Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right45 വർഷം കാത്തുവെച്ച...

45 വർഷം കാത്തുവെച്ച സ്നേഹം! ഡോക്ടറായ ശിഷ്യന് പത്താം ക്ലാസിലെ നോട്ട് ബുക്ക് നൽകി ഒരു അധ്യാപകൻ

text_fields
bookmark_border
45 വർഷം കാത്തുവെച്ച സ്നേഹം! ഡോക്ടറായ ശിഷ്യന് പത്താം ക്ലാസിലെ നോട്ട് ബുക്ക് നൽകി ഒരു അധ്യാപകൻ
cancel

കാലം മായ്ക്കാത്ത ചില ബന്ധങ്ങളുണ്ട്. കണക്കുകൾക്കും അപ്പുറം സ്നേഹം മാത്രം പങ്കുവെക്കുന്ന ഗുരു-ശിഷ്യ ബന്ധങ്ങൾ. പലപ്പോഴും വർഷങ്ങൾ പിന്നിടുമ്പോൾ നമ്മൾ പഴയ പുസ്തകങ്ങളും നോട്ട്ബുക്കുകളും ഉപേക്ഷിക്കാറുണ്ട്. എന്നാൽ, 45 വർഷം മുമ്പ് തന്റെ ശിഷ്യൻ പത്താം ക്ലാസ്സിൽ എഴുതിയ ഒരു ആൻസർ ഷീറ്റ് അടങ്ങിയ നോട്ട്ബുക്ക് കാത്തുസൂക്ഷിച്ച ഒരു അധ്യാപകനുണ്ട്. ബഷീറുദ്ദീൻ സാർ. മങ്കരക്കാരനായ ബഷീറുദ്ദീൻ സാർ തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് ഡോ. മുഹമ്മദ് എന്ന വിദ്യാർഥിയുടെ പ്രിയപ്പെട്ട കെമിസ്ട്രി അധ്യാപകനാകുന്നത്. 1981ൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കുമ്പോൾ, ആ കുട്ടിയിൽ അധ്യാപകൻ കണ്ട വലിയൊരു പ്രതീക്ഷയുടെ അടയാളമായിരുന്നു ഈ നോട്ട്ബുക്ക്.

വർഷങ്ങൾക്കിപ്പുറം ജീവിതത്തിന്റെ തിരക്കുകളിൽ ഡോ. മുഹമ്മദ് മുഴുകിയപ്പോഴും, തന്റെ പഴയ അധ്യാപകനെ അദ്ദേഹം മറന്നിരുന്നില്ല. എന്നാൽ, ഇന്ന് ആരോഗ്യപ്രശ്നങ്ങളാൽ വലയുന്ന ബഷീറുദ്ദീൻ സാർ ട്യൂബ് വഴി ഭക്ഷണം നൽകേണ്ട അവസ്ഥയിൽ, അത് മാറ്റിസ്ഥാപിക്കാൻ സാർ പലപ്പോഴും മുഹമ്മദിന്റെ അടുത്തെത്താറുണ്ട്. കഴിഞ്ഞ വർഷം സാർ വന്നപ്പോൾ താൻ മറന്നുവെച്ച ഒരു ബുക്കിനെക്കുറിച്ച് സാറിന്റെ മകൻ സംസാരിച്ചിരുന്നു. എന്നാൽ, അത് ഇത്രയും വലിയൊരു കാര്യമാണെന്ന് മുഹമ്മദ് അന്ന് കരുതിയില്ല. ഈ പ്രാവശ്യം ട്യൂബ് മാറ്റാൻ വന്നപ്പോൾ സാറിന്റെ മകൻ ഒരു പൊതി നീട്ടി. അത് തുറന്ന മുഹമ്മദ് അക്ഷരാർത്ഥത്തിൽ സ്തംഭിച്ചുപോയി.

അതൊരു പഴയ നോട്ട്ബുക്കാണ്. 1981ൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള മുഹമ്മദിന്‍റെ കെമിസ്റ്റ്റി നോട്ട്ബുക്ക്. കെമിസ്ട്രിയിൽ നല്ല മാർക്ക് വാങ്ങി വിജയിച്ച തന്റെ ശിഷ്യന്റെ അക്ഷരങ്ങൾ, മഷിയുണങ്ങാത്ത ഓർമകളായി നാലര പതിറ്റാണ്ടോളം സാർ സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്നു. ‘ഞെട്ടൽ മാത്രമല്ല, വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത വലിയൊരു സന്തോഷമാണ് ആ നിമിഷം അനുഭവപ്പെട്ടത്’ ഡോ. മുഹമ്മദ് പറയുന്നു. ഒരു അധ്യാപകൻ തന്റെ വിദ്യാർഥിയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ഒരു കാര്യം സാധ്യമാകൂ. വിദ്യാർഥിയുടെ വളർച്ചയിൽ അഭിമാനം കൊള്ളുന്ന, ഓരോ വിജയത്തിലും കൂടെയുണ്ടായിരുന്ന ഒരു ഗുരുവിന്റെ കരുതലിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്.

ഡോ. മുഹമ്മദിന്‍റെ രണ്ടാമത്തെ മകൻ ഇൻസ്റ്റാഗ്രാമിൽ ഈ കഥ പങ്കുവെച്ചതോടെ നിരവധി ആളുകളാണ് ഈ അപൂർവ്വ ഗുരു-ശിഷ്യ ബന്ധത്തെ വാഴ്ത്തുന്നത്. 45 വർഷം പഴക്കമുള്ള ആ നോട്ട്ബുക്ക് വെറുമൊരു കടലാസല്ല, മറിച്ച് ഗുരുവിന്റെ കരുതലിന്റെയും ശിഷ്യന്റെ അഭിമാനത്തിന്റെയും സ്നേഹസാക്ഷ്യമാണ്.

