ചെസ് ബോർഡിന്‍റെ കണ്ണുകൾ
text_fieldsമുഹമ്മദ് സാലിഹ്
വെല്ലുവിളികളെ അതിജീവിച്ച് ചെസ്സിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് പി.കെ. മുഹമ്മദ് സാലിഹ്. കാൽനൂറ്റാണ്ടിനിടെ ഉൾക്കാഴ്ച കൊണ്ട് സ്വന്തമാക്കിയത് പാരാഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ. പക്ഷേ അവഗണനകൾ ഇപ്പോഴും ബാക്കിയാകുന്നു...
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലൂടെ കരുക്കൾ നീക്കി പരിമിതികളെ ഉൾക്കാഴ്ച കൊണ്ട് തോൽപിക്കുന്ന മുഹമ്മദ് സാലിഹ്. ജന്മന കൂടെയുള്ള അന്ധതയെ കഴിവുകൾകൊണ്ട് തോൽപിച്ച് ചരിത്രം സൃഷ്ടിക്കുന്ന ചെറുപ്പക്കാരൻ. വെല്ലുവിളികളെ അതിജീവിച്ച് ജീവിതംകൊണ്ട് ചെസ്സിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് പി.കെ. മുഹമ്മദ് സാലിഹ്. താമരശ്ശേരി കൊട്ടാരക്കോത്ത് സ്വദേശി സാലിഹിന് ചെസ്സിൽ ഇനിയും ഉയരങ്ങൾ കീഴടക്കണമെന്നാണ് ആഗ്രഹം. 25 വർഷങ്ങളിൽ തന്റെ ഉൾക്കാഴ്ച കൊണ്ട് സ്വന്തമാക്കിയത് പാരാഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ. സാലിഹിനെ വായിച്ചറിയാം.
ചെസ്സിലേക്ക്
റഹ്മാനിയ സ്കൂൾ ഓഫ് ഹാൻഡികാപ്പിഡിലായിരുന്നു പഠനം. 11ാം വയസ്സിൽ ചെസ്സിനോട് താൽപര്യം തോന്നി. സഹപാഠികളായിരുന്നു അതിനു കാരണം. അവരുടെ വാക്കുകളിലൂടെ ചെസ്സിനെക്കുറിച്ച് കൂടുതൽ അറിഞ്ഞു. പഠനം തുടങ്ങി. ഹോസ്റ്റലിൽനിന്ന് പഠിക്കുന്നതിനാൽ ചെസ്സിനെക്കുറിച്ച് അറിയാൻ ധാരാളം സമയം ലഭിച്ചു. കാഴ്ച പരിമിതിയുള്ളവർക്ക് പ്രത്യേകം തയാറാക്കിയ മരംകൊണ്ടുള്ള ചെസ് ബോർഡ് ലഭിക്കും. ചെസ്സിനെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. തുടർച്ചയായ വിജയങ്ങൾ കൂടുതൽ പഠിക്കാൻ ആവേശം നൽകി. അതോടെ കളി കാര്യമാകുകയും ചെയ്തു.
സ്വയം പഠനം
തൊട്ടുനോക്കി മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലാണ് കാഴ്ചപരിമിതർക്കായി തയാറാക്കിയ ചെസ് ബോർഡുകളും കരുക്കളും. വൃത്യസ്ത ആകൃതിയുള്ള പീസുകൾ കളിക്കാനായി ഉപയോഗിക്കും. കറുപ്പും വെളുപ്പും വേർതിരിച്ച് അറിയാനായി പ്രത്യേകം അടയാളപ്പെടുത്തും. കറുപ്പിന്റെ മുകളിൽ തൊട്ടുനോക്കി മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ പ്രത്യേക അടയാളമുണ്ടായിരിക്കും. അതുകൊണ്ടുതന്നെ കാഴ്ചയുള്ളവർക്കും ഇല്ലാത്തവർക്കും ഒരേ നിയമത്തിൽ കളിക്കാൻ കഴിയുന്ന ഒരേയൊരു ഗെയിമാണ് ചെസ്.
