ദേശീയ സ്വാതന്ത്ര്യത്തിന് 78 വയസ്സ്; ഓർമയുണ്ടോ ആത്മാഭിമാനത്തിന്റെ പതാകവാഹകരെ?
text_fieldsടി.സി.വി. കുഞ്ഞിക്കണ്ണ പൊതുവാൾ, എ.കെ. കുഞ്ഞിരാമ പൊതുവാൾ, സി.വി. കുഞ്ഞമ്പു സറാപ്പ്
പയ്യന്നൂർ: 1942 ഒക്ടോബർ രണ്ടിന്റെ പ്രഭാതം പൊട്ടിവിടർന്നത് ഭരണകൂട ഭീകരതക്ക് പേരുകേട്ട പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിലെ കൊടിമരത്തിൽ ബ്രിട്ടീഷ് പതാകയായ യൂനിയൻ ജാക്കിന് പകരം ഇന്ത്യൻ വർണ പതാക പാറിക്കളിക്കുന്നത് കണ്ടുകൊണ്ടായിരുന്നു.
പുലർകാല യാമത്തിലെപ്പോഴോ കാവൽ നിൽക്കുന്ന എം.എസ്.പിക്കാരുടെ കണ്ണിമയൊന്ന് ചിമ്മിയപ്പോൾ നിമിഷ നേരംകൊണ്ട് കൊടിമരത്തിൽ കയറി യൂനിയൻ ജാക്ക് അഴിച്ചുമാറ്റി ത്രിവർണ പതാക ഉയർത്തിയത് സ്വാതന്ത്ര്യവാഞ്ഛ നെഞ്ചിലേറ്റിയ മൂന്ന് ചെറുപ്പക്കാരായിരുന്നു. എന്നാൽ, ഈ ധീരർ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അധികം ഇടംനേടിയില്ല എന്നതും മറ്റൊരു ചരിത്രം.
ടി.സി.വി. കുഞ്ഞിക്കണ്ണ പൊതുവാൾ, എ.കെ. കുഞ്ഞിരാമ പൊതുവാൾ, സി.വി. കുഞ്ഞമ്പു സറാപ്പ് എന്നീ സ്വാതന്ത്ര്യസമര സേനാനികളായിരുന്നു പുതിയ സമരചരിത്രത്തിന് കൊടിനാട്ടിയത്. ഇതുപോലെ നിരവധി സ്വാതന്ത്ര്യസമര ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഇന്ന് പുരാവസ്തു വകുപ്പിനു കീഴിലുള്ള ഗാന്ധി സ്മൃതി മ്യൂസിയമാണ്.
ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ത്യാഗോജ്ജ്വല സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് പയ്യന്നൂരിലേത്. ഇതിന്റെ ഭാഗമായിരുന്നു യൂനിയൻ ജാക്കിന്റെ അധിനിവേശം തടഞ്ഞ സമരം. പാറാവുകാരന്റെ കണ്ണുവെട്ടിച്ച് വേണം തീരുമാനം നടപ്പാക്കാൻ. ഇതിന് മൂവരും മുന്നോട്ടുവരുകയായിരുന്നു.
പട്രോളിങ്ങിന് പോയ പൊലീസുകാർ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കുഞ്ഞിരാമ പൊതുവാൾ പുറത്തുനിന്നു. രാത്രിയുടെ നിശ്ശബ്ദതയിൽ ഉറക്കം തൂങ്ങിയ പൊലീസുകാരന്റെ തല തോക്കിനു മുകളിലേക്ക് ചരിഞ്ഞപ്പോൾ പതാകയുമായി കുഞ്ഞിക്കണ്ണ പൊതുവാളും കുഞ്ഞമ്പു സറാപ്പും ശ്വാസമടക്കിപ്പിടിച്ച് കൊടിമര ചുവട്ടിലെത്തി.
കുഞ്ഞമ്പു സറാപ്പ് കൊടിമരത്തിനു മുന്നിൽ കുനിഞ്ഞുനിന്നു. കുഞ്ഞിക്കണ്ണ പൊതുവാൾ അദ്ദേഹത്തിന്റെ ചുമലിൽ ചവിട്ടിനിന്ന് മുകളിലേക്ക് വലിഞ്ഞുകയറി. നിമിഷങ്ങൾക്കകം ബ്രിട്ടീഷ് പതാക നിലംപതിച്ചു കൊടിമരത്തിൽ ത്രിവർണ പതാക ഉയർന്നു പാറിക്കളിച്ചു. ഇതോടെ മൂവരും ഓടിരക്ഷപ്പെട്ടു.
പിറ്റേന്ന് രാവിലെ ഒമ്പതു മണി വരെ പൊലീസ് സ്റ്റേഷനിലെ കൊടിമരത്തിൽ പതാക പാറിപ്പറന്നു. ജീവിച്ചിരിക്കുമ്പോൾ ഈ പോരാളികൾക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. മരണശേഷവും ഇവർ ചരിത്രത്തിന്റെ മുഖ്യധാരയിൽനിന്ന് ഏറെ അകലെയാണ്.