അനാഗതശ്മശ്രു
text_fieldsതലക്കെട്ട് കണ്ട് കാര്യം അറിയാൻ വന്നവരോട് ഒരുവാക്ക്, അല്ല... ഒന്നിലധികം വാക്കുകൾ പറയാനുണ്ട്. അത് വഴിയെ പറയാം. എന്നാ, അതങ്ങ് ആദ്യമേ പറഞ്ഞാൽ പോരേ, ഇങ്ങനെ വളച്ചുകെട്ടി പിന്നെ പറയാൻ ഇവനേതാ ഈ ‘ക്ണാപ്പൻ’ എന്ന് വിചാരിക്കുന്നവരോട് വീണ്ടും ഒരുവാക്ക്... ‘എമണ്ടൻ’ ‘ഗീർവാണം’ മുഴക്കാനുള്ള പുറപ്പാടാണല്ലോ എന്ന് തോന്നിയവരോടും ഒന്ന് പറയട്ടെ: ‘ജാംബവാന്റെ കാലം’ മുതൽക്കേ നമ്മൾ ഇത്തരം വാക്കുകൾ എല്ലാം തരാതരംപോലെ എടുത്തങ്ങ് പ്രയോഗിച്ചുകളയുന്നുണ്ടല്ലോ ?. എന്നാൽ, നമ്മളിൽ ഭൂരിപക്ഷം പേരും യഥാർഥ അർഥം അറിഞ്ഞല്ല ഓരോ വാക്കും ഉപയോഗിക്കുന്നത് എന്നതാണ് സത്യാവസ്ഥ. പല വാക്കുകളും നാം അസ്ഥാനത്താണ് ഉപയോഗിക്കുന്നതും. ഉദാഹരണത്തിന്, ‘എമണ്ടൻ’ എന്ന വാക്ക് തന്നെയെടുക്കാം.
‘‘ഒന്നാം ലോകയുദ്ധകാലത്ത് അങ്ങ് ജർമനിയിൽനിന്ന് വന്നതാണ് ഈ എമണ്ടൻ. ഒന്നാം ലോകയുദ്ധ സമയത്ത് മദ്രാസ് ആക്രമിച്ച ജർമൻ യുദ്ധക്കപ്പലിൽനിന്നാണ് ഈ വാക്കിന്റെ വരവ്. sms emden -അതായിരുന്നു കപ്പലിന്റെ പേര്. ജർമനിയിലെ ഒരു നഗരത്തിന്റെ പേരാണ് എംഡൻ. ഒന്നാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ബ്രിട്ടനും ജർമനിയും ഒന്നാന്തരം ശത്രുക്കൾ. ബ്രിട്ടന് കീഴിലായിരുന്ന ഏഷ്യൻ രാജ്യങ്ങളിൽ ആക്രമണം നടത്തിവരുന്ന വഴിക്ക് 1914 സെപ്റ്റംബർ 22ന് രാത്രി എംഡൻ മദ്രാസ് തീരത്തും എത്തി. ‘‘ഒന്നും നോക്കണ്ട, തകർത്തോ’’ എന്ന ക്യാപ്റ്റൻ മുള്ളറുടെ നിർദേശത്തിന് പിന്നാലെ ‘ടമാർ പഠാർ’ എന്ന് മദ്രാസ് തീരത്തേക്ക് ഒരു ഷെൽമഴ തന്നെ കുതിച്ചു. അപ്രതീക്ഷിത ആക്രമണത്തിലൂടെ നാശം വരുത്തിയിട്ട് കൂളായി സ്റ്റാൻഡ് വിട്ട എംഡൻ കപ്പലിനെ പക്ഷേ, തമിഴർ വിട്ടില്ല. അവരതിനെ ഭാഷയിലേക്ക് എടുത്തു. വരവും പോക്കുമൊന്നും ആരെയും അറിയിക്കാതെ ഒളിഞ്ഞുമാറി നടക്കുന്ന ചിലയാൾക്കാരുണ്ട്. അത്തരക്കാരെ സൂചിപ്പിക്കാനായാണ് തമിഴർ എംഡൻ എന്ന വാക്ക് ഉപയോഗിച്ചത്. ഒന്നിനെയും ഭയക്കാത്ത ധൈര്യശാലി, നല്ല കുരുട്ടുബുദ്ധിയുള്ളയാൾ, കില്ലാടി, വില്ലൻ തുടങ്ങിയ അർഥങ്ങളും തമിഴിൽ എംഡന് നൽകി. മലയാളത്തിൽ എമണ്ടൻ, യമണ്ടൻ എന്നൊക്കെ ആയ ഈ വാക്കിന് ഭീകരൻ, അസാമാന്യവലിപ്പമുള്ളത് എന്നൊക്കെയാണ് ചാർത്തിക്കൊടുത്തത്. ശ്രീലങ്കയിൽ ഈ വാക്കിന് കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ കുഞ്ഞുങ്ങളെ പേടിപ്പെടുത്താനായി ഒക്കെ ഉപയോഗിക്കുന്ന വാക്കാണ്. ഇത്തരത്തിൽ നാം നിത്യജീവിതത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല വാക്കുകളുടെയും അർഥങ്ങളും പിന്നാമ്പുറക്കഥകളും മലയാളിക്ക് പരിചയപ്പെടുത്തുകയാണ് സോഷ്യൽ മീഡിയയിലെ ന്യൂജെൻ ‘എഴുത്താശാൻ’ വിവേക് രാമചന്ദ്രൻ.
‘bardofsmallthings’
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും ‘bardofsmallthings’ എന്ന പേജ് വഴി മലയാളിയെ ‘ശരിക്കും’ മലയാളം പഠിപ്പിക്കുകയാണ് പാട്ടെഴുത്തുകാരനും വിഡിയോ ക്രിയേറ്ററുമായ ഈ ചെറുപ്പക്കാരൻ. മലയാളം പഠിപ്പിക്കുന്ന ഒരു സോഷ്യൽ മീഡിയ പേജിന് എന്താണ് ഇങ്ങനൊരു ഇംഗ്ലീഷ് പേരെന്ന് ചിന്തിച്ചവർക്കുള്ള ഉത്തരം ഇതാണ്. അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാൾതിങ്സ്’ എന്ന കൃതിയാണ് വാക്കിന്റെ പിന്നിലെ പ്രചോദനം. പാട്ടിലെ വരികളെയും വാക്കുകളെയുംകുറിച്ച് പറയാൻ യൂട്യൂബ് ചാനൽ ആരംഭിച്ചപ്പോൾ ഇട്ട പേരാണ് ‘bardofsmallthings’. ബാർഡ് എന്നാൽ എഴുതുകയും പാടുകയും ചെയ്യുന്ന ഗായകകവി എന്നാണ് അർഥം. ആ അർഥത്തിൽ ചെറിയ ചെറിയ കാര്യങ്ങൾ പറയാൻ ആരംഭിച്ച ചാനൽ പിന്നീട് മലയാളം വാക്കുകളുടെ ഉറ്റതോഴനാവുകയായിരുന്നു.
ഏറ്റവും കൗതുകകരമായ ഒരു കാര്യം എന്തെന്ന് വെച്ചാൽ, പത്താംതരം വരെ മാത്രം മലയാളം ഭാഷാവിഷയമായി പഠിച്ച വിവേക് ആണ് ഇപ്പോൾ വിദ്വാന്റെ വേഷമണിഞ്ഞിരിക്കുന്നത് എന്നതാണ്. പ്ലസ് ടുവിനും ഡിഗ്രിക്കുമെല്ലാം ഹിന്ദി സെക്കൻഡ് ലാംഗ്വേജ് ആയി എടുത്ത് പഠിച്ച വിവേകിന് പക്ഷേ, ചെറുപ്പം മുതലേ കവിതയെഴുത്തും ഗാനരചനയും കൈമുതലായുണ്ടായിരുന്നു. വാക്കുകളുടെ അർഥം തേടിയുള്ള യാത്ര അന്നേ തുടങ്ങിയിരുന്നു എന്ന് സാരം. പാട്ടുകളിലെയും മറ്റും ഹിന്ദി, മലയാളം വാക്കുകളുടെ അർഥം അറിയാൻ നടത്തിയ യാത്ര വിവേക് പിന്നീട് പഠനത്തിരക്കിലും ജോലിത്തിരക്കിലും മറ്റും പെട്ടതോടെ കൈവിട്ടു. പി.ജി മാസ് കമ്യൂണിക്കേഷൻ കഴിഞ്ഞ ഈ ചങ്ങനാശ്ശേരിക്കാരൻ ഇപ്പോൾ കോട്ടയത്ത് ബാലപ്രസിദ്ധീകരണത്തിൽ ജോലി ചെയ്തുവരുകയാണ്.