ചെസ്സിൽ വിദഗ്ധ പരിശീലനമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പഠിച്ചെടുക്കണമെന്ന നിശ്ചയദാർഢ്യമുണ്ടായിരുന്നു. അടങ്ങാത്ത അഭിനിവേശം കാരണം സ്വയം പഠിച്ചെടുത്തു. ഓരോ മത്സരത്തിന് ശേഷവും സ്വയം വിലയിരുത്തും. ജയിച്ചാലും പരാജയപ്പെട്ടാലും അങ്ങനെത്തന്നെ. അതിനുശേഷമാണ് അടുത്ത മത്സരത്തിന് തയാറെടുക്കുക. ഫോണിൽ ചെസ്സിനെക്കുറിച്ച് കൂടുതൽ അറിയാൻ പ്രത്യേക ആപ്ലിക്കേഷനുകൾ ലഭിക്കും. അതിലൂടെ ഗ്രാൻഡ്മാസ്റ്റർമാരുടെ കരുനീക്കങ്ങൾ വിലയിരുത്തുകയും പഠിക്കുകയും ചെയ്യും. ഓരോ മത്സരങ്ങളും പുതിയ പാഠങ്ങളാണ് സമ്മാനിക്കുക.
ദേശീയ ടൂർണമെന്റുകളിലേക്ക്
കോളജ് പഠനകാലത്താണ് കൂടുതൽ മത്സരങ്ങളിൽ സജീവമാകുന്നത്. കാലിക്കറ്റ് ഇന്റർസോൺ മത്സരങ്ങളിൽ ദേവഗിരി കോളജിനെയും കോഴിക്കോട് ലോ കോളജിനെയും പ്രതിനിധീകരിച്ച് മത്സരിച്ചു. കാഴ്ചയുള്ളവരോടൊപ്പവും മത്സരിച്ച് വിജയം നേടിയിരുന്നു. 2007ലായിരുന്നു ആദ്യത്തെ ദേശീയ ടൂർണമെന്റ്. 2007, 2008, 2022വർഷങ്ങളിൽ കേരള ബ്ലൈൻഡ് ചെസ് ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടി. 2008ൽ ഹരിയാനയിലും 2010ൽ മുംബൈയിലും നടന്ന നാഷനൽ ബ്ലൈൻഡ് ചെസ് ടൂർണമെന്റിൽ കേരള ബ്ലൈൻഡ് ചെസ് ടീമിന്റെ ക്യാപ്റ്റനായി. മുംബൈയിൽ നടന്ന ടൂർണമെന്റിൽ കേരളം റണ്ണറപ്പായിരുന്നു.
അതിനൊപ്പംതന്നെ ദേവഗിരി സെന്റ് ജോസഫ് കോളജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് ലോ കോളജിൽ നിന്ന് നിയമ പഠനവും പൂർത്തിയാക്കി. കാഴ്ചയുള്ളവരോടൊപ്പം മത്സരിച്ച് അന്താരാഷ്ട്ര ഫിഡെ റേറ്റിങ് കരസ്ഥമാക്കിയ കേരളത്തിലെ ആദ്യ കാഴ്ച പരിമിതനായി മാറി. ജമ്മു-കശ്മീർ, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഝാർഖണ്ഡ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഗോവ, തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നടന്ന അന്തർസംസ്ഥാന ടൂർണമെന്റുകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. കേരള ചെസ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡിന്റെ മുൻ പ്രസിഡന്റായിരുന്നു. ഒറ്റക്കായിരുന്നു ടൂർണമെന്റിൽ പങ്കെടുക്കാനുള്ള യാത്രകളെല്ലാം.
വെള്ളിത്തിളക്കം
ഹരിയാനയിലെ അമ്പാനയിൽ നടന്ന ദേശീയ ടൂർണമെന്റിലെ മികച്ച പ്രകടനം പാരാഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അവസരമുണ്ടാക്കിത്തന്നു. 2018ൽ ജക്കാർത്തയിലായിരുന്നു പാരാഏഷ്യൻ ഗെയിംസ് മത്സരം. ബി വൺ കാറ്റഗറിയിൽ റാപിഡ് ചെസ് മെൻസ് ടീമിലായിരുന്നു വെള്ളി മെഡൽ നേട്ടം. മെഡൽ ദാന ചടങ്ങിൽ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിക്കേട്ടത് ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമായി. തിരിച്ചെത്തിയതിന് ശേഷം വിജയികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ കായികമന്ത്രിയുൾപ്പെടെ പ്രമുഖർ അനുമോദിച്ചു. 15 ലക്ഷം രൂപ പാരിതോഷികവും ലഭിച്ചു. ആ തുക കൊണ്ട് കൊട്ടാരക്കോത്ത് വാങ്ങിയ സ്ഥലത്ത് മാധ്യമം നിർമിച്ചു നൽകിയ അക്ഷര വീട്ടിലാണ് സാലിഹും കുടുംബവും താമസിക്കുന്നത്.
