ചൂരല്‍മല ദുരന്ത ‘ഓർമകൾ’ സൂക്ഷിച്ച് എ.എസ്. മുഹമ്മദ്
text_fieldsവയനാട് ദുരന്തവാർത്ത പത്രങ്ങളുമായി എ.എസ്. മുഹമ്മദ്
മുണ്ടക്കയം: ചൂരൽമലയിലെ ഉരുൾപൊട്ടലിന് ഒരുവയസ്സ് തികയുമ്പോൾ, അന്ന് അവിടെ എന്ത് സംഭവിച്ചുവെന്നറിയാൻ വർഷങ്ങൾ കഴിഞ്ഞാലും എ.എസ്. മുഹമ്മദിന്റെ അരികിലേക്ക് ഒന്നെത്തിയാൽ മതി. ആ ദുരന്തചിത്രം ഒപ്പിയെടുത്ത ദിനപത്രങ്ങളുടെ വൻ ശേഖരമുണ്ട്, അദ്ദേഹത്തിന്റെ പക്കൽ. നിരവധി പത്രപ്രദര്ശനങ്ങള് നടത്തുകയും പുരസ്കാരങ്ങള്‍ നേടുകയുംചെയ്ത മുണ്ടക്കയം വണ്ടന്‍പതാല്‍ അമ്പഴത്തിനാല്‍ മുഹമ്മദ്, ചൂരൽമല ദുരന്തത്തിന്റെ വ്യത്യസ്ത ശേഖരമാണ് സൂക്ഷിക്കുന്നത്.
2024 ജൂലൈ 30ന് വയനാട് ചൂരല്‍മലയിലുണ്ടായ ദുരന്തത്തിന്റെ വാര്‍ത്തകള്‍ ഇടംപിടിച്ച മലയാള, ഇംഗ്ലീഷ് പത്രങ്ങള്കൂടാതെ ജൂലൈ 31 മുതല്‍ ഒരുമാസത്തോളം ദുരന്തവുമായി ബന്ധപ്പെട്ടുവന്ന സങ്കടവാര്ത്തകളുടെ ശേഖരവുമുണ്ട്. എന്തെങ്കിലും സങ്കടം വരുമ്പോള്‍ വയനാടന്‍ ദുരന്തവാര്‍ത്ത പേജുകള്‍ മറിക്കും. വയനാടിനോളം സങ്കടം തനിക്കില്ലല്ലോ എന്നാശ്വസിക്കാന്‍ ഈ പത്രങ്ങള്‍ സഹായകമാകുമെന്ന് ഈ റിട്ട. വില്ലേജ് ഓഫിസര്‍ പറയുന്നു.
എവിടെ യാത്ര പോയാലും മുഹമ്മദിന്റെ ശ്രദ്ധയിലാദ്യമെത്തുന്നത് പ്രസിദ്ധീകരണങ്ങളാകും. ഏതെങ്കിലും ഒന്നില്‍ പ്രത്യേകത തോന്നിയാല്‍ അത് വാങ്ങും, അത് രാജ്യത്തിനകത്തായാലും പുറത്തായാലും. രണ്ടുമാസംമുമ്പ് ഹജ്ജിനു പോയപ്പോള്‍ ഗള്‍ഫ് മാധ്യമം, അറബ് പത്രങ്ങള്‍ എന്നിവ അവിടെനിന്ന് വാങ്ങി നാട്ടിലെത്തിച്ച് സൂക്ഷിക്കുന്നുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, അറബ്, കന്നട ഭാഷകളിലെ ആയിരത്തിലധികം പത്ര, മാസികകളുടെ ശേഖരവുമുണ്ട്.
സര്‍ക്കാര്‍ സർവിസിലിരിക്കുമ്പോഴും പ്രസിദ്ധീകരണങ്ങൾ ശേഖരിച്ചിരുന്നു. നൂറിലധികം വേദികളില്‍ പ്രദര്‍ശനവും നടത്തി. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരടക്കം പ്രമുഖര്‍ പ്രദര്‍ശനങ്ങൾക്ക് എത്തി ഡയറിയില്‍ അഭിനന്ദനം കുറിച്ചത് നിധിപോലെ സൂക്ഷിക്കുന്നു. വിരമിച്ചശേഷം വീടിനോടുചേർന്ന് നാട്ടുകാർക്കായി പിതാവ് സുലൈമാന്റെ സ്മരണാർഥം ലൈബ്രറിയും തുറന്നിട്ടുണ്ട്.