വാഹിദ് കടൽകടത്തിയ മീനുകൾ
text_fieldsവാഹിദ്
പണ്ടുകാലത്തെ ഗൾഫ് പെട്ടികളിൽ അത്തറും ഉടുപ്പുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നിപ്പോൾ അവക്ക് പകരം അമ്മൂറും ഷേരിയും സീബ്രീമുമൊക്കെ ഗൾഫുകാരന്റെ പെട്ടികളിൽ സ്ഥാനം പിടിച്ചു. വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും നാട്ടിലും സുലഭമായതോടെ നാട്ടിൽ കിട്ടാത്ത മീനുകളിലായി പുതുതലമുറയുടെ ഹരം. ഈ ട്രെൻഡിന് തുടക്കമിട്ട ദുബൈയിലെ മത്സ്യക്കച്ചവടക്കാരൻ വാഹിദിന്റെ അതിർത്തികൾ കടന്നുള്ള മത്സ്യ വ്യാപാരത്തിന്റെ കഥ കേൾക്കാം.
ദുബൈ വാട്ടർ ഫ്രണ്ട് മാർക്കറ്റിൽ ഗൾഫ് നാടുകളിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തുന്ന മത്സ്യവൈവിധ്യങ്ങളാണ് ഇപ്പോൾ കടൽ കടന്ന് നാട്ടിലെ തീൻ മേശകളിൽ മണിക്കൂറുകൾക്കകം വിഭവങ്ങളായി സ്ഥാനം പിടിക്കുന്നത്. വാഹിദ് കുടുംബവുമായി ഒരിക്കൽ നാട്ടിൽ പോയപ്പോൾ നാല് പെട്ടികളിലായി 120 കിലോഗ്രാം തൂക്കം വരുന്ന മീനുകളാണ് കൊണ്ടുപോയത്. നാട്ടിലെത്തി പെട്ടി തുറന്നിട്ടും അലിഞ്ഞു തീരാത്ത ഐസിൽ ഫ്രഷായി തന്നെ മീനുകൾ! മീനിന്റെ ഓഹരി വീതിച്ചു കിട്ടിയ കുടുംബങ്ങൾക്കും അയൽക്കാർക്കും ഒക്കെ അതിശയം! ഇതുവരെ കൂട്ടാത്ത മീൻ രുചികൾ നാവിൽ കയറിയപ്പോൾ അതിലേറെ ഇഷ്ടവും. ആ മീൻ പിരിശക്കഥകൾ അയൽക്കാർ ഇപ്പോഴും കാണുമ്പോൾ അയവിറക്കുമെന്ന് വാഹിദ് പറയുന്നു.
തന്റെ കച്ചവടത്തിനെ പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിച്ച കൗശലക്കാരനാണ് വാഹിദ്. മാർക്കറ്റിലെ അതാത് ദിവസങ്ങളിലെ ലഭ്യതയും വില വിവരങ്ങളും തന്റെ കസ്റ്റമേഴ്സിനെ അറിയിക്കാൻ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റേതായ നാടൻ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിച്ച ഈ ബിസിനസുകാരൻ നാട്ടിലേക്ക് മീൻ ഒരു കുഴപ്പവും ഇല്ലാതെ എത്തിക്കുന്നതിനെക്കുറിച്ചും തന്റെ േവ്ലാഗുകളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഇത് കണ്ടും കേട്ടും വാഹിദിന്റെ ഭദ്രമായ മീൻ പെട്ടികളുമായി നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചു വന്നു. ഇതിൽ സാധാരണക്കാരും പ്രമുഖരും ഉൾപ്പെടും. സോഷ്യൽ മീഡിയയിലൂടെ ഇത് വൈറലായതോടെ ലോകമെമ്പാടുമുള്ള മലയാളികൾ വാഹിദിനെ മീ൯ തേടി വിളിക്കാൻ തുടങ്ങി. ഇപ്പോൾ നാട്ടിലേക്ക് മാത്രമല്ല കാനഡ, ആസ്ട്രേലിയ, ഫിൻലാൻഡ്, ചൈന മുതലായ രാജ്യങ്ങളിലേക്കും വാഹിദിന്റെ മീൻ പെട്ടികൾ വിമാനം കയറി പോകാറുണ്ട്. ഇതിനോടകം 2500 ഓളം പെട്ടികൾ കയറ്റി അയച്ചിട്ടുണ്ടെന്ന് വാഹിദ് പറയുന്നു. വീഡിയോ കാണാനിടയായ ഒരു ചൈനീസ് വ്യാപാരി ഈയിടെ 400 കിലോഗ്രാം മീനാണ് ഫ്ലൈറ്റിൽ ചൈനയിലേക്ക് കൊണ്ടുപോയത്.
