ഡോ. ഷമീർ ബാബു: സ്കൗട്ടിനെ പ്രണയിച്ച പ്രതിഭ
text_fieldsഓണററി ഡോക്ടറേറ്റുമായി
ഷമീർ ബാബു
കരുവാരകുണ്ട്: ഇത് തരിശിലെ ചെട്ടിയൻതൊടിക സൈതലവിയുടെ മകൻ ഡോ. ഷമീർ ബാബു. ഇന്ത്യൻ സ്കൗട്ടിനെ ലോകത്തോളമെത്തിച്ച യുവ പ്രതിഭ. ഇന്ത്യൻ അംബാസഡർ പാട്രണായുള്ള സൗദി അറേബ്യയിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നാഷണൽ ജനറൽ കൗൺസിലിന്റെ ചീഫ് കമീഷണർ. സ്കൗട്ടിങ് വഴിയുള്ള സാമൂഹിക സേവനത്തിന് യു.എസിലെ ഗ്ലോബൽ ഹ്യൂമൻ പീസ് യൂനിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് ബിരുദ ധാരി.
സ്കൗട്ട് പ്രസ്ഥാനത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ ഷമീർ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോഴാണ് ഇതിൽ അംഗമാകുന്നത്. രാജ്യ പുരസ്കാർ, രാഷ്ട്രപതി അവാർഡ്, ബാഡ്ജ്, കോളജ് പഠനകാലത്ത് വണ്ടൂർ റോവറിൽ നിന്ന് നിപുൺ അവാർഡ് എന്നിവ കരസ്ഥമാക്കി.
ജോലി തേടി സൗദി അറേബ്യയിലെത്തിയപ്പോഴും സ്കൗട്ടിനോടുള്ള പ്രണയം വിട്ടില്ല. തിരക്കുപിടിച്ച ജോലിക്കിടയിലും ഇന്ത്യൻ സ്കൂളുകളിൽ സ്കൗട്ട് പ്രസ്ഥാനം സജീവമാക്കാൻ സമയം കണ്ടെത്തിയ ഷമീറിനെ തേടി 2014 ൽ, സൗദിയിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഓർഗനൈസിങ് കമീഷണർ പദവിയെത്തി.
2017ൽ, പ്രസിഡൻഷ്യൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എക്സലൻസ് അവാർഡിന് മിഡിൽ ഈസ്റ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 32 പേരിൽ ഒരാൾ ഷമീർ ബാബു ആയിരുന്നു. നാലുവർഷം കൂടുമ്പോൾ ഇന്ത്യയിൽ നടക്കാറുള്ള ഇന്റർനാഷണൽ ജാംബൂരികളിൽ പ്രതിനിധിയായി പങ്കെടുക്കാറുള്ള ഇദ്ദേഹം ജപ്പാൻ, അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നടന്ന വേൾഡ് സ്കൗട്ട്സ് ജാംബൂരികളിലും സൗദിയിലെ ഭാരത് സ്കൗട്ട്സ് പ്രതിനിധിയായി സംബന്ധിച്ചു. ഹയസ്റ്റ് അവാർഡ് അച്ചീവേഴ്സ് സ്കൗട്ട്സിലും അറംഗ സൗദി സ്കൗട്ട്സ് കണ്ടീജന്റ് മാനേജ്മെന്റ് ടീമിലും അംഗമാണ് ദമാം സിഡ്കോ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഐ.ടി മാനേജറായ ഷമീർ ബാബു. ഷിഫ്നിയാണ് ഭാര്യ. ലിബ, ലാസിം എന്നിവർ മക്കളാണ്.