ചമയങ്ങളില്ലാതെ അണിയറക്കായ് നൂലിഴതുന്നി നാടകക്കാരുടെ പ്രേമേട്ടൻ
text_fieldsടി.എസ്. പ്രേമന്‍
തൃശൂർ: ഓരോ അരങ്ങിലും മിന്നിമായുന്ന കാഴ്ചകൾക്ക് പിന്നിൽ സൂക്ഷ്മ സൂചിയുമായി രണ്ടു കണ്ണുകളുണ്ട്. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അരങ്ങിലെ വെളിച്ചം തെളിയുമ്പോള്‍ പ്രേക്ഷകന്‍ കാണുന്നത് മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളും അഴകുള്ള ചമയങ്ങളുമാണ്. എന്നാല്‍, ആ തിളക്കത്തിന് പിന്നില്‍ സൂചിയും നൂലും കൊണ്ട് സ്വപ്നങ്ങള്‍ തുന്നിയെടുക്കുന്ന ഒരാളുണ്ട്. അതാണ് ടി.എസ്. പ്രേമന്‍ എന്ന ഇറ്റ്‌ഫോക്കിന്റെ സ്വന്തം പ്രേമേട്ടന്‍.
ഇറ്റ്‌ഫോക്കിന്റെ ആരംഭം മുതല്‍ സുജാതന്‍ മാഷിന് കീഴില്‍ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ പിന്നണിയില്‍ പ്രേമനും സജീവമാണ്. നാടകത്തിനായി വസത്രങ്ങള്‍ തുന്നുമ്പോള്‍ ഒരിക്കലും അത് ഒരു ജോലിയായിട്ടല്ല ഒരു കലയായാണ് അനുഭവവേദ്യമാകുന്നതെന്ന് പ്രേമന്‍ പറയുന്നു. താന്‍ തുന്നുന്ന ഓരോ വസ്ത്രവും ഒരു വലിയ കലയുടെ ഭാഗമാണെന്ന തിരിച്ചറിവാണ് പ്രേമനെ ഈ തപസ്യയില്‍ തളരാതെ മുന്നോട്ട് നയിക്കുന്നത്. ഓരോ വേഷവും ഒരു കഥാപാത്രത്തിന്റെ ആത്മാവാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ലാഭമോ പണമോ മോഹിക്കാതെ കലയോടുള്ള പൂര്‍ണ സമര്‍പ്പണമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. ഓരോ പുതിയ നാടകവും അദ്ദേഹത്തിന് പുതിയ അനുഭവങ്ങളാണ് നല്‍കുന്നത്. നാടകത്തില്‍ തിരശ്ശീലകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. സംവിധായകന്റെ തീരുമാനത്തിനനുസരിച്ച് നിറത്തിലും രൂപത്തിലും മാറ്റം വരുത്തിക്കൊണ്ട് ഒരു നാടകത്തിന് വേണ്ടി ഒട്ടേറെ തിരശ്ശീലകള്‍ ഒരുക്കേണ്ടി വരും.
പഴയ കാലത്തെ ബാലേ നാടകങ്ങളില്‍ നിന്ന് മാറി, ആധുനിക ലൈറ്റിങ് സംവിധാനങ്ങള്‍ വന്നതോടെ തിരശ്ശീലകളുടെ ക്രമീകരണത്തില്‍ വലിയ മാറ്റങ്ങള്‍ വന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. നാടകത്തിന്റെ ദൃശ്യഭാഷ കാണികള്‍ക്ക് മനസ്സിലാകണമെങ്കില്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനമാണ്. തെറ്റും പിഴവുകളും സംഭവിക്കാതെ വേദിയെ ഒരുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം.
അണിയറ പ്രവര്‍ത്തങ്ങളിലെ തിരശ്ശീലകള്‍ക്കും വസ്ത്രാലങ്കാരത്തിനുമുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ്, അണിയറയിലെ തിരക്കുകളില്‍ തന്റേതായ ലോകം തീര്‍ക്കുകയാണ് ഈ കലാകാരന്‍. ഇനിവരും കാലങ്ങളിലെ നാടകോത്സവങ്ങൾക്കും ഇഴകൾ തുന്നാനാകണം എന്ന ആഗ്രഹം മാത്രമാണ് ബാക്കി.


