Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightപത്തിൽ തോറ്റു, സ്വയം...

പത്തിൽ തോറ്റു, സ്വയം പഠിച്ചു... ഇതാ വാരാമ്പറ്റയിലെ സൂപ്പർസ്റ്റാർ മമ്മൂട്ടി

text_fields
bookmark_border
പത്തിൽ തോറ്റു, സ്വയം പഠിച്ചു... ഇതാ വാരാമ്പറ്റയിലെ   സൂപ്പർസ്റ്റാർ മമ്മൂട്ടി
cancel
camera_alt

ടി.​കെ മ​മ്മൂ​ട്ടി

വെള്ളമുണ്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ തോറ്റു. അതിനെന്താ...? വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാരാമ്പറ്റയിലെ മമ്മൂട്ടി എന്ന കോൺഗ്രസ് പൊതുപ്രവർത്തകൻ പിന്നെ സ്വന്തമായി പഠിച്ചു. അങ്ങിനെ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ഇപ്പോൾ അദ്ദേഹം ജുഡീഷ്യൽ അധികാരമുള്ള വയനാട് ജില്ല ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം. ശരിക്കും ടി.കെ. മമ്മൂട്ടി എന്ന ഈ പൊതുപ്രവർത്തകന്റെ ജീവിതം മാതൃകയാണ്. സ്വന്തം കുട്ടികളുടെ പഠനത്തോടൊപ്പമാണ് അദ്ദേഹം സ്വയം പഠിച്ച് വിദ്യാഭ്യാസയോഗ്യതകളെ കൂടെകൂട്ടിയത്.

18 വയസ്സിനു താഴെയുള്ള കുട്ടികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന സംവിധാനമാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് അഥവാ ജെ.ജെ.ബി. 1985ലാണ് ടി.കെ. മമ്മൂട്ടി വെള്ളമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി എഴുതുന്നത്. പരീക്ഷയിൽ തോറ്റു. തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും കാൻസർ രോഗിയായിരുന്ന പിതാവ് മൊയ്തുവിന്റെ ചികിത്സയിൽ വീട്ടിലെ സാമ്പത്തികം താളംതെറ്റി പഠനം ഉപേക്ഷിക്കേണ്ടിവന്നു. കടുത്ത ദാരിദ്ര്യത്തിനിടയിലും വിദ്യയോടുള്ള അടങ്ങാത്ത ആഗ്രഹം.

അങ്ങിനെയാണ് 1987ൽ പടിഞ്ഞാറത്തറയിലെ പാരലൽ കോളജിൽ ചേർന്ന് പഠിച്ച് എസ്.എസ്.എൽ.സി ജയിച്ചത്. എന്നാൽ തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. 1990 കാലഘട്ടത്തിൽ കേരളത്തിൽ നടന്ന സാക്ഷരത പ്രസ്ഥാനത്തിന്റെ മൊതക്കരയിലെ പ്രവർത്തനത്തിന് നേതൃത്വംകൊടുത്ത് പൊതുപ്രവർത്തന രംഗത്തിറങ്ങി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ വാർഡ് അംഗമായി വിജയിച്ച് സ്ഥിരംസമിതി ചെയർമാനായി. ആ കാലത്ത് പ്ലസ് വൺ തുല്യത പരിപാടിയിൽ പ്രസംഗിക്കാൻ പോയപ്പോൾ പഠിതാവായിരുന്ന ഒരാളാണ് മമ്മൂട്ടിയെ പ്ലസ് വൺ പഠനത്തിന് നിർബന്ധിച്ചത്.

