ടി.കെ. പരീക്കുട്ടിയുടെ ഓർമക്ക് അഞ്ചര പതിറ്റാണ്ട്
text_fieldsപ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദിൽനിന്ന് മലയാള സിനിമയുടെ ആദ്യ പുരസ്കാരം ടി.കെ. പരീക്കുട്ടി ഏറ്റുവാങ്ങുന്നു
മട്ടാഞ്ചേരി: മലയാള സിനിമയിൽ മാറ്റത്തിന് തുടക്കമിട്ട നിർമാതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന ടി.കെ. പരീക്കുട്ടി ഓർമയായിട്ട് 55 വർഷം പിന്നിടുന്നു. ടി.കെ. പരീക്കുട്ടിയുടെ ചന്ദ്രതാര ഫിലിംസ് 1954ൽ നിർമിച്ച ‘നീലക്കുയിൽ’ ചിത്രമാണ് തെന്നിന്ത്യയിലേക്ക് ആദ്യമായി ഇന്ത്യൻ പ്രസിഡന്റിന്റെ പുരസ്കാരം കൊണ്ടുവന്നത്. അക്കാലത്തെ ന്യൂജനറേഷൻ ആശയക്കാരായ രാമു കാര്യാട്ടും പി. ഭാസ്കരനുമാണ് ടി.കെ. പരീക്കുട്ടിയെ സിനിമ നിർമിക്കണമെന്ന ആവശ്യവുമായി സമീപിച്ചത്. ആ കൂട്ടുകെട്ടിൽ നീലക്കുയിൽ എന്ന സിനിമ പിറന്നു. വെള്ളി മെഡലും നേടി.
ഹിന്ദി, തമിഴ് ഹിറ്റ് ട്യൂണുകളുടെ അനുകരണത്തിന് പകരം മലയാളത്തിന്റെ സ്വന്തം സംഗീതം കെ. രാഘവന്റെ സംവിധാനത്തിൽ എത്തിയതോടെ സിനിമയും ഗാനങ്ങളും മലയാളക്കരയുടെ ഹൃദയം കവർന്നു. പരീക്കുട്ടി ഒമ്പത് സിനിമ നിർമിച്ചതിൽ നാലെണ്ണം ദേശീയ അവാർഡ് നേടി. നീലക്കുയിൽ കൂടാതെ രാരിച്ചൻ എന്ന പൗരൻ, നാടോടി, മുടിയനായ പുത്രൻ, മൂടുപടം, തച്ചോളി ഒതേനൻ, ഭാർഗവീനിലയം, കുഞ്ഞാലി മരക്കാർ, ആൽമരം എന്നിവയായിരുന്നു അദ്ദേഹം നിർമിച്ച മറ്റ് ചിത്രങ്ങൾ. നടന്മാരായ മധു, അടൂർ ഭാസി, കെ.പി. ഉമ്മർ, കുതിരവട്ടം പപ്പു, പി.ജെ. ആന്റണി, നടി വിജയനിർമല, സംവിധായകരായ പി. ഭാസ്കരൻ, രാമു കാര്യാട്ട്, എ. വിൻസെന്റ്, സംഗീത സംവിധായകരായ കെ. രാഘവൻ, എ.ടി. ഉമ്മർ, ബാബുരാജ്, ഗാനരചയിതാവ് യൂസഫലി കേച്ചേരി, ഗായകരായ ജയചന്ദ്രൻ, പി. വസന്ത, എസ്. ജാനകി, കെ.എസ്. ജോർജ് എന്നിവർ സിനിമയിലെത്തിയത് പരീക്കുട്ടിയുടെ ചിത്രങ്ങളിലൂടെയായിരുന്നു.
വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, തോപ്പിൽ ഭാസി എന്നിവരുടെ രചനകൾ ആദ്യമായി സിനിമയാക്കിയതും പരീക്കുട്ടിയായിരുന്നു. കേരളത്തിലെ ആദ്യ 70 എം.എം തയേറ്ററായ സൈന ഫോർട്ട്കൊച്ചിയിൽ നിർമിച്ചതും പരീക്കുട്ടിയാണ്. 1969 ജൂലൈ 21ന് പരീക്കുട്ടി വിടപറഞ്ഞു. പരീക്കുട്ടിയെ സ്മരിക്കുന്നതിൽ ജന്മദേശവും സിനിമാലോകവും ഭരണകൂടവും വിസ്മരിച്ചതിന്റെ ദുഃഖത്തിലാണ് സിനിമാപ്രേമികൾ.