ജവാൻ നാസറിന്റെ വീരമൃത്യുവിന് കാൽനൂറ്റാണ്ട്
text_fieldsജവാൻ അബ്ദുൽ നാസറിന്റെ ഛായാചിത്രത്തിനരികെ മാതാവ് ഫാത്തിമ സുഹറ
കാളികാവ്: കാർഗിൽ യുദ്ധത്തിലെ വീരജവാൻ അബ്ദുൽ നാസറിന്റെ വിയോഗത്തിന് കാൽ നൂറ്റാണ്ട്. 1999 ജൂലൈ 24 നാണ് കാളികാവിലെ പൂതന്‍കോട്ടില്‍ മുഹമ്മദ്-ഫാത്തിമ സുഹ്‌റ ദമ്പതികളുടെ മകന്‍ അബ്ദുല്‍ നാസര്‍ കശ്മീരിൽ മഞ്ഞുമലകളില്‍ പാക്കിസ്താന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 22 വയസ്സുകാരനായിരുന്ന ജവാന്‍ നാസറിന്റെ വീരമൃത്യു ഇന്നും നാടിന് മറക്കാനാവാത്ത സ്മരണയാണ്. കാൽനൂറ്റാണ്ട് മുമ്പത്തെ ആ ജൂലൈ ഇന്നും ഫാത്തിമ സുഹറയുടെ ഉള്ള് പൊള്ളിക്കുകയാണ്. നാടിനായി ജീവനര്‍പ്പിച്ച മകന്റെ അണയാത്ത ഓര്‍മകളാണ് ഈ ഉമ്മാക്ക് ഇന്നും കൂട്ട്.
സൈന്യത്തില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ് അവധിക്ക് നാട്ടില്‍വന്ന് മടങ്ങുമ്പോള്‍ അടുത്ത വരവിന് വിവാഹം നടത്താമെന്ന് ഉമ്മക്ക് ഉറപ്പ് നല്‍കിപ്പോയതായിരുന്നു നാസര്‍. മാസങ്ങള്‍ക്കുശേഷം ചേതനയറ്റ ശരീരമാണ് കാളികാവ് ചെങ്കോട്ടിലെ പൂതന്‍കോട്ടില്‍ വീട്ടില്‍ വന്നുചേരുന്നത്.
പർവതങ്ങളും മലമടക്കുകളും പതിവായി കയറിയിറങ്ങിയിരുന്ന നാസറിന് സാഹസികതയായിരുന്നു കൂട്ട്. സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹം വീട്ടുകാരോടും ഇടക്ക് പങ്കുവെച്ചു. ഉമ്മ ഫാത്തിമ സുഹറയുടെ പാതി സമ്മതത്തോടെ നാസര്‍ ഒടുവില്‍ കരസേനയില്‍ ചേരുകയായിരുന്നു. ഒരു അവധിക്കാലം കഴിഞ്ഞ് സൈനിക ക്യാമ്പില്‍ തിരിച്ചെത്തിയപ്പോൾ പാക് സൈന്യത്തെ നേരിടാൻ കാര്‍ഗിലിലെ ദ്രാസ് ക്യാമ്പിലേക്ക് നീങ്ങി.
പോരാട്ടത്തിനിടെ പാക് സേനയുടെ ഷെല്ലുകള്‍ തലയില്‍ തറച്ച് യുദ്ധമുന്നണിയില്‍ തന്നെ നാസര്‍ വീരമൃത്യൂ വരിച്ചു. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് നാടും വീടും കണ്ണീരിൽ മുങ്ങിയ ദുഃഖവാർത്ത നാട്ടിലറിഞ്ഞത്. നാടിന്റെ മുഴുവന്‍ സ്‌നേഹവായ്പുകളും ഏറ്റുവാങ്ങി കാളികാവ് ജുമാമസ്ജിദില്‍ ഖബര്‍ സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന മകന്റെ ഓര്‍മകള്‍ ഉള്ള് പൊള്ളിക്കാറുണ്ടെങ്കിലും അലംഘനീയമായ വിധിയില്‍ എല്ലാം അര്‍പ്പിച്ചുള്ള പ്രാർഥനയാണ് സുഹറക്ക് സമാശ്വാസമാവുന്നത്.
വീരമൃത്യു വരിക്കുമ്പോള്‍ മകന്‍ ധരിച്ച സൈനിക വേഷങ്ങളും മറ്റു സാമഗ്രികളുമെല്ലാം വീട്ടിലെ ചില്ലലമാരയില്‍ അമൂല്യനിധിപോലെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് സുഹറ.