യു.എ.ഇയിലുള്ളവർ പലകാര്യത്തിലും എന്നപോലെ മീൻ വിഭവങ്ങളുടെ കാര്യത്തിലും ഭാഗ്യവാന്മാരാണെന്ന് വാഹിദ് സാക്ഷ്യപ്പെടുത്തുന്നു. ലോകത്തെ എല്ലാ രാജ്യത്തെ ആളുകളും ഇവിടെയുള്ളതുപോലെ മിക്ക രാജ്യങ്ങളിലെയും മീനുകളും ദുബൈ മാർക്കറ്റിൽ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മീനുകളുടെ വ്യത്യസ്തതയിലും ലഭ്യതയിലും എല്ലാതരം കസ്റ്റമേഴ്സും സന്തുഷ്ടരാണ്. ഒമാൻ ഗൾഫിലും അറേബ്യൻ ഗൾഫിലും സുലഭമായ ഹമ്മൂർ, ആയിരംപല്ലി, ഫുജൈറ ആവോലി, വറ്റ തുടങ്ങിയ എല്ലാം മലയാളികൾക്കിടയിൽ പ്രിയം നേടിയ മീനുകളാണ്.
പാക്കിങ്ങിന്റെ കാര്യത്തിൽ വാഹിദിനെ പെട്ടികൾക്ക് ഫുൾ ഗ്യാരണ്ടിയാണ്. തെർമോകോൾ ബോക്സിൽ പ്രത്യേക സജ്ജീകരണങ്ങളിൽ ഐസും അപ്പോൾ മുറിച്ചെടുത്ത മീനും നിറച്ച് സീൽ ചെയ്ത് പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞാണ് കസ്റ്റമേഴ്സിന് കൊടുക്കുന്നത്. മീൻ മുഴുവനായി വേണ്ടവർക്ക് അങ്ങനെയും ആവാം. യാത്ര ചെയ്യുന്ന ദിവസം ഏതാനും മണിക്കൂറുകൾക്കു മുമ്പ് വാഹിദിന്റെ വാട്ടർ ഫ്രണ്ടിനുള്ള മാർക്കറ്റിലെ കൗണ്ടറിൽ നിന്നും കൈപ്പറ്റാം. നാട്ടിലെത്തി തുറന്നാലും ഐസ്കട്ടകൾ പൂർണമായും അലിഞ്ഞിട്ടുണ്ടാവില്ല.
മീനുകളുടെ വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഒരു വ്ളോഗർ ആണ് വാഹിദ് ഇപ്പോൾ. അതുകൊണ്ടുതന്നെ മീൻ കച്ചവടം കൂടാതെ പ്രമോഷൻ വീഡിയോകളിലും താരമാണ് വാഹിദ്. Vahid_dubai_007 എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വാഹിദ് വീഡിയോകൾ ചെയ്യുന്നത്. സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം കെ.എം.സി.സി തിരൂരങ്ങാടി കമ്മിറ്റി വൈസ് പ്രസിഡന്റ് പദവി കൂടി വഹിക്കുന്നുണ്ട്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ വാഹിദ്, ഭാര്യ സജ്ന, മക്കളായ മുഹമ്മദ് അഷ്ഫൽ, ഹംദാൻ, ഫാത്തിമ എന്നിവരോടൊപ്പം ദുബൈയിലാണ് താമസം.