പരിഗണിക്കാതെ പോയെങ്കിലും പരാതികളില്ലാതെ ജീവിച്ച പൗലോസേട്ടൻ
text_fieldsപി.ജെ. പൗലോസ്
മണ്ണാർക്കാട്: പാർലമെന്ററി രാഷ്ട്രീയത്തിൽ അവഗണിക്കപ്പെട്ടെങ്കിലും പരാതികളില്ലാതെ എന്നും കോൺഗ്രസുകാരനായി ജീവിച്ചുമരിച്ച വ്യക്തിത്വമാണ് പി.ജെ. പൗലോസ് എന്ന പാലക്കാട്ടുകാരുടെ പി.ജെയുടേത്. കോൺഗ്രസ് ഗ്രൂപ്പിസത്തിൽ എന്നും എ ഗ്രൂപ്പിന്റെ ജില്ലയിലെയും സംസ്ഥാനത്തെയും പ്രധാന മുഖമായിരുന്നു പി.ജെ. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പി.ജെ. പൗലോസിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഉമ്മൻ ചാണ്ടി.
പരന്ന വായന ശീലമുള്ള പൗലോസ് മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിൽ കോൺഗ്രസിന്റെ വേരോട്ടത്തിന് അഹോരാത്രം പണിയെടുത്ത നേതാവായിരുന്നെങ്കിലും സംഘടന സംവിധാനത്തിലും പാർലമെന്ററി രംഗത്തും വേണ്ടത്ര പരിഗണന ലഭിക്കാത്ത അപൂർവം കോൺഗ്രസ് സംസ്ഥാന നേതാവാണ് പൗലോസ്. ആദർശ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ വക്താവും മുഖവുമായിരുന്ന പി. ബാലന്റെ അരുമ ശിഷ്യനും സന്തത സഹചാരിയുമായിരുന്നു. മണ്ണാർക്കാട് കോൺഗ്രസിന്റെ അവസാന വാക്കായിരുന്നു ഒരു കാലത്ത് പി.ജെ. പൗലോസ്.
അര നൂറ്റാണ്ട് മുമ്പാണ് സാധാരണ കോൺഗ്രസ് പ്രവർത്തകനായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. കാൽനടയായി പൊതുവപാടത്ത് നിന്നും മണ്ണാർക്കാട്ടെത്തിയായിരുന്നു ആദ്യകാല രാഷ്ട്രീയ ജീവിതം. യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡന്റ്, പാലക്കാട് ജില്ല പ്രസിഡന്റ്, ജില്ല കോൺഗ്രസ്സ് ജനറൽ സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ്, കെ.പി.സി.സി സെക്രട്ടറി, ജില്ല ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പൗലോസ് പാർലമെന്ററി രംഗത്ത് ഒരു തവണ പാലക്കാട് ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ തച്ചമ്പാറ ഡിവിഷനിൽനിന്നും വിജയിച്ച് പ്രതിപക്ഷ നേതാവായതൊഴികെ പരിഗണിക്കപ്പെട്ടിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ പലപ്പോഴും പി.ജെയുടെ പേര് അവസാന നിമിഷം വരെ പരിഗണിക്കപ്പെടാറുണ്ടായിരുന്നു.
തനിക്കൊപ്പവും പിന്നീടും വന്ന പലരും പല രീതിയിൽ മുന്നോട്ട് പോയപ്പോഴും പാർട്ടിയോട് കലഹിക്കാതെ മുന്നോട്ട് പോയിരുന്നു പി.ജെ. മണ്ണാർക്കാട്ടുകാരുടെ പൗലോസേട്ടൻ ഏത് സമയവും സാധാരണക്കാർക്ക് പ്രാപ്യനായ നേതാവായിരുന്നു, അസുഖ ബാധിതനാവുന്നത് വരെ. ഓരോരുത്തരെയും ഏത് ആൾക്കൂട്ടത്തിലും പേരെടുത്ത് വിളിച്ച് കുശലാന്വേഷണം നടത്തിയിരുന്ന, അസുഖബാധിതനായി കിടക്കുമ്പോഴും ഇടവേളകളിൽ പരിചയക്കാരെ മുഴുവൻ ഫോണിലൂടെ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചിരുന്ന പൗലോസേട്ടൻ ഇനി ഓർമകളിൽ മാത്രം. പൗലോസേട്ടനോടുള്ള ആദരവിന്റെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് നാലിന് നഗരത്തിൽ മൗന ജാഥയും അനുശോചന യോഗവും നടക്കും.