‘കന്മദം’ തേടിവന്നവർ
2019ൽ യൂട്യൂബ് ചാനൽ ആരംഭിച്ച് പാട്ടുകളിലെയും സിനിമകളിലെയും പിഴവുകളും സിനിമ നിരൂപണങ്ങളും ഓഡിയോ വഴി മാത്രം പ്രേക്ഷകന് മുന്നിലെത്തിച്ച വിവേകിനെ അന്നാരും അധികം തിരിച്ചറിഞ്ഞില്ല. പിന്നീടാണ് ചാനലിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട് കാര്യങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്. ഇട്ടിക്കണ്ടപ്പൻ എന്ന വാക്കിനെക്കുറിച്ച് പറഞ്ഞപ്പോൾ അത് ശ്രദ്ധിക്കാൻ ആളുണ്ടായി. അന്നേവരെ ഇംഗ്ലീഷ് വാക്കുകളുടെ അർഥം പറയാനും വ്യാകരണം പഠിപ്പിക്കാനുമുള്ള ആയിരക്കണക്കിന് ആളുകൾക്കിടയിൽനിന്ന് മലയാളത്തിന്റെ മാധുര്യം പറയാനും ഒരാളുണ്ടാവുകയായിരുന്നു. പുതിയ ഒരുകാര്യം കാണാനും കേൾക്കാനുമുള്ള മലയാളിയുടെ മനസ്സിനെ കൂടെക്കൂട്ടിയ വിവേക് പിന്നീട് കന്മദം, വാരണം ആയിരം തുടങ്ങിയ വാക്കുകളുടെ അർഥം തേടിപ്പോവുകയും അത് പങ്കുവെക്കുകയും ചെയ്തു. അഞ്ചര ലക്ഷത്തിലധികം പേരാണ് കന്മദം എന്ന വാക്കിന്റെ പൊരുൾതേടി ഇൻസ്റ്റഗ്രാമിലെത്തിയത്. വാരണം ആയിരം എന്ന പേരും ലക്ഷങ്ങൾ ആസ്വദിച്ചു. ‘അന്യൻ’ സിനിമയിലെ സംസ്കൃത ശ്ലോകം, ‘മീശമാധവൻ’ സിനിമയിലെ ഇംഗ്ലീഷ് സംഭാഷണം, ‘ഗജിനി’ പോലുള്ള സിനിമപ്പേര്, ശപ്പൻ, ശാതോദരി, അണ്ടനും അടകോടനും, മഞ്ജീര ശിഞ്ജിതം, ജീമൂത നിർഝരി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വാക്കുകളുടെ അർഥങ്ങളും വ്യാകരണ, അക്ഷരപ്പിശകുകളും ചൂണ്ടിക്കാട്ടി മലയാളിയെ നേരായ വഴിക്ക് നയിക്കാൻ തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്കും ചെലവഴിക്കുന്നുണ്ട് വിവേക്.