പോസ്റ്റിന്‍റെ പൂർണരൂപം

ഉപ്പാ…

ആശുപത്രിയിൽ ഒരു സാധാരണ ദിവസമായിരിക്കാം ഉപ്പയ്ക്ക് അന്നും …

ഒരുപാട് രോഗികൾ, ഒരുപാട് പരിശോധനകൾ, ഒരുപാട് വേദനകൾ…പക്ഷേ ആ ദിവസത്തിന്റെ അവസാനം, ഉപ്പയുടെ ജീവിതത്തിൽ നിന്ന് നാല്പത് വർഷം പഴക്കമുള്ള ഒരു ഓർമ്മ തിരിച്ചു വന്ന് ഉപ്പയുടെ കൈകളിൽ നിൽക്കും എന്ന് ആരറിഞ്ഞു…

വേദനയോടെ ആശുപത്രിയിലെത്തിയ ആ സാർ… ഉപ്പയുടെ പത്താം ക്ലാസിലെ കെമിസ്ട്രി അധ്യാപകൻ. ഒരിക്കൽ ക്ലാസ് മുറിയിൽ ഇരുന്ന് പാഠം കേട്ടിരുന്ന വിദ്യാർത്ഥി, ഇന്ന് അതേ അധ്യാപകന്റെ വേദന കുറയ്ക്കാൻ നിൽക്കുന്ന ഡോക്ടർ ജീവിതം ചിലപ്പോൾ എത്ര മനോഹരമായി വട്ടം ചുറ്റുന്നുവെന്ന് തോന്നി… ചികിത്സയും ചെറിയൊരു പ്രൊസീജറും കഴിഞ്ഞ ശേഷം, സാർ ഉപ്പയോട് “ഒന്ന് കാത്തിരിക്കൂ…” എന്ന് പറഞ്ഞുവത്രേ.

പിന്നീട് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആളോട് എന്തോ കൊണ്ടുവരാൻ പറഞ്ഞു. "ഒരു പഴയ ചുവന്ന നോട്ട് ബുക്ക് "

കാലത്തിന്റെ നിറം പിടിച്ച പഴയ പേജുകൾ, മങ്ങിയ മഷി, എന്നാൽ അതിനുള്ളിൽ സൂക്ഷിച്ചിരുന്ന ഓർമ്മകൾക്ക് ഒരു മങ്ങലുമുണ്ടായിരുന്നില്ല. 1980-81 കാലത്ത്, പത്താം ക്ലാസിൽ പഠിച്ചിരുന്ന എന്റെ ഉപ്പയുടെ കെമിസ്ട്രി നോട്ട് ബുക്ക് ആയിരുന്നു അത്.

നാല്പത് വർഷത്തിലേറെ കഴിഞ്ഞിട്ടും… ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥിയുടെ നോട്ട് ബുക്ക് ഇത്രയും കരുതലോടെ സൂക്ഷിച്ച് വെച്ചിരിക്കുന്നു എന്നത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ഒരു നോട്ട് ബുക്ക് മാത്രം അല്ല അത്…ഒരു അധ്യാപകന്റെ സ്നേഹം.ഒരു വിദ്യാർത്ഥിയോട് തോന്നിയ അഭിമാനം. കാലത്തിനു പോലും മായ്ക്കാൻ കഴിയാത്ത ഒരു ഓർമ്മ.

ആ സാർ സൂക്ഷിച്ചിരുന്നത് വെറും പേപ്പറുകൾ ആയിരുന്നില്ല …ഒരു വിദ്യാർത്ഥിയെ തന്നെ ആയിരുന്നു.. ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം എന്താണെന്ന് ഞാൻ മനസിലാക്കി ഉപ്പാ…ഒരു മകനായി ഞാൻ പലപ്പോഴും ഉപ്പയെ ആളുകൾ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും കണ്ടിട്ടുണ്ട്. രോഗികൾ നന്ദിയോടെ സംസാരിക്കുന്നതും കണ്ടിട്ടുണ്ട്.

പക്ഷേ ഇന്നലെ ആദ്യമായാണ് ഞാൻ മനസ്സിലാക്കിയത്…ഒരു മനുഷ്യന്റെ യഥാർത്ഥ മഹത്വം, അവൻ എത്ര ഉയരത്തിലെത്തി എന്നതിൽ അല്ല…അവൻ എത്ര ഹൃദയങ്ങളിൽ ജീവിക്കുന്നു എന്നതിലാണ് എന്ന്.

ഉപ്പാ…

ഇന്ന് ഞാൻ ഒരു ഡോക്ടറുടെ മകനാണെന്ന് മാത്രം അല്ല അഭിമാനിച്ചത്…

ഒരു അധ്യാപകൻ നാല്പത് വർഷങ്ങൾ കഴിഞ്ഞിട്ടും ഓർമ്മയായി നെഞ്ചോട് ചേർത്ത് വെച്ച വിദ്യാർത്ഥിയുടെ മകനാണെന്ന് പറഞ്ഞു കൂടി ആണ് അഭിമാനിക്കുന്നത്.

ഇന്നലെ ആ പഴയ നോട്ട് ബുക്കിന്റെ പേജുകൾ തുറന്നപ്പോൾ, അതിൽ കെമിസ്ട്രി ഉണ്ടായിരുന്നില്ല ഉപ്പാ…അതിൽ ഒരു അധ്യാപകന്റെ സ്നേഹവും, ഒരു വിദ്യാർത്ഥിയുടെ മൂല്യവും ആയിരുന്നു ഉണ്ടായിരുന്നത്…

Show Full Article
TAGS:Teacher and Student Memories emotional notebook Life Men 
News Summary - a teacher’s greatest lesson remains the love he saved for his student
Next Story