Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightആനയിറങ്ങുന്ന നാട്ടില്‍...

ആനയിറങ്ങുന്ന നാട്ടില്‍ അയാള്‍ തനിച്ചാണ്...

text_fields
bookmark_border
ആനയിറങ്ങുന്ന നാട്ടില്‍ അയാള്‍ തനിച്ചാണ്...
cancel
camera_alt

ച​ന്തു

ചെറുപുഴ: ഒരുഭാഗത്ത് കര്‍ണാടക വനം, മറുഭാഗത്ത് കാര്യങ്കോട് പുഴ. ഏതാനും ഹെക്ടർ മാത്രമുള്ള ഭൂപ്രദേശം. ഒരുകാലത്ത് 13 കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന രാജഗിരി ഉന്നതി. ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നത് ഒരേയോരാള്‍. ഏതുനിമിഷവും മുറ്റത്ത് വന്നുനിന്ന് ചിന്നംവിളിക്കുന്ന കാട്ടാനയുടെ ശബ്ദവും പ്രതീക്ഷിച്ചുകഴിയുന്നത് കാണിക്കാരന്‍ ചന്തുവെന്ന 70കാരനാണ്. രാജഗിരി ടൗണില്‍നിന്ന് രണ്ടര കിലോമീറ്റര്‍ മണ്ണുപാതയിലൂടെ സഞ്ചരിച്ച് പുഴകടന്നാല്‍ ഉന്നതിയിലെത്താം. അടുത്തകാലം വരെ ഇടക്കോളനി എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. വികസനം പടികടന്നെത്താത്ത പ്രദേശം.

മഴപെയ്ത് പുഴയില്‍ വെള്ളം ഉയര്‍ന്നുതുടങ്ങിയാല്‍ ഇവിടം ഒറ്റപ്പെടും. പുഴ കടന്ന് ഉന്നതിയിലെത്താന്‍ പിന്നെ ആശ്രയം ഒരു മുളപ്പാലമാണ്. ഓരോ കൊല്ലവും ചെറുപുഴ പഞ്ചായത്ത് അനുവദിക്കുന്ന 10,000 രൂപക്ക് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്ന മുളപ്പാലം. ഇവിടെ താമസിച്ചിരുന്നവരെല്ലാം വീടും കൃഷിഭൂമിയും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പോയിക്കഴിഞ്ഞു. ഇവിടെയിപ്പോള്‍ ശ്മശാനമൂകതയാണ്.

ആളുകള്‍ ഉപേക്ഷിച്ചുപോയ വീടുകളെല്ലാം തകര്‍ന്നുതുടങ്ങി. കൃഷിയിടങ്ങള്‍ തരിശായിക്കിടക്കുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കാടായിമാറുന്ന നാടാണ് ഇന്നിവിടം. പോകാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ കാണിക്കാരന്‍ ചന്തുമാത്രം ഇവിടെ ശേഷിക്കുന്നു. കാട്ടാനശല്യമാണ് രാജഗിരി ഉന്നതിയെ ഇങ്ങനെയാക്കിയത്. ആനകള്‍ വനം വിട്ടുപോകാതിരിക്കാന്‍ കര്‍ണാടക വനംവകുപ്പ് അതിര്‍ത്തിയില്‍ കിടങ്ങു കുഴിച്ചിരുന്നു.

ചെറുപുഴ പഞ്ചായത്ത് സോളാര്‍ വേലികളും സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, രണ്ടും ഉന്നതിവാസികള്‍ക്ക് പ്രയോജനപ്പെട്ടില്ല. ആനശല്യം രൂക്ഷമായതോടെ ജീവന്‍ കൈയില്‍ പിടിച്ച് ഓരോ കുടുംബമായി ഉന്നതി ഉപേക്ഷിച്ചുപോയി. അങ്ങനെയാണ് കാണിക്കാരന്‍ ചന്തുമാത്രം ഇവിടെ ശേഷിച്ചത്. കൃഷിയില്ലാതായതോടെ ഉന്നതിയുടെ മിക്കഭാഗങ്ങളും കാടായി മാറിത്തുടങ്ങി. അതോടെ ആനകള്‍ അടുത്ത പ്രദേശങ്ങളിലേക്ക് സഞ്ചാരപാത മാറ്റി.

ഇപ്പോഴാണ് അതിര്‍ത്തികളില്‍ മനുഷ്യവാസം വേണ്ടതിന്റെ ആവശ്യം നാട്ടുകാരും അധികൃതരും മനസ്സിലാക്കിത്തുടങ്ങിയത്. ഉന്നതിയില്‍നിന്ന് പോയവരെ അവരുടെ കൃഷിയിലേക്കെങ്കിലും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ആരും വന്നില്ലെങ്കിലും കഴിയുന്നിടത്തോളം കാലം ഉന്നതിക്ക് കാവലായി താനിവിടെ ഉണ്ടാകുമെന്ന് കാണിക്കാരന്‍ ചന്തു പറയുന്നു.

Show Full Article
TAGS:elephant news Kerala News 
News Summary - elephant
Next Story