കുത്തുകൾകൊണ്ടൊരു ചിത്ര ലോകം
text_fieldsബക്കറിന്‍റെ രചന
12ാം വയസിൽ തുടങ്ങിയതാണ് ‘ഡോട്ടു’കളോടുള്ള പ്രണയം. എല്ലാവരും സാധാരണ ചിത്രങ്ങൾ വരക്കുമ്പോൾ വ്യത്യസ്തമാകണമെന്ന ആഗ്രഹമാണ് ബക്കർക്കയെ കുത്തുകളുടെ ലോകത്തെത്തിച്ചത്. ഇന്‍റർനെറ്റ് പോലുമില്ലാതിരുന്ന കാലത്ത് വരക്കാൻ പഠിപ്പിച്ചതും പ്രചോദനം നൽകിയതും പിതാവാണ്...
‘ക്ഷമ’ എന്നാൽ എന്താണെന്നറിയണമെങ്കിൽ തൃശൂർ കുറുക്കഞ്ചേരി സ്വദേശി ബക്കർക്കയോട് ചോദിച്ചാൽ മതി. ഓരോ ദിവസവും ബക്കർക്കയുടെ പേനത്തുമ്പിൽനിന്ന് വെള്ളപ്പേപ്പറിലേക്ക് ഒഴുകിപ്പരക്കുന്നത് ആയിരക്കണക്കിന് ‘ഡോട്ടു’കളാണ്. ഈ കുത്തുകൾ ദിവസങ്ങൾ പിന്നിടുമ്പോൾ ലക്ഷങ്ങളായി മാറുന്നു. കുത്തുകൾകൊണ്ട് അത്ഭുതം സൃഷ്ടിക്കുകയാണ് ദുബൈയിൽ താമസിക്കുന്ന അബൂബക്കർ എന്ന ബക്കർ.
യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ചിത്രം വരച്ച് തീർന്നപ്പോൾ എ വൺ പേപ്പറിൽ വീണ കുത്തുകളുടെ എണ്ണം എത്രയാണെന്നറിയുമോ ?. ഏകദേശം 50 ലക്ഷം കുത്തുകൾ. ജീവിതത്തിലുട നീളം നമ്മൾ ഇട്ട ഫുൾസ്റ്റോപ്പിന്റെ എത്രയോ ഇരട്ടിയാണ് ഈ ഒറ്റപ്പേപ്പറിൽ ബക്കർക്ക ഇട്ടത്. മൂന്ന് അടി ഉയരവും അഞ്ച് അടി വീതിയുമുള്ള ഈ ചിത്രം വരച്ചുതീർക്കാൻ മൂന്ന് വർഷത്താളമെടുത്തു.
12ാം വയസിൽ തുടങ്ങിയതാണ് ‘ഡോട്ടു’കളോടുള്ള പ്രണയം. എല്ലാവരും സാധാരണ ചിത്രങ്ങൾ വരക്കുമ്പോൾ വ്യത്യസ്തമാകണമെന്ന ആഗ്രഹമാണ് ബക്കർക്കയെ കുത്തുകളുടെ ലോകത്തെത്തിച്ചത്. ഇന്‍റർനെറ്റ് പോലുമില്ലാതിരുന്ന കാലത്ത് വരക്കാൻ പഠിപ്പിച്ചതും പ്രചോദനം നൽകിയതും പിതാവാണ്.
അന്നിറങ്ങിയ പത്രങ്ങളിൽ അച്ചടിച്ചുവന്നിരുന്ന ചിത്രങ്ങൾ നിലവാരം കുറഞ്ഞവയായിരുന്നു. പലതും കുത്തുകൾ ചേർത്ത് കൂട്ടിവെച്ചത് പോലെ തോന്നും. ഇത് കണ്ടിട്ടാണ് കുത്തുകൾ ഇട്ട് ചിത്രം വരക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. കളർ ചിത്രങ്ങൾ പെയിന്‍റ് ചെയ്തെടുക്കുന്നതിനോട് അന്നും ഇന്നും താൽപര്യമില്ല. ഏതോ പത്രത്തിൽ വന്ന പരസ്യത്തിന്‍റെ ചിത്രമാണ് ആദ്യം വരച്ചത്. ആ വരയുടെ ഫോട്ടോ ഇപ്പോഴും കൈയിലുണ്ട്.