പ്രായമായ ശേഷം നാട്ടിൽ പഠനത്തിന് ഇരിക്കാൻ പ്രയാസം തോന്നിയ മമ്മൂട്ടി മാനന്തവാടിയിലാണ് തുല്യതപഠനത്തിന് ചേർന്നത്. അവിടെനിന്നും പ്ലസ്‌ടു ജയിച്ച ശേഷം അവിടത്തെ ഉദ്യോഗസ്ഥനാണ് ഡിഗ്രി പഠനത്തിലേക്ക് വഴി തുറന്നത്. ഡിഗ്രിക്ക് ചേർന്ന മമ്മൂട്ടി കഷ്ടപ്പെട്ട് പഠിച്ച് കാലിക്കറ്റ് സർവകലാശാലയിൽനിന്ന് സോഷ്യോളജിയിൽ ബിരുദം കരസ്ഥമാക്കി. 55 ശതമാനം മാർക്കോടെയാണ് 2023ൽ ഡിഗ്രി സ്വന്തമാക്കിയത്. 2024ൽ ശ്രീനാരായണഗുരു ഓപൺ യൂണിവേഴ്സിറ്റിയിൽനിന്ന് പി.ജി പഠനവും പൂർത്തിയാക്കി. പി.ജിക്ക് പഠിക്കുന്ന സമയത്ത് ഡിഗ്രി വിദ്യാർഥികൾക്ക് ക്ലാസെടുക്കാൻ പോയിരുന്നു. ഇത് കൂടുതൽ അറിവുനേടാൻ സഹായിച്ചുവെന്ന് ടി.കെ. മമ്മൂട്ടി പറയുന്നു. തുടർന്ന് ഗുജറാത്ത് ലോ കോളജിൽ എൽ.എൽ.ബിക്ക് ചേർന്നു. ഓൺലൈനായി പഠനം നടത്തി. എന്നാൽ പേപ്പറുകളിൽ ചിലത് എഴുതിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇത് പൂർത്തിയാക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. പി.ജി പഠനത്തിനിടയിലാണ് പൊതുപ്രവർത്തന രംഗത്തെ അനുഭവംവച്ച് കുട്ടികളുടെ കേസുകൾ കൂടുതലായി ശ്രദ്ധിച്ചത്. ജെ.ജെ.ബിയിൽ ചേരാനുള്ള ആഗ്രഹമുണ്ടായത് അങ്ങനെയാണ്.

കഴിഞ്ഞ ഇടത് ഭരണകാലത്താണ് ജെ.ജെ.ബി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ നൽകി കൂടിക്കാഴ്ചയിൽ മൂന്നാമത് റാങ്ക് നേടുകയും ചെയ്തു. തുടർന്നാണ് ജുവൈനൽ ജസ്റ്റിസ് ബോർഡിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. ബിരുദവും പി.ജിയും സാമൂഹ്യപ്രവർത്തനത്തിലെ പരിചയവുമാണ് ഇതിന് വേണ്ട യോഗ്യത. ജില്ലയിൽ മൂന്ന് പേരാണ് ജെ. ജെ.ബി ജുഡീഷ്യൽ സംവിധാനത്തിൽ ഉള്ളത്. കണിയാമ്പറ്റയിലെ ചിൽഡ്രൻസ് ഹോമിലാണ് കോടതി പ്രവർത്തിക്കുന്നത്. ഒരു പ്രിൻസിപ്പൽ ജഡ്ജിയും രണ്ട് സാമൂഹ്യപ്രവർത്തകരുമാണ് ഇതിലെ അംഗങ്ങൾ.

തന്റെ പഠനത്തിന് ഒപ്പം ഭാര്യ സക്കീനയെ പഠിപ്പിച്ച് എട്ടേനാലിലെ സർവിസ് സഹകരണ ബാങ്കിൽ ജോലി നേടി കൊടുക്കാനും മമ്മൂട്ടിക്ക് കഴിഞ്ഞു. മൂത്ത മകൾ ആദില തസ്നീം സിവിൽ സർവിസിന് പഠിക്കുന്നു. രണ്ടാമത്തെ മകൾ ദിൽന തസ്‌നീം കോട്ടക്കൽ ആയുർവേദ കോളജിൽ ബി.എ.എം.എസിന് പഠിക്കുന്നു. ഇളയ മകൻ അലി മിഫ്‌സൽ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്.

Show Full Article
TAGS:10th class studies weekly Superstar 
News Summary - 10th Failed, Self-Taught: Superstar Mammootty's Journey
Next Story