‘ഞാനും അർബാബും കെട്ടിപ്പിടിച്ചു, ഞങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു...’
text_fieldsഹംസയും അർബാബ് അബ്ദുല്ല ബിൻ നാസ്സർ ബിൻ സാലിം അൽ മാഷരിയും കണ്ടുമുട്ടിപ്പോൾ
മുപ്പതു വർഷത്തെ പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയിട്ടും ഇപ്പോഴും മനസ്സിൽ ഗൾഫിനെയും അവിടെയുള്ള അറബിയെയും സുഹൃത്തുക്കളെയും കുറിച്ചുള്ള ഓർമകളാണ്. ഒമാനിൽ അബ്ദുല്ല ബിൻ നാസർ ബിൻ സാലിം അൽ മാഷരി എന്ന അറബിയുടെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ അക്കൗണ്ടന്റായിട്ടായിരുന്നു ജോലി.
അറബി നല്ല മനുഷ്യനാണ്. സ്വന്തം സഹോദരനെപ്പോലെയാണ് എന്നെ കണ്ടിരുന്നത്. ഓഫിസിൽ പല ദേശക്കാരും ഭാഷക്കാരും വരും. എന്റെ സുഹൃത്തുക്കളിൽ അറബികളും ഇംഗ്ലീഷുകാരും സുഡാനികളും ഈജിപ്തുകാരും പാകിസ്താനികളും ശ്രീലങ്കക്കാരും ബംഗ്ലാദേശികളും ഫിലിപ്പീൻകാരുമൊക്കെ ഉണ്ടായിരുന്നു. ഗൾഫ് വിട്ടതോടെ അവരെയെല്ലാം നഷ്ടമായല്ലോ എന്നോർക്കുമ്പോൾ വിഷമം തോന്നും.
അർബാബിന്റെ മൂത്ത മകൻ അഹ്മദ് അൽ മാഷരി ഇടക്ക് ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ബന്ധപ്പെടും. അപ്പോൾ അവിടത്തെ വിശേഷങ്ങളും അർബാബിനെക്കുറിച്ചുമൊക്കെ ഞാൻ അന്വേഷിക്കും. ഒരിക്കൽ അഹ്മദ് വിളിച്ചപ്പോൾ വളരെ വിഷമത്തോടെ പറഞ്ഞു: ‘‘ബാബയുടെ രണ്ടു കണ്ണിനും ഇപ്പോൾ തീരെ കാഴ്ചയില്ല. സ്വദേശത്തും വിദേശത്തുമുള്ള പല ഡോക്ടർമാരെയും കാണിച്ച് ഓപറേഷനൊക്കെ ചെയ്തെങ്കിലും ഫലമില്ല. കാഴ്ച ഇനി തിരിച്ചുകിട്ടില്ലെന്നാണ് എല്ലാ ഡോക്ടർമാരും പറയുന്നത്. ഇപ്പോൾ ഡ്രൈവറെ വെച്ചാണ് ബാബ വണ്ടിയോടിക്കുന്നത്. ഓഫിസിലൊക്കെ വല്ലപ്പോഴുമേ വരാറുള്ളൂ’’
അതറിഞ്ഞപ്പോൾ സങ്കടം തോന്നി. പിന്നെ, അർബാബിനെ കാണണമെന്ന ചിന്തയായി. ഭാര്യ മുസ്തരിയോട് വിവരം പറഞ്ഞപ്പോൾ അവളും കൂടെ വരുന്നെന്ന് പറഞ്ഞു. ഒമാനിലെത്തി അൽഖുവൈറിൽ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. പിറ്റേ ദിവസംതന്നെ ഞാൻ ഭാര്യയെയും കൂട്ടി ഓഫിസിൽ ചെന്നപ്പോൾ അർബാബ് സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. മനസ്സ് വല്ലാതെ വേദനിച്ചു. പഴയ പ്രസരിപ്പും ചുറുചുറുക്കുമൊക്കെ എങ്ങോ പോയ്മറഞ്ഞ് അദ്ദേഹം മെലിഞ്ഞ് ഒരു കോലമായിരിക്കുന്നു.
ഞാൻ വരുമെന്ന് അറിഞ്ഞിട്ട് വന്നതാണ്. ഓഫിസിൽ വേറെയും രണ്ടുമൂന്നു പേർ ഉണ്ടായിരുന്നു. ഞാൻ വേഗം സലാം ചൊല്ലി അർബാബിന്റെ കൈ പിടിച്ചു. അദ്ദേഹം പതുക്കെ എഴുന്നേറ്റ് പ്രത്യഭിവാദ്യം ചെയ്തിട്ട് ചോദിച്ചു: ‘‘മിൻ ഇൻത?’’ (നിങ്ങൾ ആരാ?)
‘‘അന (ഞാൻ) ഹംസ.’’ എന്ന് പറഞ്ഞ് ഞാൻ അർബാബിനെ കെട്ടിപ്പിടിച്ചു. അദ്ദേഹം എന്നെയും കെട്ടിപ്പിടിച്ചു. ഞങ്ങൾ ഇരുവരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഞാൻ മെല്ലെ അർബാബിനെ സോഫയിൽതന്നെ പിടിച്ചിരുത്തി. ഞങ്ങൾ നാട്ടുവിശേഷങ്ങളും കുടുംബവിശേഷങ്ങളും സംസാരിച്ചു.
ഞാനവിടെ ഇല്ലാത്തതും ഭാര്യയുടെ വിയോഗവും കാഴ്ച നഷ്ടപ്പെട്ടതുമൊക്കെ അർബാബിനെ വല്ലാതെ തളർത്തിയിരിക്കുന്നു. വെള്ളിയാഴ്ച വീട്ടിൽ എത്തി കുടുംബത്തിനൊപ്പം ചേരണം എന്ന് നിർബന്ധിച്ചാണ് അർബാബ് മടങ്ങിയത്.


