മഹാത്മാഗാന്ധിയുടെ പ്രതിമകൾ തീർത്ത് ബൈജു
text_fieldsപുസ്തകവും പിടിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന ഗാന്ധിപ്രതിമക്ക്
സമീപം ശിൽപി ബൈജു തീക്കുന്നുമ്മൽ
കുന്ദമംഗലം: മഹാത്മാഗാന്ധിയുടെ പ്രതിമകൾ നിർമിച്ച് വ്യത്യസ്തനായ ഒരു ശിൽപിയാണ് കുന്ദമംഗലത്തെ ചുമട്ടുതൊഴിലാളിയായ ബൈജു തീക്കുന്നുമ്മൽ. വർഷങ്ങൾക്കു മുമ്പ് സ്കൂളുകളിലെ ശാസ്ത്രമേളക്ക് വേണ്ട നിർമിതികൾ വിദ്യാർഥികൾക്കുവേണ്ടി ചെയ്തുകൊടുത്തുകൊണ്ടാണ് ഈ മേഖലയിലെ തന്റെ കഴിവ് ബൈജു തിരിച്ചറിഞ്ഞത്.
ഏതാനും വർഷങ്ങൾക്കു മുമ്പ് കുന്ദമംഗലം ബസ് സ്റ്റാൻഡിൽ ഒരു ഗാന്ധിപ്രതിമ ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെ സ്ഥാപിക്കുകയും പ്രതിമ നിൽക്കുന്ന സ്ഥലത്തിന് ഗാന്ധി സ്ക്വയർ എന്ന് പേരിടുകയും ചെയ്തു. ഇന്നും ഗാന്ധി സ്ക്വയർ പരിപാലിക്കുന്നത് ബൈജുവാണ്.
രണ്ടു തവണ സ്ക്വയർ വാഹനമിടിച്ചു തകർന്നപ്പോൾ ബൈജുവാണ് വീണ്ടും അറ്റകുറ്റപ്പണി ചെയ്തത്. ഗാന്ധിപ്രതിമയുടെ വിലപിടിപ്പുള്ള കണ്ണട മോഷണം പോയപ്പോൾ ബൈജുവിന്റെ നേതൃത്വത്തിൽ കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് പെരുവഴിക്കടവ് സ്കൂളിനുവേണ്ടി വ്യത്യസ്തമായ ഒരു ഗാന്ധിപ്രതിമ ബൈജു നിർമിച്ചത്. ചിരിച്ചുകൊണ്ട് പുസ്തകവും കൈയിലേന്തി ഇരിക്കുന്ന ഗാന്ധിയുടെ പ്രതിമയാണിത്. ഈ രീതിയിലുള്ള ഗാന്ധിജിയുടെ പ്രതിമകൾ വളരെ അപൂർവമായിരിക്കുമെന്ന് ബൈജു പറഞ്ഞു.
രൂപത്തിൽ ഗൗരവമുള്ള രീതിയിലാണ് മിക്ക പ്രതിമകളും നിർമിക്കാറുള്ളത്. എന്നാൽ, കുട്ടികളിൽ ഒരു പോസിറ്റിവ് ചിന്ത വരുന്നതിനു വേണ്ടിയാണ് ഇങ്ങനെ ഒരാശയം ബൈജുവിന്റെ മനസ്സിൽ രൂപപ്പെട്ടത്. മൂന്നു മാസം കൊണ്ടാണ് 1500 കിലോ ഉള്ള പ്രതിമ നിർമിച്ചത്. സിമന്റ്, കമ്പി, മെറ്റൽ തുടങ്ങിയവ ഉപയോഗിച്ച് സ്വന്തം കൈകൊണ്ടാണ് രൂപങ്ങൾ ഉണ്ടാക്കുന്നത്. കുന്ദമംഗലത്തെ മറ്റൊരു സ്കൂളിനുവേണ്ടി ഗാന്ധിജിയുടെ പ്രതിമ നിർമിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ പ്രതിമ കുന്ദമംഗലത്ത് സ്ഥാപിക്കണമെന്നാണ് ബൈജുവിന്റെ ആഗ്രഹം. പക്ഷേ, പ്രതിമ നിർമിക്കാൻ സാമ്പത്തിക പ്രയാസം ഉണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ മഹാന്മാരെ അവഗണിക്കുകയും മറന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ അവരുടെ പ്രതിമകൾ സ്ഥാപിച്ച് പുതുതലമുറക്ക് അവരെ കൂടുതൽ അറിയുന്നതിനു വേണ്ടിയുള്ള ഒരു ശ്രമമാണ് ഐ.എൻ.ടി.യു.സി കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റുകൂടിയായ ബൈജു നടത്തുന്നത്. സ്പോൺസർമാരെ കിട്ടിയാൽ തന്റെ ആശയങ്ങളിലുള്ള പ്രതിമകൾ സ്ഥാപിക്കുമെന്ന് ബൈജു പറഞ്ഞു. ഭാര്യ: ബിന്ദു. മകൾ: ലക്ഷ്മി.


