മട്ടുപ്പാവിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി; എ പ്ലസുമായി ജോഷി കുര്യാക്കോസ്
text_fieldsജോഷി കുര്യാക്കോസ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിടത്തിൽ
ആലപ്പുഴ: വീടിന്റെ മട്ടുപ്പാവിൽ പരിമിതമായ സ്ഥലം ഉപയോഗപ്പെടുത്തി ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വിപ്ലവം തീർക്കുകയാണ് പ്രവാസിയായ മലയാളി. സൗദി അറേബ്യയിലായിരുന്ന ആലപ്പുഴ ചാത്തനാട് തയ്യിൽ ജോഷി കുര്യാക്കോസാണ് കഴിഞ്ഞ നാല് വർഷമായി ഡ്രാഗൺ കൃഷി ചെയ്ത് നേട്ടം കൊയ്യുന്നത്.
കുട്ടനാട്ടുകാരനായ ജോഷിക്ക് കൃഷിയോട് ഏറെ താൽപര്യം ഉണ്ടെങ്കിലും സ്ഥലപരിമിതി കൃഷി ചെയ്യാൻ തടസ്സമായി. ഉള്ള സ്ഥലം എങ്ങനെ കൃഷിക്ക് ഉപയോഗിക്കാമെന്ന ചിന്തയിൽനിന്നാണ് ഡ്രാഗൺ ഫ്രൂട്ട്സ് എന്ന ആശയത്തിലെത്തിയത്. ഇതിനായി യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ അന്വേഷണം നടത്തി. കോഴിക്കോട്ടുനിന്നാണ് ആദ്യമായി ഡ്രാഗൺ ഫ്രൂട്ട്സിന്റെ തൈകൾ കൊണ്ടുവന്നത്. കഴിഞ്ഞ വർഷം 300 കിലോയോളം വിളവ് കിട്ടി.ഒരു ഫ്രൂട്ടിന് 400 മുതൽ 700 ഗ്രാം വരെ തൂക്കം ഉണ്ട്. 200 രൂപക്കാണ് വിൽപന. ഇത്തവണ 60 ചുവടുകൾ ഉണ്ട്. മിക്കവയും കായിച്ചു.
പഴങ്ങൾ പൂർണ വളർച്ചയിലേക്ക് എത്തിയിട്ടുണ്ട്. ചകിരിച്ചോർ, ചാണകം, മണൽ, വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക് എല്ലുപൊടി തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. മഴക്കാലത്ത് ഫംഗസ് ബാധ ഏൽക്കാതിരിക്കാൻ എപ്സം സാൽട്ട് ചെടിയുടെ ചുവട്ടിൽ ഇടും. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം നനച്ചാൽ മതി. ശരിയായ പരിചരണം കൊടുത്താൽ ഏഴ് മാസത്തിനുള്ളിൽ കായ ലഭിക്കും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കായ്ഫലം കിട്ടുന്ന വേറൊരു കൃഷി വിരളമാണെന്നും ജോഷി പറയുന്നു.
ഡ്രാഗൺ ഫ്രൂട്ടിലെ കേമന്മാരായ മലേഷ്യൻ റെഡ്, റോയൽ റെഡ് എന്നിവയാണ് കൃഷിയിടത്തിലുള്ളത്. ആന്റി ഓക്സിഡന്റിന്റെ കലവറകൂടിയാണ് ഈ പഴം. അതുകൊണ്ടുതന്നെ വിപണിയിൽ വൻ ഡിമാൻഡുമുണ്ട്. ആരോഗ്യ വകുപ്പിൽ നഴ്സായ ഭാര്യ ബ്രിജിത്തും മക്കളായ ജീവൻ, ജെറിൻ എന്നിവരുടെയും പിന്തുണയും പ്രോത്സാഹനവും കൃഷിക്ക് കൂട്ടായുണ്ട്.