എ ജേണി ഫ്രം ഹെഡ് ലൈൻസ് ടു ഹൊറിസോൺസ്
text_fieldsഎ. റശീദുദ്ദീൻ
എ. റശീദുദ്ദീൻ എന്ന മാധ്യമപ്രവർത്തകൻ മലയാളികൾക്ക് സുപരിചിതനാണ്. വാർത്തകളറിയാൻ പത്രവും ചാനലുകളും പ്രധാന മാർഗമായിരുന്ന രണ്ട് ദശാബ്ദക്കാലം ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നിന്ന് നേർകാഴ്ചപോലെ തെളിച്ചമുള്ള വർത്തമാനങ്ങൾ അദ്ദേഹം എത്തിച്ചുനൽകി. നേരിന്റെ കരുത്തുള്ള വാർത്തകൾക്കും ആഴത്തിലുള്ള വിശകലനങ്ങൾക്കും മുന്നിൽ ആ പേര് വായനക്കാർക്ക് വിശ്വാസ്യതയുടെ സിഗ്നേചറായിരുന്നു.
രാജ്യത്തിന്റെ ആത്മാവറിഞ്ഞ് പേനയുന്തിയ മലയാള പത്രപ്രവർത്തകരുടെ കൂട്ടത്തിൽ ആ പേര് നിറഞ്ഞുനിന്നിരുന്നു. എന്നാലിപ്പോൾ യു.എ.ഇയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന അദ്ദേഹം, ദൈനംദിന വാർത്തകളുടെ ലോകത്തെ പിറകിലുപേക്ഷിച്ച് ചരിത്രവും പൈതൃകവും സംസ്കാരവും സൗന്ദര്യവും തേടിയുള്ള പുതു സഞ്ചാരപാതയിലാണ്.
പാശ്ചാത്യവും പൗരസ്ത്യവുമായ പലപല നാടുകളിലേക്ക് ഇതിനകം തന്നെ തന്റെ യാത്ര പൂർത്തിയാക്കി. കേവല യാത്രികനായല്ല, സഞ്ചരിക്കുന്ന നാടുകളെ കുറിച്ച സവിശേഷ ശൈലിലുള്ള വിവരണങ്ങൾ ‘ജേർണീയിസ്റ്റ്’ എന്ന യൂട്യൂബ് ചാനലിലൂടെ അദ്ദേഹം കാഴ്ചക്കാരിലേക്ക്, കേൾവിക്കാരിലേക്ക് പകരുന്നു. ‘അതിർത്തിയിലെ മുൻതഹാ മരങ്ങൾ’ എഴുതിയ ആ കൈവിരലുകളിൽ ഇന്ന് യാത്രകളിൽ ഒരു കാമറയാണുള്ളത്(മലയാളത്തിലെ അപൂർവം പാകിസ്താൻ യാത്രാ വിവരണമാണ് ‘അതിർത്തിയിലെ മുൻതഹാ മരങ്ങൾ’).
മഷിപുരണ്ട അക്ഷരങ്ങളിലൂടെ പകർന്ന അനുഭവങ്ങൾ കൂടുതൽ കരുത്തോടെ കാമറയിൽ പകർത്തി അദ്ദേഹം ലോകത്തിന് സമ്മാനിക്കുന്നു. ജേർണലിസ്റ്റിൽ നിന്ന് ജേർണീയിസ്റ്റിലേക്കുള്ള മാറ്റം എന്തുകൊണ്ട് എന്ന ചോദ്യത്തിന് മനോഹരമായൊരു ഉത്തരവും അദ്ദേഹത്തിനുണ്ട്. പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കുന്ന രീതിയില്‍ വിശ്വമാനവികതയെ പരിചയപ്പെടുത്തുന്നതിനാണ് ജേർണീസ്റ്റ് ചാനലിന് തുടക്കമിട്ടതെന്നാണത്.
ജേർണീയിസ്റ്റിന്റെ സഞ്ചാരം
കോവിഡ് വിലക്കുതീർത്ത കാലത്തിന് ശേഷം 2022ലാണ് സുഹൃത്ത് റഹ്മത്തുല്ലാ മഗ്രിബിയുമായി ചേര്‍ന്ന് ചാനലിന് തുടക്കമിടുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, ഹിന്ദി ഭാഷകളിലും അന്താരാഷ്ട്ര നിലവാരവും ദൃശ്യഭംഗിയുമുള്ള എപ്പിസോഡുകള്‍ തയാറാക്കണമെന്നാണ് ചാനലിന്റെ ലക്ഷ്യം. സമീപകാലത്ത് യൂട്യുബിലും മറ്റും വന്ന നിയന്ത്രണങ്ങള്‍ മൂലം അൽപം പതുക്കെയാണ് ചാനല്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം എപ്പിസോഡുകള്‍ കണ്ടു കഴിഞ്ഞെങ്കിലും മലയാളേതര ഭാഷകളിലേക്ക് കടന്നിട്ടില്ല. ഇതിനകം 15 രാജ്യങ്ങളില്‍ നിന്നുള്ള എപ്പിേസാഡുകള്‍ ജേണീസ്റ്റ് തയാറാക്കിയിട്ടുണ്ട്.
