ഉപ്പിൽ ഉണർന്ന് മഹാത്മാ! അമൽ ഇംഗ്ലീഷ് സ്കൂളിന് ലോക റെക്കോഡ്
text_fieldsടാലന്റ് റെക്കോഡ് ബുക്കിന്റെ വേൾഡ് റെക്കോഡ് കരസ്ഥമാക്കിയ മഹാത്മാ ഗാന്ധിയുടെ ഛായാചിത്രം
പുന്നയൂർക്കുളം: 10,000 കിലോഗ്രാം ഉപ്പുകൊണ്ട് മഹാത്മാ ഗാന്ധിയുടെ ഛായാചിത്രം നിർമിച്ച് ചമ്മണൂർ അമൽ ഇംഗ്ലീഷ് സ്കൂൾ ടാലന്റ് റെക്കോഡ് ബുക്കിന്റെ വേൾഡ് റെക്കോഡ് കരസ്ഥമാക്കി. ചിത്രകല അധ്യാപകൻ പ്രജിത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 1524 പേർ ചേർന്ന് ആറു മണിക്കൂർകൊണ്ടാണ് 12,052 ചതുരശ്ര അടി വിസ്തീർണത്തിൽ ഭീമാകാര ചിത്രം പൂർത്തിയാക്കിയത്.
എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ അധ്യക്ഷത വഹിച്ചു. ടാലന്റ് റെക്കോഡ് ബുക്ക് അജൂഡിക്കേറ്ററും ഓൾ ഗിന്നസ് വേൾഡ് റെക്കോഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ ഫലപ്രഖ്യാപനം നടത്തി.
റെക്കോഡ് സർട്ടിഫിക്കറ്റ് സ്കൂൾ മാനേജ്മെന്റ് ചെയർമാൻ അലി പഷ്ണത്തയിൽ, പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ എന്നിവർക്ക് കൈമാറി. വടക്കേകാട് സർക്കിൾ ഇൻസ്പെക്ടർ രമേശൻ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ചാവക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ യു. ശ്രീജി, വാർഡ് മെംബർ ദേവകി ശ്രീധരൻ, പി.ടി.എ പ്രസിഡന്റ് ഷഹീർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥി പ്രതിനിധി ദിയ മറിയം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ നാലകത്ത് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ലിഷ അനിൽ നന്ദിയും പറഞ്ഞു.