‘ഡെസിബെൽസ് ഓഫ് ദി ഇൻവിസിബിൾ’ പ്രദർശനം തുടങ്ങി
text_fieldsകോഴിക്കോട്: പുരാതന ബുക്ക് പെയിന്റിങ്ങുകളെ സമകാലികമായി പുനർവ്യാഖ്യാനിക്കുന്ന അനസ് അബൂബക്കറിന്റെ ‘ഡെസിബെൽസ് ഓഫ് ദി ഇൻവിസിബിൾ’ കലാപ്രദർശനം ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി.
വസ്ലി കടലാസുകളിലെ ചെറിയ ഫ്രെയിമുകളിൽ സൂക്ഷ്മ നിരീക്ഷണം ആവശ്യപ്പെടുന്ന ദൈനംദിന രാഷ്ട്രീയ-ആത്മീയ അന്വേഷണങ്ങളാണ് നിറയുന്നത്. അവഗണിക്കപ്പെട്ടതും ചെറുതെന്ന് അവമതിക്കപ്പെട്ടതുമായ ശബ്ദങ്ങളുടെ മൂർച്ചയേറിയ ചെറുത്തുനിൽപിനെ പ്രതിനിധാനം ചെയ്യുന്നതാണ് അനസിന്റെ വരകൾ.
ചെറുവറ്റ സ്വദേശിയായ അനസ് തൃശൂർ ഗവ. ഫൈൻആർട്സ് കോളജിൽനിന്നാണ് ചിത്രകലയിൽ ബിരുദമെടുത്തത്. നിലവിൽ ജാമിഅ മില്ലിയ്യ ഫൈൻആർട്സിൽ ബിരുദാനന്തര ബിരുദം ചെയ്യുകയാണ്. ദർവേഷ് കാന്തി ക്യൂറേഷൻ ചെയ്ത പ്രദർശനം ഈ മാസം 31 വരെയുണ്ടാകും. രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെയാണ് സന്ദർശന സമയം.