ആ കാമറക്കണ്ണുകൾ മിഴിയടച്ചു; എകരൂലിലെ ഫോട്ടോഗ്രാഫർ റഫീഖ് വിടവാങ്ങി
text_fieldsഫോട്ടോഗ്രാഫർ മുഹമ്മദ് റഫീഖ് (ഫയൽ ചിത്രം)
എകരൂൽ: നാട്ടുകാരുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറും എകരൂൽ ജങ്ഷനിലെ 'ഡീന സ്റ്റുഡിയോ' ഉടമയുമായ റഫീഖിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. പതിറ്റാണ്ടുകളായി എകരൂലിന്റെ ഹൃദയഭാഗത്ത് ഡീന സ്റ്റുഡിയോയിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ അദ്ദേഹം, ഉണ്ണികുളം പഞ്ചായത്തിലെ രാഷ്ട്രീയ, സാംസ്കാരിക, വ്യാപാര രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. എകരൂലിലും പരിസര പ്രദേശങ്ങളിലും കാമറയുമായി റഫീഖ് എത്താത്ത ചടങ്ങുകൾ കുറവായിരുന്നു.
വിവിധ രാഷ്ട്രീയ സംഘടനകളുടെ റാലികൾ, സാംസ്കാരിക കൂട്ടായ്മകൾ, പൊതുയോഗങ്ങൾ എന്നിവയെല്ലാം ഒരു ചരിത്രരേഖ പോലെ അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തി. കാമറയും തോളിലിട്ട് നാട്ടിലെ പൊതുവേദികളിൽ ഓടിനടന്നിരുന്ന റഫീഖിന്റെ രൂപം നാട്ടുകാരുടെ മനസ്സിൽ എന്നും മായാതെ നിൽക്കും.
നാട്ടിൽ അപ്രതീക്ഷിതമായ മരണങ്ങളോ മറ്റു പ്രധാന സംഭവങ്ങളോ ഉണ്ടാകുമ്പോൾ ചിത്രങ്ങൾക്കായി മാധ്യമ പ്രവർത്തകർ എന്നും ആദ്യം ആശ്രയിച്ചിരുന്നത് റഫീഖിനെയായിരുന്നു. പത്രപ്രവർത്തകർ ആവശ്യപ്പെടുന്ന ഏത് സമയത്തും, എത്ര പഴയ ചിത്രങ്ങളാണെങ്കിൽ പോലും അവ തപ്പിപ്പിടിച്ച് സ്നേഹത്തോടെ നൽകാൻ അദ്ദേഹം മടി കാണിച്ചിരുന്നില്ല.
കേവലമൊരു ഫോട്ടോഗ്രാഫർ എന്നതിനപ്പുറം സ്നേഹനിർഭരമായ പെരുമാറ്റവും സൗമ്യമായ പുഞ്ചിരിയും കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ബാപ്പു ഹാജി, സംസ്ഥാന സെക്രട്ടറി സലീം രാമനാട്ടുകര, വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനകളും മാധ്യമ പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.


