‘ബ്ലാക് ഹെറോൺ’ പവിഴദ്വീപിലെത്തിയ ആഫ്രിക്കൻ അതിഥി
text_fieldsബ്ലാക് ഹെറോൺ
മനാമ: ലോകം ചുറ്റിക്കാണുന്നത് മനുഷ്യരെക്കാളധികം ഒരുപക്ഷേ ദേശാടനപ്പക്ഷികളാവും. ഇത്തരത്തിൽ ലക്ഷക്കണക്കിന് പക്ഷികളാണ് വർഷംതോറും ദേശാന്തരയാത്ര നടത്തുന്നത്. പല പക്ഷികളുടെയും യാത്ര സുദീർഘമാണ്. രാജ്യങ്ങളും വൻകരകളും താണ്ടിയുള്ള ഗഗനസഞ്ചാരം. ജന്മദേശത്തുനിന്ന് വിരുന്നിടങ്ങളിലേക്കുമുള്ള യാത്ര. അത്തരത്തിലൊരു ആഫ്രിക്കൻ അതിഥി പവിഴ ദ്വീപിലുമെത്തിയിരുന്നു. പേര് ബ്ലാക് ഹെറോൺ... ആദ്യമായി പവിഴദ്വീപ് കാണാനെത്തിയ ബ്ലാക് ഹെറോണെ മനുഷ്യർക്ക് കാഴ്ചവിരുന്നാക്കിയത് ഒരു മലയാളിയാണെന്നാണ് സവിശേഷത.
എറണാകുളം സ്വദേശി പ്രജുൽ പ്രകാശ് രണ്ടുവർഷം മുമ്പ് തന്റെ കാമറക്കണ്ണിലൂടെ പകർത്തിയത് വെറുമൊരു പക്ഷിയുടെ പടം മാത്രമായിരുന്നില്ല. ആഫ്രിക്കൻ സ്വദേശിയും വേട്ടയാടലിന് അപൂർവ രൂപഭാവം കൈവരിക്കുകയും ചെയ്യുന്ന ബ്ലാക് ഹെറോണിന്റെ പവിഴദ്വീപിലെ ആദ്യം പടം.
പ്രജുൽ പ്രകാശ്
ഒമ്പത് വർഷം മുമ്പ് ബഹ്റൈൻ പ്രവാസിയായതാണ് പ്രജുൽ. ടെക്നീഷ്യനായ അദ്ദേഹത്തിന് അഭിനിവേശം ഫോട്ടോഗ്രഫിയോടായിരുന്നു. ഒഴിവ് ദിവസങ്ങളിലും വെള്ളിയാഴ്ചകളിലും കാമറയും ബൈനോക്കുലറുമായി പവിഴദ്വീപ് ചുറ്റാനിറങ്ങും. കഴിഞ്ഞ നാലുവർഷം മാത്രമേ ഈ അഭിനിവേശത്തെ സാക്ഷാത്കരിച്ച് സഞ്ചരിച്ചു തുടങ്ങിയിട്ടുള്ളൂ. വൈൽഡ് ഫോട്ടോഗ്രഫിയോട് കമ്പമുള്ള പ്രജുൽ മികച്ചൊരു പക്ഷിനിരീക്ഷകൻ കൂടിയാണ്.
ബ്ലാക് ഹെറോണടക്കം 190ൽ പരം വ്യത്യസ്ത ദേശാടന സ്പീഷീസുകളെ പ്രജുൽ തന്റെ കാമറക്കണ്ണിലൂടെ ബഹ്റൈനിൽനിന്ന് മാത്രം ഈ കാലയളവിൽ പകർത്തിയിട്ടുണ്ട്. കൂടാതെ ബഹ്റൈനിലെതന്നെ 300ൽ പരം സ്വദേശി പക്ഷികളെയും. അങ്ങനെയിരിക്കെ 2023ൽ മഅ്മീറിലെ അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റിക് സമീപത്തെ ചതുപ്പ് പ്രദേശങ്ങളിൽ പതിവ് പക്ഷിനിരീക്ഷണത്തിനിടെയാണ് ഹെറോണിനെ ആദ്യമായി പ്രജുൽ കാണുന്നത്. ഇരപിടിക്കാനായി ചിറകുകൾ കുടപോലെ വിടർത്തി തണലൊരുക്കി അതിലേക്ക് മത്സ്യങ്ങളെയും ചെറുജീവികളെയും ആകർഷിക്കുന്നതാണ് ഹെറോണിന്റെ രീതി. കാഴ്ചയിൽ നവ്യാനുഭൂതി പകരുന്ന ഹെറോണിന്റെ ചിറകുവിടർത്തിയുള്ള കാഴ്ച പ്രജുൽ ഏറെനേരം ഏകാഗ്രതയോടെ കാത്തിരുന്നാണ് പകർത്തിയത്. ആദ്യകാഴ്ചയിൽ ഹെറോണാണെന്ന് സ്ഥിരീകരിക്കാൻ പ്രജുലിനായിരുന്നില്ല.
