ഉബൈദിന്റെ പുരാവസ്തു ശേഖരത്തിന് നാലര പതിറ്റാണ്ടിന്റെ തിളക്കം
text_fieldsകല്ലുമുറിക്കല്‍ ഉബൈദിന്റെ പുരാവസ്തു ശേഖരം
ആനക്കര: കൗമാരത്തില്‍ തുടങ്ങിയ പുരാവസ്തുശേഖരണ കമ്പം വാർധക്യത്തിലും കൈവിടാതെ ഉബൈദ്. കുമ്പിടി കല്ലുമുറിക്കല്‍ ഉബൈദ് (63) ആണ് തന്റെ കച്ചവട ജീവിതത്തിനിടയിലും പുരാവസ്തുക്കളുടെ ശേഖരണത്തിനും സമയം കണ്ടെത്തുന്നത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയ കമ്പമാണ് മക്കളും പേരക്കുട്ടികളുമായിട്ടും പുരാവസ്തുശേഖരവുമായി നാലര പതിറ്റാണ്ടായി തുടരുന്നത്. ഇപ്പോഴും എവിടെ നിന്നെങ്കിലും പുരാവസ്തുവുമായി ബന്ധപ്പെട്ട് എന്ത് കിട്ടിയാലും ശേഖരിക്കും. കഴിഞ്ഞ ദിവസം മൂതൂരിലെ വിവാഹത്തില്‍ ഉബൈദിന്റെ പുരാവസ്തു പ്രദര്‍ശനമുണ്ടായത് എല്ലാവരിലും കൗതുകമായി.
ബ്രിട്ടീഷുകാരുടെ കാലത്തുളള ടെലഫോണ്‍ മുതല്‍ ആയിരക്കണക്കിന് വിദേശ കറന്‍സികള്‍, വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍ വരെ ശേഖരത്തിലുണ്ട്. പണ്ട് കാലങ്ങളില്‍ രാത്രിയില്‍ ഉപയോഗിച്ചിരുന്ന റാന്തല്‍ വിളക്കുകള്‍ അടക്കം നിരവധി തരം വിളക്കുകളും കൂട്ടത്തിലുണ്ട്. പഴയ അളവുതൂക്കത്തിനുള്ള വെള്ളിക്കോല്, ചേളാക്കോല് അടക്കം അനേകം പുരാവസ്തുക്കള്‍ ശേഖരത്തിലുണ്ട്. വിദേശത്ത് ജോലിചെയ്യുന്ന മകനും മറ്റ് മക്കളും ഭാര്യയും ഉബൈദിനെ സഹായിക്കുന്നുണ്ട്. ഭാര്യ: ആയിഷ. മക്കള്‍: നൗഷാദ് (ദുബൈ), ഷെമീര്‍ (പത്ര ഏജന്റ്), റിംഷാദ്, റഷീദ്.