രോഗികൾക്ക് സാന്ത്വന സ്പർശമായി അബ്ദുൽ അസീസ്
text_fieldsകാരക്കുന്നത്തെ കിടപ്പുരോഗിയായ ചിത്തനംപടിക്കൽ
സി.പി. ഷാജീവിന്റെ രോഗവിവരങ്ങൾ അന്വേഷിക്കുന്ന
അബ്ദുൽ അസീസ്
നന്മണ്ട: രണ്ടു പതിറ്റാണ്ടായി പാലിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുകയാണ് മുൻ നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ ടി.കെ. അബ്ദുൽ അസീസ്. നന്മണ്ട നരിക്കുനി റോഡിൽ കണ്ടിയോത്ത് പാറക്ക് സമീപം തേയ്കണ്ടി അബ്ദുൽ അസീസ് പാലിയേറ്റീവ് വളണ്ടിയർ ഹോം കെയർ ആയി ഓരോ രോഗികൾക്കും ചികിത്സക്കൊപ്പം ആത്മവിശ്വാസവും മനോധൈര്യവും പകരുന്നത്. രോഗം ഉണ്ടാക്കുന്ന ആഘാതം രോഗിക്കൊപ്പം വീട്ടുകാരെയും കടുത്ത മാനസിക സംഘർഷത്തിലേക്ക് നയിക്കുന്നു.
അതുകൊണ്ട് രോഗിക്കൊപ്പം വീട്ടുകാർക്കും ഒരു കൈത്താങ്ങാവാൻ ഇദ്ദേഹത്തെപോലുള്ള പാലിയേറ്റീവ് പ്രവർത്തകർക്ക് കഴിയുന്നു. നരിക്കുനി അത്താണിയുടെ കീഴിൽ വരുന്ന നരിക്കുനി, മടവൂർ, കിഴക്കോത്ത്, ചേളന്നൂർ, കാക്കൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും നന്മണ്ട, കുരുവട്ടൂർ ഗ്രാമപഞ്ചായത്തുകളിലെ ഏതാനും വാർഡുകളും അബ്ദുൽ അസീസിന്റെ പ്രവർത്തന പരിധിയിൽ വരുന്നു. ഏഴ് പഞ്ചായത്തുകളിലും കൂടി 450 രോഗികൾ സ്ഥിര പരിചരണത്തിലുള്ളവരാണ്. ജീവിതശൈലി രോഗങ്ങൾ കൂടാതെ അർബുദരോഗികളും ഈ കൂട്ടത്തിൽ വരുന്നു. 80 ഓളം അർബുദരോഗികളുണ്ട്. 44 വർഷം നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിനടുത്ത് സ്റ്റേഷനറി വ്യാപാരിയായിരുന്നു അസീസ്. സ്കൂളിനു സമീപം വാഹനാപകടം ഉൾപ്പെടെ എന്ത് സംഭവമുണ്ടായാലും അദ്ദേഹം ഓടിയെത്തുമായിരുന്നു.
വിദ്യാർഥികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണാനും അബ്ദുൽ അസീസ് തന്നെയായിരുന്നു മുന്നിൽ. വളണ്ടിയർ ഹോം കെയർ പ്രവർത്തകനെന്നതിനെക്കാളുപരി നരിക്കുനി പാലിയേറ്റീവ് ചെയർമാനുമാണ് അസീസ്. ജില്ല പഞ്ചായത്തിന്റെ സ്നേഹസ്പർശം പദ്ധതിയുടെ എക്സിക്യൂട്ടിവ് അംഗമെന്ന നിലയിലും പ്രവർത്തിക്കുന്നു. റുഖിയയാണ് അബ്ദുൽ അസീസിന്റെ ഭാര്യ. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജാതി മത ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന അബ്ദുൾ അസീസ് പാലിയേറ്റിവ് ദിനത്തിൽ നൽകുന്ന സന്ദേശം നമുക്ക് ഉറപ്പാക്കാം സാന്ത്വന പരിചരണം എന്നതാണ്.