സെറിബ്രൽ പാൾസി തോറ്റുപോകുന്നു; അബ്ദുൽ റഷീദിന് മുന്നിൽ
text_fieldsചിറ്റൂർ: സെറിബ്രൽ പാൾസി ബാധിച്ചവരുടെ ലോകം നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടതല്ല എന്ന് പാഠം കാട്ടിത്തരുകയാണ് തത്തമംഗലം സ്വദേശി അബ്ദുൾ റഷീദ് എന്ന 29കാരൻ. തത്തമംഗലത്ത് ലൈറ്റ് ആൻഡ് സൗണ്ട്, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളുടെ ചുമതലക്കാരനാണിപ്പോൾ അബ്ദുൽ റഷീദ്. നേരത്തെ പിതാവ് മുഹമ്മദ് റഫിയായിരുന്നു ഈ സ്ഥാപനങ്ങൾ നടത്തിവന്നിരുന്നതെങ്കിൽ ഇപ്പോൾ തിരിഞ്ഞുനോക്കേണ്ടി വരുന്നില്ല, അദ്ദേഹത്തിന്.
ഇരട്ടക്കുട്ടികളിൽ ഒരാളായ അബ്ദുൽ റഷീദിന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് മാതാപിതാക്കളായ മുഹമ്മദ് റഫിയും സമീനയും വഴികാട്ടികളായി. ചേർത്തു പിടിച്ചും കരുതലിന്റെ കൈത്താങ്ങായും അച്ഛനുമമ്മയും സഹോദരനും കട്ടക്ക് കൂടെ നിന്നപ്പോൾ കുഞ്ഞിലേതന്നെ പ്രതീക്ഷകളും അബ്ദുൽ റഷീദിൽ വളർന്നു വന്നു. എസ്.എസ്.എൽ.സിയും പ്ലസ് ടുവുമൊക്കെ നിഷ്പ്രയാസം മറികടന്ന് ചിറ്റൂർ ഗവ. കോളജിൽ നിന്ന് ബിരുദവുമെടുത്താണ് മതാപിതാക്കളുടെ പ്രതീക്ഷകൾക്ക് അബ്ദുൾ റഷീദ് ചിറകുകൾ നൽകിയത്.
തുടർന്ന് പിതാവിന്റെ സ്ഥാപനങ്ങളുടെ ചുമതലക്കാരനായപ്പോൾ വീട്ടിൽ നിന്നും ഒരു കിലോമീറ്ററിലേറെ ദൂരമുള്ള സ്ഥാപനത്തിലേക്ക് മുഹമ്മദ് റഫി കാറിൽ കൊണ്ടു വിടുമായിരുന്നു. മോട്ടോർ ഘടിപ്പിച്ച വീൽചെയർ സ്വന്തമാക്കി വീട്ടിൽ നിന്നും ഒറ്റക്ക് തന്നെ കടയിലേക്ക് ഓടിച്ചു പോവാൻ തുടങ്ങി. ആദ്യ ദിവസങ്ങളിൽ മുഹമ്മദ് റഫി വീൽചെയറിനു പുറകെ സ്കൂട്ടറിൽ പിന്തുടരുമായിരുന്നെങ്കിലും ദിവസങ്ങളായി ഒറ്റക്കാണ് സഞ്ചാരം. ഇനിയൊരു കാർ സ്വന്തമായി ഓടിക്കണം, ബാപ്പയുടെ ബിസിനസ് മുന്നിൽ നിന്ന് വിപുലപ്പെടുത്തണം, അങ്ങിനെ നീളുന്നു അബ്ദുൽ റഷീദിന്റെ രോഗം തളർത്താത്ത പ്രതീക്ഷകളും സ്വപ്നങ്ങളും.


