പഴയ ഓർമകളും ചിരിയും മായാതെ അന്നമ്മയും മറിയാമ്മയും
text_fieldsവോട്ട് ചെയ്തിറങ്ങിയ മറിയാമ്മയും അന്നമ്മയും സൗഹൃദം പങ്കിടുന്നു
മലപ്പുറം: ‘പണ്ടൊക്കെ എന്തോരം നേരം വേണമായിരുന്നു, ഇപ്പൊ ഒക്കെ പെട്ടന്നാണ്’ പെരിന്തൽമണ്ണ പരിയാപുരം ഫാത്തിമ യു.പി സ്കൂളിന്റെ വരാന്തയിലിരുന്ന് അന്നമ്മയും മറിയാമ്മയും പറഞ്ഞുതുടങ്ങി. പ്രായം 80 കഴിഞ്ഞ രണ്ട് പേർക്കും പറയാനും പങ്കുവെക്കാനും അരനൂറ്റാണ്ടിലധികം കാലത്തെ തെരഞ്ഞെടുപ്പ് ഓർമകളുണ്ട്.
18 വയസ്സ് തികഞ്ഞത് മുതലെ വോട്ട് ചെയ്യാറുണ്ട്. ബാലറ്റ് പേപ്പറും വോട്ട് പെട്ടിയും അപരിചിതമായിട്ട് കാലമേറയായിട്ടില്ല. ‘മത, രാഷ്ട്രീയ ചിന്തകൾക്കപ്പുറത്ത് നാടിനെയറിയുന്നവർക്കാണ് എന്നും വോട്ട് ചെയ്തിട്ടുള്ളത്.
പുതിയ കാലത്ത് എല്ലാം പെട്ടന്നാണ്. പണ്ട് വോട്ട് ചെയ്യാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നിരുന്നു. ഫലമറിയാനും വൈകുന്നേരമാവണം. എന്നാൽ ഇപ്പോൾ ഒരു ബട്ടണമർത്തിയാൽ വോട്ടായി’. പഴയ കാല ഓർമകളും ചർച്ചക്കെത്തി.
ചർച്ച ചൂട് പിടിച്ചപ്പോഴേക്കും പോകാനുള്ള ഓട്ടോയെത്തി. അതിൽ കയറിയ അന്നമ്മയും മറിയാമ്മയും കൈവീശി കാണിച്ചു. ക്രമം തെറ്റിയ പല്ല് കാട്ടി ചിരിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ മധുരമൂറുന്ന പുഞ്ചിരി. ആ ചിരി ഒരിക്കലും മായാതിരിക്കട്ടെ.