യാത്രകൾ മിക്കവയും മധ്യപൗരസ്ത്യ നാടുകളായിരുന്നു. തുര്‍ക്കി, റഷ്യ, ബോസ്നിയ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എപ്പിസോഡുകളും ഇതിലുണ്ട്. ഇതിനകം 270ല്‍ പരം എപ്പിസോഡുകളാണ് ചാനലിന്റെ വാളിലുള്ളത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും സാന്നിധ്യമുണ്ട്.
ഇതിനകം നടത്തിയ സഞ്ചാരത്തിൽ ഏറ്റവും മനോഹരമായി തോന്നിയ രാജ്യമേതെന്ന ചോദ്യത്തിന് ഉത്തരം എളുപ്പമല്ലെന്നാണ് റശീദുദ്ദീന്റെ മറുപടി. എങ്കിലും തുര്‍ക്കിയ കുറെക്കൂടി ആകര്‍ഷകമായ രാജ്യമാണെന്ന് വിലയിരുത്തുന്നു. ലോക മതസമൂഹങ്ങള്‍ക്കിടയില്‍ മാതൃകാപരമായ ഐക്യം നിലനില്‍ക്കുന്ന രാജ്യമാണത്. ജറുസലേമിന് പുറത്ത് ബൈബിളുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ ചരിത്ര സ്മാരകങ്ങളുള്ള രാജ്യം തുര്‍ക്കിയയാണ്.
ബൈബിള്‍ പുതിയ നിയമത്തില്‍ വിശുദ്ധ ജോണ്‍ വഴി യേശുക്രിസ്തു കത്തയച്ച ജനതകള്‍ താമസിച്ച ഏഴ് നഗരങ്ങളും ഇന്നത്തെ തുര്ക്കിയയിലാണുള്ളത്. ഈ നഗരങ്ങള്‍ പുനര്‍ നിര്‍മിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
മറ്റൊരു രാജ്യമാണ് ഇറാന്. ഇത്രയേറെ സ്നേഹസമ്പന്നരായ ജനങ്ങള്‍ ലോകത്ത് മറ്റെവിടെയുമുണ്ടാകില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ‘ജേർണീയിസ്റ്റ്’ സാക്ഷ്യപ്പെടുത്തുന്നു. ഹാഫിസിന്റെയും ഫിര്ദൗസിയുടെയും ഉമര്‍ ഖയ്യാമിന്റെയും നാടായ ഇറാനില്‍ എവിടെ ചെല്ലുമ്പോഴും കവിതയും സാഹിത്യവും അവരുടെ ജീവിതത്തിന്റെ താളമായി നമുക്ക് അനുഭവപ്പെടുമെന്നും പറഞ്ഞുവെക്കുന്നു.
യൂറോപ്പിലെയും മധ്യേഷ്യയിലെയും കാഴ്ചകൾ
ജേർണീയിസ്റ്റ് കിഴക്കന്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. റഷ്യയാണ് യൂറോപ്പിന്റെ വിശാലമായ ഭൂപടത്തില്‍ ഉള്‍ക്കൊള്ളിക്കാവുന്ന രാജ്യം. റഷ്യയിലും പഴയ കമ്മ്യൂണിസ്റ്റ് ചേരിയിലെ മറ്റു രാജ്യങ്ങളിലുമൊക്കെ നിര്‍ണായകമായ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതായാണ് അനുഭവങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുന്നത്. മുതലാളിത്തം കടന്നു വന്നതിന്റെ ഭാഗമായി ആ രാജ്യങ്ങളിലെ ജീവിത ശീലങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കൗതുകകരമാണ്.
അവരുടെ ഭൗതികമായ ജീവിത സാഹചര്യങ്ങളെ പോലെ ആത്മീയതയിലും പ്രകടമായ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അക്കൂട്ടത്തില്‍ മനോഹരമായി തോന്നിയ ചില അനുഭവങ്ങളുണ്ട്. അതിലൊന്നാണ് കസാന്‍ എന്ന റഷ്യന്‍ നഗരത്തില്‍ കണ്ട കാഴ്ച.
