33 വർഷത്തെ പ്രവാസം; മൊയ്ദീൻ കുട്ടി നാട്ടിലേക്ക്
text_fieldsമൊയ്ദീൻ കുട്ടി പത്ര വിതരണത്തിനിടയിൽ
അജ്മാന്: നീണ്ട മുപ്പത്തിമൂന്ന് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി കല്ലിങ്ങൽ മൊയ്ദീൻ കുട്ടി നാട്ടിലേക്ക് മടങ്ങുന്നു. കോട്ടക്കൽ പുലിക്കോട് സ്വദേശി ആയ ഇദ്ദേഹം ന്യൂസ് പേപ്പർ ബോയ് ആയാണ് പ്രവാസ ജീവിതത്തിലെ 31 വർഷവും ജോലി ചെയ്തത്. പുലർച്ചെ രാവിലെ 4 മണിക്ക് തുടങ്ങി വൈകുന്നേരം 3മണി വരെ മഴയെന്നോ വെയിലെന്നോ വേര്‍തിരിവില്ലാതെ നീണ്ടുനില്‍ക്കുന്ന ജോലി.
1992ലാണ് മൊയ്ദീൻ കുട്ടി ഒമാനിൽ പ്രവാസ ജീവിതം തുടങ്ങിയത്. പകല്‍ സമയങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിയും വൈകുന്നേരങ്ങളില്‍ പത്ര വിതരണവുമായിരുന്നു. പിന്നീട് 1994ല്‍ യു.എ.ഇയിലെത്തി. അജ്മാനിൽ റോഡുകളിൽ സൈക്കിളിൽ കമീഷൻ വ്യവസ്ഥയിൽ അറബി പത്രങ്ങളും മലയാള പത്രങ്ങളും വില്‍ക്കുമായിരുന്നു. പിന്നീട് അബൂദബി കേന്ദ്രമായ മീഡിയ കമ്പനിയിൽ മാസ ശമ്പളത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു. ബൈക്കില്‍ കി.മീറ്ററുകളോളം വണ്ടിയോടിച്ചായിരുന്നു കഴിഞ്ഞ 20 വർഷം ഈ ജോലി തുടർന്നത്.
നടുവേദനയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് മൂലം ജോലി തുടരാൻ സാധിക്കാത്തതിനാലാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നത്. അജ്മാനിലെ ഫിഷ് മാർക്കറ്റിലും മൊബൈൽ ഷോപ്പികളിലുമടക്കം നിരവധി സ്ഥാപനങ്ങളിലെ നല്ല സൗഹൃദങ്ങള്‍ ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട് ഇദ്ദേഹം. വീട്ടിലെ എല്ലാ കാര്യങ്ങളും തരക്കേടില്ലാതെ നടത്താൻ കഴിഞ്ഞതാണ് നീണ്ട കാലത്തെ പ്രവാസം കൊണ്ടുള്ള ഏക ആശ്വാസം. തന്റെ രണ്ട് പെങ്ങന്മാരെയും കല്യാണം കയിച്ച് അയക്കാൻ കഴിഞ്ഞു. 4 മക്കൾക്കും മികച്ച വിദ്യാഭ്യാസം നല്‍കാനും പ്രവാസത്തിലൂടെ സാധിച്ചതായി അദ്ദേഹം ആശ്വസിക്കുന്നു. നാട്ടിലെ പ്രവാസി മഹല്ല് കൂട്ടായ്മയിൽ സജീവ പ്രവർത്തകനായിരുന്ന മൊയ്ദീൻ കുട്ടി. നാട്ടിലെത്തിയാല്‍ സൗകര്യം പോലെ മറ്റെന്തെങ്കിലും ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹം.


