മനസ്സിന്റെ മെമ്മറി കാർഡിൽ ഭദ്രം, നാട്ടുകാരുടെ ഫോൺ നമ്പറുകളെല്ലാം
text_fieldsപ്രസാദ്
മുണ്ടക്കയം: ഫോൺ നമ്പറുകൾ ഗൂഗ്ളിലും മൊബൈൽ ഫോണിലും മെമ്മറി കാർഡുകളിലുമെല്ലാമായി സൂക്ഷിക്കുന്ന കാലത്ത് പ്രസാദിന്റെ മനസ്സിന്റെ മെമ്മറി കാർഡിൽ നാട്ടുകാരുടെ നമ്പറുകളെല്ലാം ഭദ്രം. ഫോണിൽ സൂക്ഷിച്ച നമ്പറിൽ ഡയൽ ചെയ്ത് കാൾ ചെയ്യുന്ന പതിവ് പെരുവന്താനം മറ്റയ്ക്കാട്ട് സ്വദേശിയായ ഈ 48കാരനില്ല. ഒരാളെ ഫോൺ ചെയ്യാൻ നമ്പറിനായി ഫോണിലെ കോണ്ടാക്ട്സിലോ ഡയറിയിലോ നോക്കേണ്ടതില്ല, എല്ലാം മനസ്സകത്തെ ഡയറിയിൽ കൃത്യം. ഒരാളെ വിളിക്കാനായി ഓർക്കുമ്പോൾതന്നെ മനസ്സിലേക്ക് ആ നമ്പർ ഓടിയെത്തും.
ഓട്ടോക്കാർ, ചായക്കടക്കാരൻ, പച്ചക്കറിക്കടക്കാർ എന്നുവേണ്ട നാട്ടിലെ ആരുടെ ഫോൺ നമ്പർ വേണമെങ്കിലും പ്രസാദിനെ സമീപിച്ചാൽ കിട്ടും. ചുരുക്കത്തിൽ പ്രസാദിന്റെ ‘മെമ്മറി കാർഡിൽ’ ഇല്ലാത്ത ഒരു നമ്പറും പെരുവന്താനത്തില്ല. ഏഴുവർഷം മുമ്പാണ് പ്രസാദ് നമ്പറുകൾ മനഃപാഠമാക്കിത്തുടങ്ങിയത്. മൊബൈൽ ഫോണിൽ നമ്പർ സേവ് ചെയ്യുന്ന ബുദ്ധിമുട്ടോർത്താണ് മനസ്സിൽകുറിച്ച് തുടങ്ങിയത്. അതാണ് ഇപ്പോൾ ഇത്രയും വലിയ ശേഖരമായി മാറിയത്.
ആൻഡ്രോയിഡിന്റെയും ഐഫോണിന്റെയും കാലത്ത് പ്രസാദിന്റെ കൈവശമുള്ളത് ഒരു സാധാരണ ഫോൺ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്. അതിൽ ഒരു നമ്പർ പോലും സേവ് ചെയ്തിട്ടുമില്ല. നമ്പർ മാത്രമല്ല പ്രസാദിന്റെ മനസ്സിന്റെ കാർഡിൽ സൂക്ഷിച്ചിരിക്കുന്നത്; വർഷങ്ങൾക്കുമുമ്പ് കണ്ട സ്വപ്നങ്ങൾപോലും ഇന്നലത്തേത് പോലെ വിവരിക്കാൻ പ്രസാദിന് കഴിയും. ഏഴാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രസാദിന് സാമ്പത്തിക പ്രയാസത്തിൽ പഠനം ഇടക്ക് അവസാനിപ്പിക്കേണ്ടി വന്നതാണ്.
ഹോട്ടലുകളിലും റിസോർട്ടുകളിലും വിവാഹച്ചടങ്ങിലുമെല്ലാം പാചകക്കാരനായ പ്രസാദിന്റെ കൈപ്പുണ്യത്തെക്കുറിച്ച് പറയാൻ നാട്ടുകാർക്ക് നൂറുനാവാണ്. കോളജ് വിദ്യാർഥികൾ വിനോദയാത്ര പോകുമ്പോൾ പാചകക്കാരനായി ഒപ്പം പോകുന്നത് പ്രസാദാണ്. നോർത്ത് ഇന്ത്യൻ ഭക്ഷണമടക്കം എല്ലാ ഭക്ഷണത്തിനും പ്രസാദ് നല്ല കുക്ക് തന്നെ.
കൂട്ടുകാർക്കിടയിൽ ചീപ്ലി എന്നറിയപ്പെടുന്ന പ്രസാദ് ആ വിളി തന്റെ പേരിനേക്കാൾ അഭിമാനമായാണ് കാണുന്നത്. അവിവാഹിതനാണ്. സഹോദരങ്ങളായ പ്രകാശ്, ഓമന എന്നിവർക്കൊപ്പമാണ് താമസം.