ജീവന് തുടിക്കും ചിത്രങ്ങള്‍; ഇത് സിബി ജോര്‍ജ് ടച്ച്
text_fieldsസിബി ജോർജ് ചിത്രരചനയിൽ
മുണ്ടക്കയം ഈസ്റ്റ്: മുപ്പത്തിനാലാംമൈല് ഭാഗത്ത് തുണ്ടിയില്‍ സിബി ജോര്‍ജിന്റെ (44) കൈയില്‍ നിറവും ബ്രഷുമെത്തിയാല് അത് ജീവന് നല്കുന്ന ചിത്രമായി മാറും. ചെറുപ്പത്തില്‍ ചിത്രങ്ങളോട് തോന്നിയ കമ്പമാണ് ഈ 44കാരനെ നാടറിയുന്ന ചിത്രകാരനായി മാറ്റിയത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോൾ ക്ലാസ് മുറിയിൽ കോറിയിട്ട ചിത്രം പടം വരക്കാരന് എന്ന അംഗീകാരം സമ്മാനിച്ചു. ക്ലാസുകളുടെ ഉയര്‍ച്ചയോടൊപ്പം സിബി ജോര്‍ജും ചിത്രരചനയില്‍ ഉയരങ്ങളിലേക്ക് വളർന്നു. 1992ല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചിത്രരചനയില്‍ ഒന്നാം സമ്മാനം നേടി.
യാത്രകളില്‍ കാണുന്ന കാഴ്ചകളും വ്യക്തികളുമെല്ലാം സിബിയുടെ കാന്‍വാസിലെ ജീവനുള്ള ചിത്രങ്ങളായി മാറിയിട്ടുണ്ട്. ഇതില്‍ ഇക്കഴിഞ്ഞ പ്രളയത്തില്‍ നാട് വെള്ളത്തിനടിയിലായപ്പോള്‍ വളര്‍ത്തുമൃഗങ്ങളുമായി രക്ഷപ്പെടുന്ന കുടുംബത്തിന്റെ ചിത്രങ്ങള്‍ പത്രങ്ങളില്‍ അച്ചടിച്ചുവന്നത് സിബിയുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇത് പിന്നീട് സിബി വരച്ചതോടെ ശ്രദ്ധേയമായ ചിത്രമായി. കൂടാതെ സമീപ ഗ്രാമത്തില്‍ ഗ്രൗണ്ടില്‍ വട്ടത്തിലിരുന്നു ചീട്ടുകളിക്കുന്ന വയോധികരുടെ ചിത്രം സിബി വരച്ചെടുത്തപ്പോള്‍ കാഴ്ചക്കാര്‍ക്ക് കൗതുകമായി. വിറകു കെട്ടുകളുമായി നടന്നു നീങ്ങുന്ന സ്ത്രീകള്‍, വാഗമണ്ണിലെ കൊടുംവളവിലൂടെ ഇറക്കമിറങ്ങുന്ന കെ.എസ്.ആര്.ടി.സി ബസ് എല്ലാം സിബിയുടെ ചിത്രരചന ആല്‍ബത്തിലെ പ്രധാനപ്പെട്ടവയാണ്.
മുണ്ടക്കയത്തെ ഒരു തേയില ഫാക്ടറി പൊളിച്ചു നീക്കുന്നതിനുമുമ്പ് അവര്‍ സിബിയെ സമീപിച്ച് അതിന്റെ ചിത്രം വരപ്പിക്കുകയായിരന്നു. പിന്നീട് അവര്‍ ഫാക്ടറിയുടെ ഓർമക്കായി സൂക്ഷിക്കുന്നു. കൂടാതെ കൊക്കയാര്‍ -വെംബ്ലി റോഡില്‍ കുറ്റിപ്ലാങ്ങാട് ജങ്ഷനില്‍ സ്വകാര്യ തോട്ടത്തിലെ ചെറിയ കെട്ടിടവും റബര്‍ തോട്ടവും ഗേറ്റും അടങ്ങുന്ന ചിത്രം തോട്ടം സൂപ്പര്‍വൈസര്‍ സിബിയെ കൂട്ടിക്കൊണ്ടുപോയി വരപ്പിച്ചത് തന്റെ ഗൃഹപ്രവേശത്തിനു വീട്ടിലെ സ്വീകരണമുറിയില്‍ സ്ഥാപിച്ചു. ആളുകളുടെ മുഖത്തു നോക്കി നിമിഷങ്ങള്‍ക്കുള്ളില്‍ ഒര്‍ജിനലിനെ വെല്ലുന്ന തരത്തിലുളള ചിത്രങ്ങളാണ് സിബി വരച്ചെടുക്കുന്നത്.
ചിത്രരചന തൊഴിലായി സ്വീകരിച്ച സിബി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിവരുന്നു. കേരളം കൂടാതെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. തുണ്ടിയില്‍ ജോര്‍ജ്- ലീലാമ്മ ദമ്പതികളുടെ ഇളയമകനാണ്. പത്താംതരത്തിനു മുകളിലേക്ക് പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. സിനിമകളിലും സീരിയലുകളിലും ആര്‍ട്ട് അസിസ്റ്റന്റായും സിബി പ്രവര്‍ത്തിക്കുന്നുണ്ട്. തിരക്കിട്ട ജീവിതത്തിനിടയില്‍ വിവാഹംപോലും സജി മറന്നു.