അനുഗ്രഹീത കലാകാരനുണ്ട് ഇങ്ങ് യു.എ.ഇയിൽ
text_fieldsമനോഹരമായി കൊത്തിവെച്ച ശിൽപ്പങ്ങൾ കണ്ട് കണ്ണിമവെട്ടാതെ നോക്കി നിന്നിട്ടുണ്ടാവും നമ്മൾ. ഒരു ശില്പി എങ്ങനെ ഇത്ര മനോഹരമായി ശില്പങ്ങളുണ്ടാക്കുന്നു എന്നോർത്തു പോയിട്ടുമുണ്ടാകും. അതിമനോഹരമായ ശില്പങ്ങളും വിഗ്രഹങ്ങളും പണിതെടുക്കുന്ന അനുഗ്രഹീത കലാകാരനുണ്ട് ഇങ്ങ് യു.എ.ഇയിൽ. ആളൊരു ചിത്രകാരനാണ്, ഫോട്ടോഗ്രാഫറാണ്, ഗ്രാഫിക് ഡിസൈനറാണ് ഒപ്പം ഒരു നല്ല ശില്പിയുമാണ്. സന്തു ബ്രഹ്മ എന്നറിയപ്പെടുന്ന പി.എൻ സന്തോഷ്. ശിൽപ്പകല സന്തോഷിന് തന്റെ രക്തത്തിലുള്ള കലയാണ്. തൃശ്ശൂർ സ്വദേശിയായ സന്തു പുല്ലഴിയിലെ പുല്ലയിൽ കുടുംബത്തിലാണ് ജനിച്ചത്. വിഗ്രഹ നിർമാണത്തിൽ പ്രസിദ്ധനായ, വെങ്കല ശിൽപ്പങ്ങൾ മെനയുന്നതിൽ വിദഗ്ദ്ധനായ നാണു ആചാരിയുടെ മകനാണ് സന്തു.
ചെറുപ്പത്തിൽ വീടിനോട് ചേർന്നുള്ള ആലയിലെ മൂശയിൽ നിന്ന് മനോഹരമായ ശിൽപ്പങ്ങൾ അച്ഛനും സഹോദരങ്ങളും നിർമിക്കുന്നത് കണ്ടാണ് ശിൽപങ്ങളെ സന്തു പ്രണയിച്ചു തുടങ്ങിയത്. അച്ഛനൊപ്പം ശിൽപങ്ങൾക്കായുളള ചിത്രങ്ങൾ വരച്ചാണ് കലയുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ്. മെഴുകുകൊണ്ട് ദൈവങ്ങളുടെയും, വിളക്കുകളുടേയുമൊക്കെ രൂപങ്ങൾ കൊത്തിയുണ്ടാക്കി, പിന്നീട് അവ വെങ്കലത്തിലുരുക്കിയെടുത്ത് ആരും നോക്കിനിന്ന് പോകുന്ന മനോഹര ശില്പങ്ങളാക്കി മാറ്റി. ക്ഷേത്ര കലകളാണ് ചെയ്തതിലധികവും. ആന്റണി ദേവസ്സിയുടെ ശിക്ഷണത്തിൽ ചിത്രകല പഠിച്ചിട്ടുണ്ട് സന്തു. ശിവന്റെ പല ഭാവങ്ങളാണ് വരച്ച ചിത്രങ്ങളിലധികവും.
