37 വർഷമായി പരിപാലിക്കുന്നു; അംബാസഡറാണ് സത്യപാലന് ഉപജീവനം
text_fieldsടാക്സി ഡ്രൈവറായ സത്യപാലൻ തന്റെ അംബാസഡർ കാറുമായി
ചേർത്തല: ഒരു കാലഘട്ടത്തിൽ റോഡുകളിൽ രാജപ്രൗഢി നേടിയ വാഹനമായ അംബാസഡർ കാർ അന്യംനിന്നുപോയെങ്കിലും 37 വർഷമായി ഇപ്പോഴും ടാക്സി വാഹനമാക്കി ജീവിതത്തിലേക്ക് ചേർത്ത് നിർത്തുകയാണ് കളവംകോടം കളപ്പുരയ്ക്കൽ വീട്ടിൽ സത്യപാലൻ (59). ശീതീകരണം പോലും ഇല്ലാത്ത തന്റെ അംബാസഡറിൽ സത്യപാലന്റെ മനസ്സിൽ ഇന്നും കുളിർമതന്നെ.
1986ൽ ഒരു അംബാസഡർ കാറിലാണ് സത്യപാലൻ ഡ്രൈവിങ് പരിശീലനം നേടുന്നത്. 1987ൽ ടാക്സി ഓടിക്കാൻ ബാഡ്ജും കരസ്ഥമാക്കിയ സത്യപാലൻ മൂന്ന് ഘട്ടങ്ങളിൽ മൂന്ന് മുതലാളിമാരുടെ വണ്ടികളിൽ ഡ്രൈവറായി ജോലി ചെയ്തു. മൂന്ന് വാഹനവും അംബാസഡർ കാറുകളായിരുന്നു. 1987ൽ പത്തനംതിട്ട സ്വദേശിയിൽനിന്ന് 87,500 രൂപ നൽകിയാണ് സെക്കന്റ് ഹാന്റ് അംബാസഡർ കാർ സ്വന്തമായി വാങ്ങി ജീവിതത്തിലേക്ക് ചേർത്തുനിർത്തി. ഇതാണ് ഇപ്പോഴു നിധിപോലെ പരിപാലിച്ചുപോരുന്നത്.
ഇടക്കിടെ തകരാറുകൾ സംഭവിക്കുമ്പോൾ തൃശൂരിലും കോയമ്പത്തൂരും പോയാണ് സ്പെയർ പാർട്സ് വാങ്ങുന്നത്. കാറിൽ രാഷ്ട്രീയക്കാരെ കൂടാതെ അനവധി സിനിമ ലൊക്കേഷനുകളിലേക്ക് നടീ നടന്മാരേയും കൊണ്ടുപോയിട്ടുണ്ട്. ഒരു സിനിമയിൽ കാറുമായി അഭിനയിച്ചിട്ടുമുണ്ട്. സി.പി.ഐ നേതാവായിരുന്ന സി.കെ. ചന്ദ്രപ്പൻ, മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദൻ, നടൻ സത്താർ, നടി ഗീത, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ മന്ത്രി പി. തിലോത്തമൻ എന്നിവർ തന്റെ അംബാസഡറിൽ സഞ്ചരിച്ചിട്ടുണ്ടെന്നും സത്യപാലൻ പറഞ്ഞു.
തുടക്കം മുതൽ ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമായിരുന്നു ഓട്ടത്തിനായി എത്തിയിരുന്നത്. നിലവിൽ ദേവീ ക്ഷേത്രത്തിന് തെക്കുവശമുള്ള ടാക്സി സ്റ്റാന്റിൽ നിരവധി ആഡംബര വാഹനങ്ങൾക്കൊപ്പം സത്യപാലൻ തന്റെ അംബാസഡറുമായി എന്നും രാവിലെ എത്തും. ജില്ലയിൽ തനിക്ക് മാത്രമേ ടാക്സിയായി ഇപ്പോഴും അംബാസഡർ കാർ ഉള്ളുവെന്നും കാലഘട്ടത്തിനനുസരിച്ച് വാഹനം മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇത് ആർക്കും നൽകില്ലെന്നുമാണ് സത്യപാലൻ പറയുന്നത്.