അതിനുശേഷം ബഹ്റൈനിലെ പ്രമുഖ പക്ഷിനിരീക്ഷകനായ ഹവാഡ്കിങ്ങിന്റെ നിരീക്ഷണത്തിന് പടം നൽകുകയുണ്ടായി. 1980 മുതലുള്ള റോയൽ ഫാമിലിയുടെയും ബഹ്റൈനിലെ മറ്റു പക്ഷി ഫോട്ടോ കലക്ഷനുകളും ഒത്തുനോക്കി നിരീക്ഷിച്ച അദ്ദേഹം ബ്ലാക്ക് ഹെറോണിന്റെ ആദ്യ ചിത്രമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞവർഷം ജനുവരിയിലും പക്ഷിയുടെ സാന്നിധ്യം പവിഴ ദ്വീപിലുണ്ടായിട്ടുണ്ട്. അത് പകർത്തിയത് പ്രജുലിന്റെതന്നെ സൃഹൃത്തായിരുന്നു. മറ്റു രാജ്യങ്ങളിൽ വളരെ അപൂർവമായി കാണപ്പെടുന്ന ദേശാടനപ്പക്ഷിയാണ് ഹെറോൺ.
ബഹ്റൈനിലെ തീരദേശ ആവാസ വ്യവസ്ഥയിൽ ഹെറോണിനെ ആകർഷിക്കുന്ന ആഴം കുറഞ്ഞ ജലാശയങ്ങളോ വലിയ അളവിലുള്ള മത്സ്യ സമ്പത്തോ ഇല്ല. എന്നിട്ടും പവിഴദ്വീപ് സന്ദർശനത്തിനെത്തിയത് അത്ഭുതമായാണ് കണക്കാക്കപ്പെടുന്നത്. ബ്ലാക് ഹെറോണിനെ സാധാരണയായി ആഫ്രിക്കൻ പ്രദേശങ്ങളായ സെനഗൽ, സുഡാൻ, ദക്ഷിണാഫ്രിക്ക എന്നീ പ്രദേശങ്ങളിലാണ് കണ്ടുവരുന്നത്.
ഇടത്തരം വലിപ്പമുള്ള പക്ഷിയായ ഹെറോൺ സാധാരണയായി 42.5 സെന്റി മീറ്റർ മുതൽ 66 സെന്റിമീറ്റർവരെ ഉയരമുണ്ട്. 0.27 മുതൽ 0.39 കിലോഗ്രാമാണ് ഭാരം. കറുത്ത തൂവലുകൾ, കറുത്ത കൊക്ക്, മഞ്ഞനിറത്തിലുള്ള നീണ്ട കാവുകൾ എന്നിവയാണ് ബ്ലാക് ഹെറോണിന്റെ പ്രത്യേകതകൾ.
ഒമ്പത് വർഷത്തെ പ്രവാസത്തിനിടയിൽ കണ്ടതും ഇനി കാണാനിരിക്കുന്നതുമായ അപൂർവ ചിത്രങ്ങൾക്കായി പ്രജുലിന്റെ കാമറക്കണ്ണുകൾ അശ്രാന്ത പരിശ്രമത്തിലാണ്. ബഹ്റൈനിലെ സ്വകാര്യ കമ്പനിയിലെ എച്ച്.ആർ ആയി ജോലി ചെയ്യുന്ന ശീതളാണ് പ്രജുലിന്റെ ഭാര്യ. പ്രജുൽ പകർത്തിയ കൂടുതൽ ചിത്രങ്ങൾ കാണാൻ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് (@prejul_t_prakash) സന്ദർശിക്കാം.