സന്തു ബ്രഹ്മയുടെ ചിത്രം
പെൻ ആർട്ടുകളും, വാട്ടർപെയിന്റിങ്ങും, ഓയിൽ പെയിന്റിങുമെല്ലാം ചെയ്യാറുണ്ട്. ശിൽപനിർമാണം പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അപ്ലൈഡ് ആർട്ടാണ് പഠിക്കാനായത്. അഞ്ചു വർഷത്തെ പഠനത്തിനുശേഷം ഐക്കണോഗ്രഫിയും പഠിച്ചു. സ്ഥപതി മോഹൻരാജിന്റെ കീഴിലായിരുന്നു പഠനം. നാട്ടിൽ തിരിച്ചെത്തി ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിട്ടുണ്ട്. ഇതിനിടെ ഫോട്ടോഗ്രഫിയോട് കമ്പം തോന്നി അതിലും ൈകയൊപ്പ് പതിച്ചു. ഇടക്ക് അൽപ്പം സംഗീതവും പഠിച്ചിട്ടുണ്ട്. സന്തോഷിന്റെ കലകൾക്ക് ഒരു പ്രത്യേകതയുണ്ട്. ഓരോ സൃഷ്ടിക്കും നൃത്തവുമായി ഒരു ബന്ധമുണ്ടായിരിക്കും. അത് വിഗ്രഹങ്ങളോ, ശിൽപങ്ങളോ, പെയിന്റിങ്ങുകളോ ഫോട്ടോഗ്രഫിയോ എല്ലാത്തിലും ഒരു നൃത്തമയമുണ്ട്. ഓരോ സൃഷ്ടികളും കണ്ണിമവെട്ടാതെ നോക്കിനിന്ന് പോകും.
സന്തുവിന്റെ ചിത്രങ്ങളും ശിൽപങ്ങളും കണ്ട് പല പ്രമുഖരും വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കാറുമുണ്ട്. ശ്രീശങ്കര യൂനിവേഴ്സിറ്റിക്ക് വേണ്ടി ചെയ്ത ആദിശങ്കരാചാര്യരുടെ ശിൽപ്പത്തിന് ഏറെ നല്ല അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. ലോകമെമ്പാടും സന്തുവിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 2022ൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ക്യാൻവാസ് പെയിന്റിങ് റെക്കോർഡിന്റെ ഭാഗമായിട്ടുണ്ട്. ഫോട്ടോഗ്രഫിയോടും ഒരു പ്രത്യേക കമ്പമുണ്ട്. ആർട് ഫോട്ടോഗ്രഫിയാണ് ഏറെ പ്രിയം. കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസിക്കൽ നൃത്തങ്ങളുടെ ഫോട്ടോകൾ പകർത്താൻ ഒരു പ്രത്യേക കഴിവുമുണ്ട് സന്തുവിന്. ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലും, കലാവേദികൾ, ഉത്സവങ്ങൾ എന്നിവിടങ്ങളിൽനിന്ന് നൃത്തങ്ങളുടെ നിരവധി ഫോട്ടോകൾ പകർത്തിയിട്ടുണ്ട് സന്തു.
പ്രകൃതിയുടെ സൗന്ദര്യം കാണിക്കുന്ന ചിത്രങ്ങളും പകർത്താനിഷ്ടമാണ്. വന്യമൃഗങ്ങളുടെയും, ദേശാടനകിളികളുടെയും, മനോഹരമായ കാടും മേടുമടങ്ങുന്ന പ്രകൃതിയുടെ ചിത്രങ്ങളും പകർത്തിയിട്ടുണ്ട്. മനോഹരമായി ഡിജിറ്റൽ ആർട്ടുകളും ചെയ്യാറുണ്ട്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ ചിത്രം ഡിജിറ്റലായി സ്കെച്ച് ചെയ്തിരുന്നു. ഇപ്പോൾ ദുബൈ അൽനഹ്ദയിലുള്ള ആർട് ഇൻസ്റ്റിട്യൂഷനിൽ ഇൻസ്ട്രക്ടറാണ്. വർഷാവസാനത്തോടെ തന്റെ എല്ലാ കലാസൃഷ്ടികളും ചേർത്തുവെച്ച് ഒരു എക്സിബിഷൻ നടത്താനുള്ള ഒരുക്കത്തിലാണ്. ദുബൈയിൽ പുതിയൊരു പ്രോജെക്റ്റിനായുള്ള തയ്യാറെടുപ്പിലാണ് സന്തു ഇപ്പോൾ. യു.എ.ഇയിലെ പ്രധാന ആകർഷണങ്ങളും ഭരണാധികാരികളും ഒപ്പം ഇമറാത്തി സംസ്കാരവുമൊക്കെയാണ് തീം.