ചിരട്ടകളാൽ വിസ്മയം; ബിജുവിന്റെ ശിൽപങ്ങൾ സംസാരിക്കും
text_fieldsബിജു ചിരട്ടകൊണ്ടുള്ള കരകൗശല നിർമാണത്തിൽ
പുൽപള്ളി: ചിരട്ടകൊണ്ടുള്ള കരകൗശല നിർമാണത്തിൽ വിസ്മയം തീർക്കുകയാണ് ശശിമല പളളിത്താഴെ പ്ലാപ്പറമ്പിൽ ബിജു. വൈവിധ്യമാർന്ന ശിൽപങ്ങളാണ് ബിജുവിന്റെ കൈകളാൽ വിരിയുന്നത്. ചെറുപ്പം മുതൽ സംസാരിക്കാനുള്ള കഴിവും കേൾവിയും നഷ്ടപ്പെട്ട ബിജു റബർ ടാപ്പിങ് തൊഴിലാളിയാണ്. മറ്റു തൊഴിലുകളും ചെയ്യും. ശിൽപനിർമാണം കുടുംബത്തിന്റെ ജീവിതോപാധികൂടിയാണ്. അഞ്ചുവർഷം മുമ്പാണ് ബിജു ശിൽപം നിർമിച്ചു തുടങ്ങുന്നത്.
ഒരു നേരമ്പോക്ക് പോലെയാണ് ആദ്യമൊക്കെ ഇവ നിർമിച്ചത്. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശിൽപങ്ങൾ നിർമിച്ചു വരുന്നു. ചിറകു വിടർത്തി നിൽക്കുന്ന പരുന്ത്, ആനകള്‍, ചെടികള്‍ തുടങ്ങി വ്യത്യസ്ത രൂപങ്ങള്‍ കൊത്തിയെടുക്കുന്നു. ഭാര്യ രാജി എല്ലാ പിന്തുണയുമായി കൂടെയുണ്ട്. ഇരുപതിൽപരം വ്യത്യസ്തങ്ങളായ രൂപങ്ങളാണ് ചിരട്ടയിൽ ബിജു നിർമിച്ചിട്ടുള്ളത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമാണ് ബിജുവിന്റേത്. രണ്ട് കുട്ടികളുണ്ട്. ഭർത്താവിനായി സംസാരിക്കുന്നത് ഭാര്യ രാജിയാണ്. നിർമാണത്തിന്റെ ബുദ്ധിമുട്ടുകൾ ബിജു ആംഗ്യ ഭാഷയിൽ വിവരിക്കും. ഇവ വാങ്ങാൻ കൂടുതൽ ആളുകൾ എത്തിയാൽ അത് കുടുംബത്തിന് ഏറെ സഹായകരമാകും.