മർദനമുറകൾക്കും തളർത്താനാകാത്ത ഓർമകളുമായി അച്യുതന്‍ നായര്‍
text_fieldsപെരുമ്പാവൂര്‍: സ്വാതന്ത്ര്യസമര സേനാനി ഇരിങ്ങോള്‍ കരിമ്പഞ്ചേരി വീട്ടില്‍ കെ.വി. അച്യുതന്‍ നായര്‍ (92) ഇപ്പോഴും സമരസ്മരണയിലാണ്. 1946ല്‍ പൊലീസ് നടത്തിയ കീരാതവാഴ്ച അദ്ദേഹത്തിെൻറ മനസ്സില്‍നിന്നും ഇനിയും മാഞ്ഞിട്ടില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെയും രാജവാഴ്ചക്കെതിരെയും നടത്തിയ ജാഥയാണ് ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്നത്. കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ കുറുപ്പംപടിയില്‍നിന്നുള്ള ജാഥയില്‍ 16 വയസ്സുമാത്രുള്ള അച്യുതന്‍ നായരുമുണ്ടായിരുന്നു. നാലു ദിക്കില്‍നിന്നു വന്ന ജാഥയുടെ സമാപനം താലൂക്ക് ആശുപത്രി പടിയിലായിരുന്നു.
അന്നത്തെ എ.എസ്.പി ജാഥ നിരോധിച്ചിരുന്നു. ആശുപത്രി പടിയില്‍ ജാഥ എത്തിയപ്പോള്‍ എ.എസ്.പി ആയിരുന്ന വൈദ്യനാഥ അയ്യരുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജ് നടത്തി. കോണ്‍ഗ്രസ് നേതാവായിരുന്ന എ.കെ. കേശവപിള്ളയുടെ നേതൃത്വത്തില്‍ 16 പേര്‍ റോഡില്‍ കുത്തിയിരുന്നു. അതില്‍ അച്യുതന്‍ നായരുമുണ്ടായിരുന്നു. ശിക്ഷയായി ആറുമാസമായിരുന്നു ലോക്കപ്പില്‍ കിടന്നത്.
പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. കുന്നത്തുനാട് താലൂക്ക് കേന്ദ്രീകരിച്ച് രൂപവത്കരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1949ല്‍ പാര്‍ട്ടി നിരോധിച്ചപ്പോള്‍ വീടിനടുത്തുനിന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം വന്ന പൊലീസിെൻറ മര്‍ദനവും ഭീകരമായിരുന്നു. ലോക്കപ്പില്‍ കിടന്ന നാളുകളത്രയും മര്‍ദിച്ചു. അക്കാലത്ത് ഒരുവര്‍ഷവും ഒരുമാസവുമാണ് അച്യുതന്‍ നായര്‍ ജയിലിൽ കിടന്നത്. ഭാര്യ: സരസ്വതിയമ്മ. മക്കള്‍: സുമ, സരിത, അഡ്വ. സിന്ധു.