അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് നാളെ 50 വയസ്സ്; ഇരുണ്ട നാളുകളുടെ ഓർമയിൽ രാജൻ
text_fieldsപി. രാജൻ
ചെറുതോണി: അടിയന്തരാവസ്ഥക്ക് നാളെ 50 വയസ് തികയുമ്പോൾ ആ ഇരുണ്ട കാലത്തിന്റെ ഓർമകളിലാണ് പി.രാജൻ. ഇന്ത്യൻ ജനാധിപത്യത്തിനു കളങ്കം ചാർത്തിയ അക്കാലത്ത് 194 ദിവസമാണ് രാജൻ ജയിൽവാസം അനുഭവിച്ചത്. 1975 ജൂൺ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇടുക്കി ഡാമിന്റെ നിർമാണ ജോലികളുടെ അവസാന കാലമായിരുന്നു അത്. എച്ച്.സി.സി. കമ്പനിയാണ് നിർമാണ ജോലികൾ കരാറെടുത്തു നടത്തിയിരുന്നത്. സംസ്ഥാന തലത്തിൽ സി.വിശ്വനാഥൻനായർ പ്രസിഡൻറും സി.ബി.സി വാര്യർ സെക്രട്ടറിയുമായ എച്ച്.സി.സി. എംപ്ലോയിസ് യൂനിയന് (സി.ഐ.ടി.യു) കീഴിലെ ഇവിടത്തെ യൂനിയൻ സെക്രട്ടറിയായിരുന്നു രാജൻ.
പിൽക്കാലത്ത് ഗൗരിയമ്മയോടൊപ്പം പാർട്ടി വിട്ട എൻ . വാസുദേവനായിരുന്നു വർക്കിങ് പ്രസിഡൻറ്. രാജന്റെ നേതൃത്വത്തിൽ എച്ച്.സി.സി.യുടെ ഓഫീസിനുമുന്നിൽ ശമ്പള വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് 27 തൊഴിലാളികൾ സമരമാരംഭിച്ചു. 1976 ജനുവരി ആറിന് രാവിലെ സി.ഐ. തമ്പാന്റെ നേതൃത്വത്തിൽ ഒരു വാഹനം നിറയെ പൊലീസെത്തി. സമരം ചെയ്തിരുന്ന രാജനടക്കം 27 തൊഴിലാളികളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യാൻ വണ്ടിയിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ക്രൂരമായ മർദനമാണ് അരങ്ങേറിയത്. പിറ്റേ ദിവസം രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. മൂവാറ്റുപുഴ ജയിലിലേക്കാണ് കൊണ്ടുപോയത്.
ഏഴാം നമ്പർ സെല്ലിലാണ് പാർപ്പിച്ചതെന്ന് രാജൻ ഓർക്കുക്കുന്നു. ഇടുങ്ങിയ ജയിൽ മുറിയിൽ 29 പേർ ഉണ്ടായിരുന്നു. തങ്ങൾ 27 പേർ കൂടിയായപ്പോൾ സെല്ലിൽ 56 പേരായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മറ്റൊരു സെല്ലിലേക്കു മാറ്റി. ജയിലിലും മിണ്ടിയാൽ ക്രൂര മർദനമായിരുന്നു. അടിയന്തരാവസ്ഥയായതിനാൽ ജാമ്യം കിട്ടില്ല. പിണറായി വിജയനുൾപ്പെടെ സി.പി.എമ്മിന്റെ പ്രധാന നേതാക്കളും ജയിലിലാണ്. ചിലർ ഒളിവിലും. 1976 ജനുവരി ആറിന് അറസ്റ്റു ചെയ്ത തങ്ങളെ 1976 ജൂലൈ 19 നാണ് മോചിപ്പിച്ചത്. 194 ദിവസമാണ് കൊടിയ യാതനകൾ ഏറ്റുവാങ്ങി ജയിലിൽ കഴിയേണ്ടി വന്നത് -രാജൻ പറഞ്ഞു.
അന്ന് ജയിൽവാസമനുഭവിച്ച തൊഴിലാളികൾ ഭൂരിഭാഗവും മറ്റുജില്ലക്കാരായിരുന്നു. അവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. തന്നോടൊപ്പം ജയിൽവാസമനുഭവിച്ച ഒരാൾ മാത്രമാണ് ഇപ്പോൾ ജില്ലയിലുള്ളത്. തൊടുപുഴ കോ: ഓപ്പറേറ്റീവ് ആസ്പത്രിക്കു സമീപം പലചരക്കുകടനടത്തുന്ന ഉമ്മർ. ബാക്കിയുള്ളവരെക്കുറിച്ചു വിവരമില്ല. മൂന്നുതവണ സി.പി.എം. ഇടുക്കി ഏരിയാ സെക്രട്ടറിയായിരുന്ന പി.രാജൻ 1999 ഫെബ്രുവരിയിൽ പാർട്ടി വിട്ടു. ഇപ്പോൾ ബി.ജെ.പി.യുടെ ജില്ലാ വൈസ് പ്രസിഡൻറാണ്.