കണ്ണൂരുകാരൻ ഡോ. ഷക്കീൽ പി. അഹമ്മദ് നാളെ മേഘാലയ ചീഫ് സെക്രട്ടറിയാവും; സ്നേഹാദരവുമായി കേരളം
text_fieldsഡോ. ഷക്കീൽ പി. അഹമ്മദ്
കൊച്ചി: ‘‘ഐ.എ.എസും ഐ.പി.എസുമെല്ലാം കഠിനപരിശ്രമവും സമർപ്പണവും പ്രാർഥനയുമുണ്ടെങ്കിൽ എത്താവുന്ന സ്ഥാനമാണ്. അധികാര സ്ഥാനമാണെങ്കിലും ഏറെ ലാളിത്യത്തോടെയാണ് നാം ആ പദവിയിലിരിക്കേണ്ടത്’’ -പറയുന്നത് ചൊവ്വാഴ്ച വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയുടെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്ന കണ്ണൂർ സ്വദേശി ഡോ. ഷക്കീൽ പി. അഹമ്മദ്.
ഉന്നതപദവിയിലിരിക്കുന്നവരുടേതായ ഗൗരവഭാവമോ പ്രകൃതമോ ഒന്നുമില്ലാതെ മലബാർശൈലിയിൽ ഒഴുക്കോടെ സംസാരിക്കുന്നയാൾ. സംസാരത്തിലേറെയും നർമം ചാലിച്ച് കേട്ടിരിക്കുന്നവരെ കുടുകുടെ ചിരിപ്പിക്കുന്ന അദ്ദേഹം, പി.എം. ഫൗണ്ടേഷന്റെ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതായിരുന്നു.
വർഷങ്ങൾക്കുമുമ്പ് ഫൗണ്ടേഷന്റെ സ്കോളർഷിപ്പ് നേടിയ അദ്ദേഹം, തന്റെ നന്ദിയും കടപ്പാടും പ്രകടിപ്പിക്കാൻ മേഘാലയയിൽനിന്ന് നാലുവിമാനങ്ങളിൽ മാറിമാറി യാത്രചെയ്താണ് കേരളത്തിലെത്തിയത്. നിറഞ്ഞ കൈയടിയോടെയാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും സദസ്സ് സ്വീകരിച്ചത്. പരിപാടിക്കുശേഷം ഒപ്പം ഫോട്ടോയെടുക്കാനും മാർഗനിർദേശങ്ങൾ തേടാനും വിദ്യാർഥികൾ പൊതിഞ്ഞു.
ഏഴാംക്ലാസ് മുതൽ പിതൃസഹോദരന്റെ കൂടെ ചില്ലറ ജോലിക്കുപോയാണ് ഷക്കീൽ പഠിക്കാനുള്ള ചെലവ് കണ്ടെത്തിയിരുന്നത്. പഠനത്തിൽ മിടുക്കനായ അദ്ദേഹം, ബി.എച്ച്.എം.എസ് ബിരുദം നേടി പ്രാക്ടിസ് ചെയ്തുകൊണ്ടിരിക്കെ സിവിൽ സർവിസ് മോഹം ഉള്ളിൽ കയറി. ഇതിനായി സാമ്പത്തികബാധ്യത വരുത്താത്ത ഇടങ്ങളിലെല്ലാം പോയി പരിശീലനം നേടി. കേരളത്തിലെ മുൻ ചീഫ് സെക്രട്ടറിമാരും ദമ്പതികളുമായ ഡോ. വേണുവും ശാരദ മുരളീധരനുമാണ് തനിക്ക് ഇക്കാര്യത്തിൽ ഏറ്റവും വലിയ പിന്തുണ നൽകിയതെന്ന് ഷക്കീൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
മുൻ അധ്യാപകരായ വിപിൻ ചന്ദ്രൻ (മണി), കുഞ്ഞിരാമൻ, പ്രഫ. മെക്കാഡൻ, എടപ്പഗത്ത് സിദ്ദീഖ്, സുഹൃത്ത് വി. പ്രഭാകരൻ തുടങ്ങിയവരുടെ പിന്തുണയും ഏറെ വലുതായിരുന്നു. ആദ്യരണ്ടു ശ്രമങ്ങളിൽ വിജയം തുണച്ചില്ല. 1995ൽ ഐ.എ.എസ് എന്ന സ്വപ്നം കൈപ്പിടിയിലൊതുക്കി. അസമിലെ ദിബ്രുഗഡിൽ അസി. കലക്ടറായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് മോസ്കോയിൽ ഇന്ത്യൻ എംബസി ഡയറക്ടർ, പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരുടെ ഓഫിസ് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. പിന്നീട് മേഘാലയ അഡീഷണൽ ചീഫ് സെക്രട്ടറിയായി.
ഇതിനിടെയാണ് ചീഫ് സെക്രട്ടറിയായി നിയമനം ലഭിക്കുന്നത്. അവിടെ സംസ്ഥാന വിജിലൻസ് കമീഷണറുടെ ഉൾപ്പെടെ ചുമതല വഹിക്കും. ഫൗണ്ടേഷൻ അവാർഡ്ദാന ചടങ്ങിനു പിന്നാലെ തിരികെ മേഘാലയയിലേക്ക് മടങ്ങി. കണ്ണൂർ മരക്കാർകണ്ടിയിൽ തോട്ടത്തിൽ മുസ്തഫയുടെയും കണ്ണൂർ സിറ്റി പുൽസാറകത്ത് ആയിഷയുടെയും മകനാണ്. സഫീറയാണ് ഭാര്യ. ആയിഷ ഷക്കീൽ, നേഹ നാസ്നിൻ ഷക്കീൽ എന്നിവരാണ് മക്കൾ.