പ്രവാസലോകത്തെത്തിയപ്പോഴും ബക്കർക്ക വരയെ ചേർത്തുപിടിച്ചു. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെയും ഭരണാധികാരികളുടെ ചിത്രം വരച്ച് അവർക്ക് നേരിൽ സമർപ്പിക്കണമെന്നാണ് ആഗ്രഹം. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ ചിത്രം അദ്ദേഹത്തിന് നേരിൽ സമർപ്പിച്ചിരുന്നു.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറഖിന്‍റെ ചിത്രവും മറ്റൊരാൾ വഴി സമ്മാനിക്കാൻ കഴിഞ്ഞു. അന്ന് തന്നെ അബൂദബി കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി അമൂല്യമായ പാരിതോഷികവും സമ്മാനിച്ചു. ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ചിത്രം എട്ട് മാസം കൊണ്ട് 16 ലക്ഷം കുത്തുകളിട്ടാണ് വരച്ചത്.
അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയുടെ ചിത്രരചനയിലാണ് ബക്കർ ഇപ്പോൾ. ശൈഖ് ഹുമൈദിന്‍റെയും മക്കളുടെയും ചിത്രം ഒറ്റ ഫ്രെയിമിൽ വരച്ച് തീർത്തിരുന്നു. തെയ്യത്തിന്‍റെ ചിത്രവും ബക്കറിന്‍റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി അടക്കമുള്ളവർക്ക് അവരുടെ ചിത്രം വരച്ച് നേരിൽ സമ്മാനിച്ചിട്ടുണ്ട്.
അഞ്ച് കൈവിരലുകളുള്ള നമുക്ക് പറ്റാത്ത കാര്യമാണ് നാല് വിരലുകളുമായി ബക്കർ വരച്ചെടുക്കുന്നത്. ഒന്നര പതിറ്റാണ്ടുമുൻപ് അബൂദബിയിലുണ്ടായ അപകടത്തിൽ ബക്കറിന്‍റെ നടുവിരൽ നഷ്ടമായിരുന്നു. പക്ഷെ, പേന പിടിക്കാൻ തള്ളവിരലും ചൂണ്ടുവിരലും ബക്കറിന് ധാരാളമാണ്. ഇപ്പോഴും പൂർണമായും ശരിയായിട്ടില്ലാത്ത വലംകൈയിലാണ് ബക്കറിന്‍റെ ചിത്രങ്ങൾ പിറവിയെടുക്കുന്നത്. സാധാരണ എ 3 സൈസിൽ ചിത്രങ്ങൾ വരച്ചുതീരണമെങ്കിൽ ഏഴ് ദിവസമെങ്കിലുമെടുക്കും. മൂഡ് അനുസരിച്ച് ദിവസവും 3-4 മണിക്കൂർ ഇരുന്നാണ് വര.
ഹൗസ് ഡ്രൈവറായ ബക്കർ വീണുകിട്ടുന്ന ഇടവേളകളിലാണ് വരച്ചുകൂട്ടുന്നത്. ഓരോ ചിത്രത്തിലെയും കുത്തുകളുടെ എണ്ണം വ്യത്യസ്തമായിരിക്കും. ഡാർക്ക് ഷെയ്ഡ് വരുമ്പോൾ കൂടുതൽ കുത്തുകൾ വേണ്ടി വരും. ലൈറ്റ് ഷെയ്ഡിന് കുറച്ച് കുത്തുകൾ മതിയാവും. ചിത്രങ്ങളിലെ കുത്തുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ല. അതിനാൽ,സ്ക്വയർ ഇഞ്ചിന് 2000-2500 ഡോട്ടുകൾ എന്ന കണക്കിലാണ് കുത്തുകൾ കണക്കാക്കുന്നത്. അത്യാവശ്യക്കാർക്ക് ഓർഡർ സ്വീകരിച്ച് വരച്ച് കൊടുക്കുന്നുമുണ്ട് ബക്കർ. ഭാര്യ ആരിഫ. നൗഫൽ, ബിനാഫ് എന്നിവർ മക്കളാണ്.