കണ്ടിട്ടും കാണാത്തവർ
അഭിമാനനേട്ടങ്ങളെല്ലാം കൈവരിച്ചെങ്കിലും ഒരു സർക്കാർ ജോലിയായിരുന്നു എക്കാലത്തെയും സ്വപ്നം. പാരാ ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തിന് പിറകെ കേന്ദ്രസർക്കാർ അനുമോദിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ അതിന് തയാറായില്ല. പാരാഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ പങ്കിട്ട പ്രജ്യൂര പ്രധാന് ഒഡിഷ സർക്കാർ ജോലി നൽകിയിരുന്നു. സ്പോർട്സ് ക്വോട്ടയിൽ ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട്. അനുകൂല മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷ.
കഴിവുകൾ തിരിച്ചറിയണം
ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാഴ്ചയില്ലായ്മയാണ്. ആ പരിമിതിയെ മറികടക്കാനാണ് ശ്രമം. എല്ലാവർക്കും ഓരോ കഴിവുണ്ടാകും. അവയെ മെച്ചപ്പെടുത്താൻ സാധ്യതകളും ലഭിക്കും. അത് തിരിച്ചറിയുന്നതിലാണ് വിജയം. പ്രതിസന്ധികളെ അംഗീകരിക്കുകയും മുന്നോട്ടുപോകുകയും വേണം. ഇഷ്ടപ്പെട്ടത് ചെയ്യുന്നതാണ് ജീവിതത്തിന്റെ സന്തോഷം. കഴിവിനെ കണ്ടെത്തി അതുമായി മുന്നേറാനുള്ള ധൈര്യം കാണിക്കണം. കഴിവുണ്ടായിട്ടും പിന്തുണ ലഭിക്കാത്തതിനാൽ തിരിച്ചറിയപ്പെടാതെപോയ നിരവധി പ്രതിഭകളെ അറിയാം. ഇത്തരത്തിൽ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നാണ് ആഗ്രഹം.
മുഹമ്മദ് സാലിഹ് കുടുംബത്തോടൊപ്പം
ഇനിയും മുന്നോട്ട്...
വീട്ടിൽ ഉപ്പക്കും വല്യുപ്പക്കും കാഴ്ചശക്തിയില്ലായിരുന്നു. സഹോദരിമാരും കാഴ്ച പരിമിതിയുള്ളവരായിരുന്നു. ഭാര്യ സംശാദയും മക്കളായ ഹന്നയും ഫൈഹയും ഹാദിയും അടങ്ങുന്നതാണ് കുടുംബം. രണ്ടാമത്തെ മകൾക്കും കാഴ്ച പരിമിതിയുണ്ട്. ഇനിയും ഒരുപാട് മത്സരങ്ങളിൽ പങ്കെടുക്കണമെന്നും ജീവിതത്തിൽ വിജയം നേടണമെന്നുമാണ് ആഗ്രഹം. 2023ൽ ചൈനയിൽ നടക്കുന്ന പാരാഏഷ്യൻ ഗെയിംസിലും ഏഷ്യകപ്പിലും വേൾഡ് കപ്പ് ഒളിമ്പ്യാഡിലും മെഡൽ നേടുക എന്നതാണ് ലക്ഷ്യം. അതിന്റെ പരിശീലനങ്ങൾ പുരോഗമിക്കുകയാണ്. പരിശീലനത്തിനായി ഇപ്പോൾ 10 മണിക്കൂറെങ്കിലും നീക്കിവെക്കും. ഒരുദിവസം പരിശീലനത്തിനായി 1500 രൂപയെങ്കിലും ചെലവുവരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പല മത്സരങ്ങൾക്കും പോകാൻ കഴിയാറില്ല.
ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന തുക മാത്രമാണ് ഏക വരുമാനം. യാത്രച്ചെലവിനും രജിസ്ട്രേഷൻ ഫീസിനുമെല്ലാം പലപ്പോഴും നല്ലൊരു തുക വേണ്ടിവരും. എങ്കിലും കടം വാങ്ങിയും വായ്പയെടുത്തും ടൂർണമെന്റുകൾക്ക് പോകും. പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ മാത്രമാണ് ഇപ്പോൾ പങ്കെടുക്കുന്നത്. നല്ല മത്സരാർഥികളോട് മത്സരിച്ചാൽ മാത്രമെ പരിശീലനവും മികവും മെച്ചപ്പെടുത്താനാകൂ. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിദഗ്ധ പരിശീലനം ലഭിച്ച മത്സരാർഥികളെ നേരിടേണ്ടിവരും. സ്വകാര്യ പരിശീലനകേന്ദ്രങ്ങൾ ഉണ്ടെങ്കിലും അതിനും നല്ല തുക വേണ്ടിവരും.