ആകാശം താണ്ടാൻ വെളിയങ്കോട്ട് നിന്നൊരു പൈലറ്റ്
text_fieldsആദിൽ സുബി
വെളിയങ്കോട്: ചെറുപ്പം മുതൽ ഉള്ളിൽ കൊണ്ട് നടന്ന മോഹം യാഥാർഥ്യമാക്കി വെളിയങ്കോട് സ്വദേശി ആദിൽ സുബി. യൂറോപ്പിലെ ഒന്നാംനിര സ്ഥാപനമായ സ്പെയിനിലെ ബാഴ്സലോണയിലുള്ള ഏവിയേഷൻ അക്കാദമിയായ ഇ.എ.എസ്.എയിൽ നിന്ന് പൈലറ്റ് ലൈസൻസ് നേടിയിരിക്കുകയാണ് 22 കാരൻ. 250 മണിക്കൂർ വിമാനം പറത്തിയാണ് ആദിൽ സുബി ഫ്രോസൺ (എഫ്) എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് നേടിയത്.
കടകശ്ശേരി ഐഡിയൽ കോളേജിൽനിന്ന് പ്ലസ് ടുവിന് മികച്ച വിജയം നേടിയതിനു ശേഷമാണ് ബാഴ്സലോണയിലെ ഇ.എ.എസ്.എ യിൽ പ്രവേശനം നേടിയത്. മൂന്നുവർഷത്തോളം നീണ്ട പരിശീലനം മികച്ച നിലവാരത്തിൽ പൂർത്തിയാക്കി. നിലവിൽ ഈ ലൈസൻസ് ഉപയോഗിച്ച് യൂറോപ്പിൽ ഫസ്റ്റ് ഓഫിസർ പൈലറ്റ് ആകാം. 1500 മണിക്കൂർ പൂർത്തിയാക്കുന്നതോടെ എ.ടി.പി.എൽ നേടാനാകും. ഇതോടെ ക്യാപ്റ്റൻ പൈലറ്റ് ആകാനാകും.
ആദിൽ സുബിയുടെ പ്രൈമറി പഠനം വെളിയങ്കോട് ഉമരിയിലും ഒരുവർഷം ഖത്തർ സ്കൂളിലും പിന്നീട് നാലാം ക്ലാസ് മുതൽ പ്ലസ്ടു വരെ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു. പിതാവ് വെളിയങ്കോട് സ്വദേശി ചന്തപ്പുറത്ത് സുബൈർ മാതാവ് റഫീബ എന്നിവരുടെ പിന്തുണയിലാണ് ആകാശത്ത് പറക്കാനുള്ള ആദിൽ സുബിയുടെ സ്വപ്നം യാഥാർഥ്യമായത്. സഹോദരൻ അയാൻ സുബി കടകശ്ശേരി ഐഡിയൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.