പല വാക്കുകളുടെയും അർഥം തേടി വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾ ചേർന്ന് ഇന്ന് വീട്ടിൽ ഒരുകൊച്ചു വായനശാല തന്നെയുണ്ട്. എല്ലാ മേഖലയിൽനിന്നുമുള്ള പുസ്തകങ്ങൾ പണം വാങ്ങി സ്വരുക്കൂട്ടുന്ന വിവേകിന് ആകെയുള്ള ലാഭം എന്തെന്ന് വെച്ചാൽ ഓരോ വാക്കും തേടിപ്പോയി അതിന്റെ അർഥം കണ്ടെത്തി അത് പങ്കുവെക്കുമ്പോഴുള്ള സന്തോഷം, അതൊന്നു മാത്രം. ചില വാക്കുകളുടെ അർഥം മണിക്കൂറുകൾക്കകം ലഭിക്കുമെങ്കിൽ ചിലത് മാസങ്ങൾ നീളും. അതിനായി പല റിസർച്ചുകളും നടത്തും. പഴയ തലമുറയിലെ പലരെയും പോയിക്കാണും. സിനിമ ഗാനങ്ങളിലെ വാക്കുകൾ ആണെങ്കിൽ ഗാനരചയിതാവിനെ പോയിക്കണ്ട് കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കും. ചില വാക്കുകളുടെ അർഥം ശബ്ദതാരാവലിയിലും മറ്റും കിട്ടാതെവരും. രാവണപ്രഭു സിനിമയിലെ ഗാനത്തിൽ വരുന്ന ‘വനവലാക’, ചെമ്പരത്തി സിനിമയിലെ ഗാനത്തിൽ വരുന്ന ‘സാലഭഞ്ജിക’, ഗജിനി തുടങ്ങിയ വാക്കുകളുടെ അർഥങ്ങളുടെ ആഴംതേടി അലഞ്ഞത് മാസങ്ങളാണ്. ചില വാക്കുകൾ പിടിതരാതെ ഇപ്പോഴും ‘വേട്ടയാടുന്നു’.
വൈറൽ സ്റ്റാർ
യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഈ വർഷമാദ്യം മലയാളം വാക്കുകളുടെ അർഥം പറയുന്ന സീരീസ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ആളുകൾ ബാർഡ് ഓഫ് സ്മാൾതിങ്സിനെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയത്, അതും കൂടുതലായി ഇൻസ്റ്റഗ്രാമിൽ. ചുരുങ്ങിയ മാസത്തിനകം 55,000ൽ കൂടുതൽ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ ഈ പേജ് പിന്തുടരുന്നുണ്ട്. അതിൽ നടീനടന്മാരും ഗായകരും ഭാഷാസ്നേഹികളും തുടങ്ങി എല്ലാ തുറയിലുമുള്ള മലയാളത്തെ സ്നേഹിക്കുന്നവരുണ്ട്. ഗായകൻ ബ്രഹ്മാനന്ദന്റെ മകനും പാട്ടുകാരനുമായ രാകേഷ് ബ്രഹ്മാനന്ദൻ ഒരിക്കൽ വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് താൻ പോലുമറിയാത്ത പല കാര്യങ്ങളും തന്റെ ‘പഠിപ്പിക്കലിന്’ പിന്നിലുണ്ടെന്ന് വിവേക് മനസ്സിലാക്കുന്നത്. വാക്കുകളുടെ അർഥമറിഞ്ഞു പാടാൻ സാധിക്കുന്നതിനാൽ ഏറെ അഭിനന്ദനം അറിയിച്ചാണ് അദ്ദേഹം ഫോൺവെച്ചത്. ഭാര്യയും ചിത്രകാരിയുമായ ആതിരയുടെ ‘കട്ട’ സപ്പോർട്ടിലാണ് ഇപ്പോഴത്തെ ജൈത്രയാത്ര. താൻ മാത്രം നേരിട്ട് സംസാരിച്ചിരുന്ന വിഡിയോയിൽ ചോദ്യങ്ങൾ ചോദിക്കാനും അതിനോട് പ്രതികരിക്കാനും ആതിര എത്തിയത് ആളുകൾക്ക് കൂടുതൽ ഹൃദ്യമായതോടെ അത് കാഴ്ചക്കാരുടെ എണ്ണത്തിലും പ്രകടമായിട്ടുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന, പാട്ടുകളെ സ്നേഹിക്കുന്ന വിവേക് ഒരു അനാഗതശ്മശ്രു (മീശമുളക്കാത്തവൻ-ലോകവിവരം കുറഞ്ഞവൻ) ഒന്നുമല്ല കേട്ടോ, ആള് ശരിക്കുമൊരു ശുംഭനാണ്; അക്ഷരത്തിളക്കമുള്ള ശുംഭൻ.