സാര്‍ ചക്രവര്‍ത്തിയായ ഇവാന് തീവെച്ചു നശിപ്പിച്ച നഗരത്തിലെ മുസ്ലിം ദേവാലയം കൃസ്തുമത വിശ്വാസികളുടെ കൂടി പിന്തുണയോടെയാണ് സമീപകാലത്ത് പതുക്കിപ്പണിതത്. പക്ഷേ കസാനിലെ ക്രെംലിന്റെ മുഖ്യകാഴ്ചയായി ആ മസ്ജിദാണ് ഇന്ന് ഉയര്‍ന്നു നില്‍ക്കുന്നത്.
അസര്ബൈജാന്, ഉസ്ബെക്കിസ്ഥാന്, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളെ കുറിച്ച വിശദമായ എപ്പിസോഡുകള്‍ ജേണീസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഇവയില്‍ ചിലതൊക്കെ ഇന്ത്യയുടെ തന്നെ പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന രാജ്യങ്ങളാണ്. ഇന്ത്യ ഭരിച്ച കുശാന വംശത്തിന്റെയും മുഗള്‍ ചക്രര്ത്തിമാരുടെയും നാടാണ് ഉസ്ബക്കിസ്ഥാന്.
ബാബര്‍ ചക്രവര്‍ത്തി പുറപ്പെട്ടുവന്ന അന്തിജാനില് അദ്ദേഹത്തിന്റെ സ്മാരകമുണ്ട്. രാഷ്ട്രീയക്കാര്‍ നമുക്കു പരിചയപ്പെടുത്തിയ ഒരു ചക്രവര്‍ത്തിയെ കുറിച്ചല്ല ഇവിടെയെത്തുമ്പോള്‍ ഇന്ത്യക്കാർ മനസ്സിലാക്കുക. നമ്മുടെ ഭാഷയിലേക്കും ഭക്ഷണത്തിലേക്കും ആ രാജ്യത്തു നിന്നും എന്തൊക്കെയാണ് കടന്നു വന്നതെന്ന് വലിയ അല്‍ഭുതത്തോടെയാണ് സമര്ഖണ്ടിലും ബുഖാറയലും താഷ്കന്റിലും നാം തിരിച്ചറിയുന്നതെന്ന് ജേർണീയിസ്റ്റ് അഭിപ്രായപ്പെടുന്നു.
വ്യത്യസ്തമായ യാത്രാ വ്ലോഗിങ്
യാത്രാ വ്ലോഗുകൾ സാമൂഹിക മാധ്യമങ്ങളിൽ നിരവധിയുണ്ട്. അവയിൽ നിന്നെല്ലാം വ്യത്യസ്തമായി സംസ്കാരത്തെയും ചരിത്രത്തെയും ആഴത്തിൽ വിലയിരുത്തിയാണ് റശീദുദ്ദീന്റെ സഞ്ചാരം പുരോഗമിക്കുന്നത്. സഞ്ചാരിയുടെ സ്വകാര്യമായ ആഹ്ളാദങ്ങളെയും ജീവിതാനുഭവങ്ങളെയും പരിചയപ്പെടുത്തുന്ന വ്ലോഗുകള്‍ ജേണീസ്റ്റ് ചെയ്യാറില്ല.
കടന്നു ചെല്ലുന്ന പ്രദേശങ്ങളിലെ ജീവിതവും അവര്‍ ലോകത്തിന് നല്കിയ സംഭാവനകളുമാണ് ഇത് പരിചയപ്പെടുത്തുന്നത്. ഏത് രാജ്യത്തേക്ക് പോകുന്നതിന് മുമ്പെയും വളരെ വിശദമായി പഠിച്ചു മനസ്സിലാക്കാറുണ്ടെന്ന് അവസാനം പ്രസിദ്ധീകരിച്ച ഈജിപ്ത് എപിസോഡുകൾ മാത്രം വീക്ഷിച്ചാൽ ആർക്കും വ്യക്തമാകും.
കിട്ടാവുന്ന എല്ലാ നല്ല അനുഭവങ്ങളും പകര്‍ത്തിയെടുത്ത് കാഴ്ചക്കാരിലേക്ക് എത്തിക്കുകയാണ് ജേർണീയിസ്റ്റ്. ആത്മീയതയും തത്വശാസ്ത്രവുമെല്ലാം വിവരണങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പകർത്തിയും പറഞ്ഞുമുള്ള ഈ സഞ്ചാരം കൂടുതൽ വ്യാപിപ്പിക്കാനാണ് ലക്ഷ്യം. അതിനായി ജേർണീയിസ്റ്റ് കച്ചമുറുക്കുകയാണ്..