കിയ 78 കാരൻ മുഹമ്മദ് കാസിമിന്‍റെ ജീവിതം ദുരിതക്കയത്തിൽ. 60 വർഷത്തിലധികമായി കാഞ്ഞിരപ്പള്ളി നൈനാർ സെൻട്രൽ ജുമാ മസ്ജിദിനു കീഴിൽ വരുന്ന 14 പള്ളികളുടെ പരിധിയിൽ വിശ്വാസികൾ മരിച്ചാൽ അന്ത്യവിശ്രമത്തിനു ഖബർ കുഴിക്കുന്നത് മുഹമ്മദ് കാസിം ആണ്. ഏതാണ്ട് 3600ലേറെ ഖബർ കുഴിച്ചിട്ടുണ്ടെന്നാണ് കാസിമിന്റെ ഏകദേശം കണക്ക്. പതിനെട്ടാം വയസിൽ പിതാവ് ഇച്ചിരി അണ്ണൻ എന്ന് വിളിക്കുന്ന സൈദ് മുഹമ്മദിനെ സഹായിച്ചു തുടങ്ങിയതാണ്. പിന്നീടങ്ങോട്ട് പിതാവിന്റെ പാത പിന്തുടർന്ന് ഖബറൊരുക്കം ജീവിതസപര്യയായി കാസിം തെരഞ്ഞെടുക്കുകയായിരുന്നു.
ചതിയിൽപ്പെട്ട് 12 വർഷത്തോളം പൂജപ്പുര സെൻറർ ജയിലിൽ കഴിയേണ്ട അവസ്ഥയും ഇതിനിടെയുണ്ടായി. 1976 ൽ കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ടാണ് തടവറയിലായത്. കേസിനായി ഉണ്ടായിരുന്ന സ്ഥലവും നഷ്ടമായി. ഒപ്പം ഭാര്യയും. പിന്നീട് തടവ് കാലം കഴിഞ്ഞ് അദ്ദേഹം രണ്ടാമതും വിവാഹം കഴിക്കുകയായിരുന്നു. ആ ബന്ധത്തിൽ ഒരു മകളും ഉണ്ട്. മകൾ സൂഫിയ വിവാഹം കഴിഞ്ഞ് വേറെയാണ് താമസിക്കുന്നത്.
കാഞ്ഞിരപ്പള്ളി കെ.എം.എ ഹാളിന് അടുത്ത് ഇസ്ലാമിക് സെന്‍ററിനു സമീപം ബന്ധുവിന്റെ വീട്ടിലാണ് നിലവിൽ കാസിമും ഭാര്യ സുഹറയും താമസിക്കുന്നത്. ഇവിടെനിന്ന് ഏതു നിമിഷവും ഇറങ്ങികൊടുക്കേണ്ട അവസ്ഥയാണ്. ആയിരങ്ങൾക്ക് അന്ത്യവിശ്രമം ഒരുക്കിയപ്പോഴും പ്രായാധിക്യത്തിലും തലചായ്ക്കാൻ ഒരു കൂര ഇല്ലാത്തതിന്‍റെ സങ്കടത്തിലാണു കാസിം.
ഈ ദുരിതത്തിനിടയിലും പുലർച്ചെ ഉണരുന്ന കാസിം ഇസ്ലാമിക് സെന്‍റർ മുതൽ കെ.എം.എ. ഹാൾ വരെയുള്ള റോഡ് ദിനവും തൂത്തു വൃത്തിയാക്കിയിടും. നിരവധി വിദ്യാർഥികൾ സഞ്ചരിക്കുന്ന വഴിയിൽ കുഞ്ഞുങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവൃത്തി.
ആദ്യ കാലത്ത് ഒരു ഖബർ വെട്ടിയാൽ 300 രൂപയായിരുന്ന കൂലി ഇപ്പോൾ 1500 രൂപ വരെ കിട്ടാറുണ്ട്. തനിക്ക് ഇതൊരു ജീവിതമാർഗം മാത്രമല്ല, നിയോഗം ആണെന്നാണ് കാസിം പറയുന്നത്. മറ്റു ചിലവുകൾക്കായി ഭാര്യക്കും തനിക്കും കിട്ടുന്ന ക്ഷേമ പെൻഷനാണ് ആശ്വാസം.
ആദ്യ കാലത്ത് ഒറ്റക്കാണ് ഖബർ കുഴിച്ചിരുന്നതെങ്കിൽ പ്രായം ഏറിയതോടെ സഹായികളെ കൂട്ടി തുടങ്ങി. കൂട്ടിക്കൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ഉമ്മയ്ക്കും രണ്ടു മക്കൾക്കും ഒരു പോലെ ഖബർ ഒരുക്കിയത് കാസിമിന് ഇന്നും നീറുന്ന ഓർമ്മയാണ്. ഓരോ ഖബർ കുഴിക്കുമ്പോഴും മനുഷ്യന്‍റെ നിസ്സാരതയെക്കുറിച്ച് ഏറെ ചിന്തിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.


